
ആലപ്പുഴ: ഏഴുവർഷം മുമ്പ് അമ്മൂമ്മയുടെ വേർപാടുണ്ടാക്കിയ ശൂന്യതയാണ് വരയുടെ ലോകത്തേയ്ക്ക് 15കാരൻ ഡാനൽ എം.സെൽവിനെ എത്തിച്ചത്. ചെറുപ്പം മുതൽ കേൾവിക്കുറവുണ്ടായിരുന്ന അവന് അമ്മൂമ്മ പുഷ്പമ്മയായിരുന്നു അടുത്ത കൂട്ട്. വേർപാടിന്റെ ദുഃഖത്തിൽ അവൻ അമ്മൂമ്മയുടെ ചിത്രം വരച്ചെടുത്തു. ഡാനലിന്റെ ചിത്രരചനയിലേക്കുള്ള തുടക്കമായിരുന്നു അത്.
മകന്റെ കഴിവറിഞ്ഞ് പുന്നപ്ര സ്വദേശികളായ മാതാപിതാക്കൾ മാണിയൊപൊഴിക്കൽ വീട്ടിൽ സെൽവൻ ആന്റണിയും ജിൻഷിയും പ്രോത്സാഹിപ്പിച്ചതോടെ വയലാർ,വി.എസ്.അച്യുതാനന്ദൻ തുടങ്ങി നിരവധി പ്രമുഖരുടെ മുഖങ്ങൾ ഡാനലിന്റെ കൈത്തുമ്പിൽ ജീവനുള്ള ചിത്രങ്ങളായി പിറന്നു. ഓയിൽ പെയിന്റിംഗും ക്രയോൺസും ഒരുപോലെ വഴങ്ങുന്ന ഡാനലിന് മാവേലിക്കര രാജാ രവിവർമ്മ കോളേജ് ഒഫ് ഫൈൻ ആർട്‌സിൽ ചേർന്ന് ചിത്രരചന പ്രൊഫഷണലായി പഠിക്കണമെന്നതാണ് ആഗ്രഹം.
തുമ്പോളി സെന്റ് തോമസ് സ്‌കൂളിലെ 9ാം ക്ളാസ് വിദ്യാർത്ഥിയായ ഡാനൽ കേൾവിക്ക് പരിമിതിയുള്ളതിനാൽ ഇപ്പോൾ വീട്ടിലിരുന്നാണ് പഠിക്കുന്നത്. ആലപ്പുഴ ബി.ആർ.സിയിലും വിവിധ സ്കൂളുകളിലും ചിത്രപ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്. ഡാനലിനെക്കൊണ്ട് ചിത്രം വരപ്പിക്കാനായി ആളുകൾ വീട്ടിലെത്തുന്നതും പതിവാണ്. ഐ.എം.എസ് ധ്യാനഭവനിലെ ഗായകനാണ് പിതാവ് സെൽവ് ആന്റണി. ഇപ്പോൾ ആലപ്പുഴ സർവോദയപുരത്താണ് കുടുംബം താമസിക്കുന്നത്. അഞ്ചുവയസുകാരൻ ഡാസിൽ എം.സെൽവാണ് സഹോദരൻ.
കേൾവിക്കുറവുണ്ടെന്ന്
തിരിച്ചറിഞ്ഞത് മൂന്നാം വയസിൽ
മൂന്നാം വയസിലാണ് ഡാനലിന് കേൾവിക്കുറവുണ്ടെന്ന് തിരിച്ചറിഞ്ഞത്. സംസാരിക്കാത്തതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിൽ കേൾവിക്കും പ്രശ്‌നമുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് തിരുവനന്തപുരത്തെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പീച്ച് ആൻഡ് ഹിയറിംഗിൽ ചികിത്സയ്ക്കും പരിശീലനത്തിനുമായെത്തി. രണ്ടരവർഷത്തോളം അവിടെ താമസിച്ച് പരിശീലിച്ചപ്പോൾ സംസാരിക്കാൻ തുടങ്ങി. വലത് ചെവിയിൽ 96 ശതമാനവും ഇടത് ചെവിയിൽ 90 ശതമാനവും കേൾവിക്കുറവുണ്ട്. ഇടത് ചെവിയിലാണ് ശ്രവണസഹായി ഉപയോഗിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |