SignIn
Kerala Kaumudi Online
Saturday, 05 September 2026 9.26 AM IST

തഴുപ്പ് കായലോരത്തെ കെട്ടിട നിർമ്മാണം വിവാദത്തിൽ

jkhjkh

തുറവൂർ: കുത്തിയതോട് പഞ്ചായത്തിലെ അഞ്ചാം വാർഡിൽ തഴുപ്പ് കായലോരത്ത് പുരോഗമിക്കുന്ന രണ്ടുനില കെട്ടിടത്തിന്റെ നിർമ്മാണം വിവാദത്തിൽ. തീരപരിപാലന നിയമങ്ങളും അനുബന്ധ ചട്ടങ്ങളും ലംഘിച്ചാണ് നിർമ്മാണം നടക്കുന്നതെന്ന നാട്ടുകാരുടെ പരാതി നിലനിൽക്കെ,​ പഞ്ചായത്ത് സെക്രട്ടറിയുടെയും വാർഡ് അംഗത്തിന്റെയും വിശദീകരണങ്ങളിലെ വൈരുദ്ധ്യം വിഷയത്തെ കൂടുതൽ സങ്കീർണമാക്കി.

തഴുപ്പ് വിനോദസഞ്ചാര കേന്ദ്രത്തിന് സമീപം കായലിനോട് ചേർന്നാണ് നിർമ്മാണം പുരോഗമിക്കുന്നത്. മാസങ്ങളായി ജോലികൾ നടന്നുവരുന്ന കെട്ടിടത്തിന് ആവശ്യമായ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. നിർമ്മാണക്കിനെത്തിയ അന്യസംസ്ഥാന തൊഴിലാളികൾക്ക് സ്ഥലത്ത് തന്നെ താമസസൗകര്യവും ഒരുക്കിയതിലും നാട്ടുകാർക്ക് എതിർപ്പുണ്ട്.

ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചും കെട്ടിടം നിർമ്മിക്കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും കുറിച്ചും വ്യക്തമായ വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമല്ലെന്നാണ് പരാതി. കടവന്ത്ര കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒരു റിസോർട്ട് ഗ്രൂപ്പാണ് പദ്ധതിക്ക് പിന്നിലെന്നാണ് പ്രദേശത്ത് പ്രചരിക്കുന്ന വിവരം. എന്നാൽ,​ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ല.

അതേസമയം, നേരത്തെ സ്ഥലത്ത് ഉണ്ടായിരുന്ന ഒരു ഷെഡിന്റെ പുനർനിർമാണത്തിനാണ് അനുമതി നൽകിയതെന്നാണ് പഞ്ചായത്തിന്റെ നിലപാട്. എന്നാൽ,​ നിലവിൽ നടക്കുന്ന നിർമ്മാണം പുനർനിർമാണത്തിന്റെ പരിധി വിട്ട് രണ്ടുനില കെട്ടിടമായി മാറിയിട്ടുണ്ടെന്നും തീരപരിപാലന നിയമങ്ങൾ പാലിച്ചിട്ടില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.

കായലിനോട് ചേർന്നുള്ള നിർമ്മാണത്തിന് തീരപരിപാലന മേഖല സംബന്ധിച്ച അനുമതികൾ ലഭിച്ചിട്ടുണ്ടോയെന്നും പരിസ്ഥിതി മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടോയെന്നും ബന്ധപ്പെട്ട വകുപ്പുകൾ പരിശോധിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. തഴുപ്പ് പോലുള്ള പരിസ്ഥിതി പ്രാധാന്യമുള്ള കായൽപ്രദേശത്ത് നടക്കുന്ന നിർമ്മാണത്തെക്കുറിച്ച് പഞ്ചായത്ത്, തീരപരിപാലന അതോറിട്ടി, റവന്യൂ വകുപ്പ് തുടങ്ങിയഏജൻസികൾ അടിയന്തര പരിശോധന നടത്തി വസ്തുതകൾ പുറത്തുകൊണ്ടുവരണമെന്നും നിയമലംഘനം കണ്ടെത്തിയാൽ ശക്തമായ നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെടുന്നു.

വിശദീകരണങ്ങളിൽ വൈരുദ്ധ്യം

കായലോരത്ത് അനധികൃത നിർമ്മാണം നടക്കുന്നതായി അറിയില്ലെന്നാണ് ഇക്കാര്യത്തിൽ പഞ്ചായത്ത് സെക്രട്ടറിയുടെ പ്രതികരണം. എന്നാൽ,​ വാർഡ് അംഗം പത്മിനി ഇതിനെതിരെ രംഗത്തെത്തി. നിർമ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നേരത്തെ സെക്രട്ടറിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നുവെന്നും ആവശ്യമായ രേഖകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഭരണാനുമതി നൽകിയതിനാലാണ് നിർമ്മാണം നടക്കുന്നതെന്നും അനധികൃതമായി ഒന്നും നടക്കുന്നില്ലെന്നും പഞ്ചായത്ത് അനുമതിയോടെയാണ് പ്രവൃത്തികൾ നടക്കുന്നതെന്നും സെക്രട്ടറി തന്നോട് പറഞ്ഞിരുന്നതായി അവർ അറിയിച്ചു. ഇതോടെയാണ് സെക്രട്ടറിയുടെ വിശദീകരണവും വാർഡ് അംഗത്തിന്റെ വെളിപ്പെടുത്തലും തമ്മിലുള്ള വൈരുദ്ധ്യം മറനീക്കി പുറത്തുവന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL