ആലപ്പുഴ: മൂന്നുമാസം തുടർച്ചയായി റേഷൻ വാങ്ങാത്തതിനെ തുടർന്ന് ജില്ലയിൽ മുൻഗണന ലിസ്റ്റിൽ നിന്ന് പുറത്താക്കുന്ന നടപടി തുടരുന്നു. 7631 കാർഡുടമകളാണ് ഇതുവര ജില്ലയിൽ പുറത്തായത്. ഇവർക്ക് പകരം അർഹരായവരെ ലിസ്റ്റലേക്ക് പരിഗണിക്കുകയും ചെയ്യുന്നുണ്ട്. ലിസ്റ്റിൽ നിന്ന് പുറത്തായവർ, എന്തുകൊണ്ട് റേഷൻ വാങ്ങിയില്ലെന്ന് ബോദ്ധ്യപ്പെടുത്തുന്ന മതിയായ രേഖകൾ ഹാജരാക്കിയാൽ മുൻഗണന വിഭാഗത്തിൽ തുടരാൻ സാധിക്കും. അനർഹമായി മുൻഗണന കാർഡ് കൈവശം വച്ച് റേഷൻ വാങ്ങുന്നവർക്കെതിരെയും നടപടി ശക്തമാക്കിയിട്ടുണ്ട്.
1000 ചതുരശ്ര അടിക്ക് മുകളിൽ വിസ്തീർണമുള്ള വീടുള്ളവർ, സർക്കാർ അർദ്ധസർക്കാർ ജോലിയുള്ളവർ, പെൻഷൻകാർ, 25,000 രൂപക്ക് മുകളിൽ മാസവരുമാനമുള്ളവർ, വിദേശത്ത് ജോലിയുള്ളവർ, ഒരേക്കറിൽ കൂടുതൽ ഭൂമിയുള്ളവർ, ആദായനികുതി അടയ്ക്കുന്നവർ തുടങ്ങിയവരൊന്നും മുൻഗണനാവിഭാഗത്തിൽ ഉൾപ്പെടില്ല. അഞ്ചുവർഷം മുമ്പാണ് സർക്കാർ അനർഹമായി മുൻഗണന കാർഡ് കൈവശം വച്ചവർക്കെതിരെ നടപടി ആരംഭിച്ചത്. 2021 മേയ് മുതലാണ് അനർഹരെ മുൻഗണന ലിസ്റ്റിൽ നിന്ന് പുറത്താക്കാൻ തുടങ്ങിയത്. സിവിൽ സപ്ലൈസ് വകുപ്പിന്റെ വെബ്‌സൈറ്റിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച ശേഷമാണ് പുറത്താക്കൽ. എ.എ.വൈ, പി.എച്ച്.എച്ച്, എൻ.പി.എസ് എന്നീ വിഭാഗം കാർഡുടമകളെയാണ് പുറത്താക്കിയത്. സംസ്ഥാനത്താകെ 83316 കാർഡുകൾ മുൻഗണന വിഭാഗത്തിൽ നിന്ന് ഇതിനകം പുറത്തായിട്ടുണ്ട്.
ഒഴിവാക്കപ്പെട്ടവർ
പി.എച്ച്.എച്ച് : 5831
എ.എ.വൈ : 864
എൻ.പി.എസ് : 936
ആകെ: 7631
പരിശോധന ഇപ്പോൾ കാര്യമായി നടക്കുന്നില്ല. ഊർജിതമാക്കിയാൽ ഇനിയും അനധികൃതരെ കണ്ടെത്താൻ സാധിക്കും. 100 കാർഡിൽ അഞ്ചുപേരെങ്കിലും മൂന്നുമാസം തുടർച്ചയായി റേഷൻ വാങ്ങാത്തവരായിരിക്കും
- റേഷൻ വ്യാപാരി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |