
അമ്പലപ്പുഴ : ചൂട് കടുത്തതോടെ കടലിൽ മത്സ്യക്ഷാമം രൂക്ഷമായി. കടൽവെള്ളത്തിന് ചൂടുപിടിച്ചതോടെ മത്സ്യങ്ങൾ കൂട്ടത്തോടെ തണുപ്പുതേടി ആഴക്കടലിലെ അടിഭാഗത്ത് തമ്പടിച്ചതാണ് ചാകരപ്രതീക്ഷയ്ക്ക് മങ്ങലേൽപ്പിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയായി കായംകുളം, തോട്ടപ്പള്ളി, ചെത്തി, അർത്തുങ്കൽ, തൈക്കൽ,പള്ളിത്തോട് തുടങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ചന്തക്കടവുകളുടെപ്രവർത്തനം സജീവമായിരുന്നു. മത്തി,അയല തുടങ്ങിയ ഇനം മത്സ്യങ്ങൾ ഭൂരിഭാഗം വള്ളങ്ങൾക്കും സുലഭമായി ലഭിക്കുകയും ചെയ്തിരുന്നു. കടൽ ശാന്തമായ പുന്നപ്ര അടക്കം പലതീരങ്ങളിലും പിടയ്ക്കുന്ന മത്തി കരയിലേക്കു ഇരച്ചുകയറിയത് കൗതുകത്തോടൊപ്പം ഉത്സവ പ്രതീതിയുമുണ്ടാക്കിയിരുന്നു. എന്നാൽ കഴിഞ്ഞ മൂന്നുദിവസമായി കടലിലിറക്കിയ വള്ളങ്ങൾ വെറുംകൈയോടെ മടങ്ങുകയായിരുന്നു.
കരയിലേക്കാൾ ശക്തമായ ചൂടാണ് കടലിലെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. ആഴക്കടലിൽ പോകുന്ന ലൈലാൻഡ് വള്ളങ്ങളിൽപ്രത്യകം സജ്ജീകരിച്ച അറകളിൽ ഐസും വെള്ളവും കരുതിയാണ് പോകുന്നത്. ചൂടു കൂടുമ്പോൾ കടലിന്റെ മുകൾത്തട്ടിലേക്കു വരുന്ന കടൽച്ചൊറിയും (ജെല്ലിഫിഷ്) വലയിൽ കയറുറുന്നതായി തൊഴിലാളികൾ പറഞ്ഞു. ഇവയെ തൊട്ടാൽ ശരീരത്തിലെ ചൊറിച്ചിൽ മാറണണമെങ്കിൽ വിദഗ്ദ്ധചികിത്സ വേണ്ടി വരും. ഇന്നലെ കടലിൽ വലയിട്ട പൊന്തുവള്ളക്കാർക്ക് പൊടിമീൻ പോലും ലഭിച്ചില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |