ആലപ്പുഴ: കാലവർഷത്തിന് പിന്നാലെ ചൂട് കടുക്കുകയും വയലുകളിലെയും നദികളിലെയും ജലനിരപ്പ് താഴുകയും ചെയ്തതോടെ കരകൃഷിയുൾപ്പെടെ കാർഷിക മേഖല പ്രതിസന്ധിയിൽ. ഒരുമാസം മുമ്പ് വെളളപ്പൊക്കമുണ്ടായ സ്ഥലങ്ങളിൽ ഉൾപ്പടെ ആറുകളിലെ ജലനിരപ്പ് കുത്തനെ താഴ്ന്നതാണ് വരൾച്ച രൂക്ഷമാക്കിയത്. ആറുകളുൾപ്പെടെ ജലാശയങ്ങളിലെ ജലനിരപ്പ് താഴ്ന്നതോടെ കിഴക്കൻ പ്രദേശങ്ങളിലുൾപ്പെടെ പച്ചക്കറിയും വാഴ, ചീനി, ചേമ്പ് തുടങ്ങിയ കരകൃഷികളും പ്രതിസന്ധിയിലായി. മഴ മാറിയതിന് പിന്നാലെയുണ്ടായ കൊടും ചൂടിൽ പച്ചക്കറികളുൾപ്പെടെ കരിഞ്ഞുണങ്ങുന്ന സ്ഥിതിയാണ്. പതിവിലും ചൂട് കൂടിയതാണ് വിനയായത്. കാലവർഷത്തിന്റെ ശക്തി കുറഞ്ഞതിന് പിന്നാലെ, പച്ചക്കറി കൃഷി ആരംഭിച്ചവർക്കും പകൽ ചൂടിലുണ്ടായ വർദ്ധന മുളച്ചുവരുന്ന തൈകൾ കരിഞ്ഞുണങ്ങാൻ കാരണമായിട്ടുണ്ട്.
കാലവർഷത്തിന്റെ തുടക്കത്തിൽ ഏതാനും ദിവസം പെയ്ത മഴ ഒഴിച്ചാൽ
ഇത്തവണ ആലപ്പുഴ ജില്ലയിൽ മഴ പൊതുവിൽ കുറവായിരുന്നു. കടുത്ത വേനലിൽ കരിഞ്ഞുണങ്ങിയ പാടങ്ങളും വറ്റിയ തോടുകളും ജലാശയങ്ങളും ജല സമൃദ്ധമാകും മുമ്പേ മഴ പിൻവാങ്ങിയതിനാൽ ജലനിരപ്പ് ഇപ്പോഴേ താഴ്ന്ന് തുടങ്ങി. സാധാരണ കൊടും ചൂട് പ്രതീക്ഷിക്കുന്ന കന്നിമാസത്തിന് മുമ്പേയുള്ള ശക്തമായ വെയിൽ കർഷകരെ ആശങ്കയിലാക്കിയിട്ടുണ്ട്. എൽനിനോ സാന്നിദ്ധ്യം മഴയുടെ അളവും ശക്തിയും കുറച്ചാൽ ജലസേചന സൗകര്യമില്ലാത്ത സ്ഥലങ്ങളിൽ കൃഷി നശിക്കാനും വൻ വിളനഷ്ടത്തിനുമാകും കാരണമാകുക. കന്നിമാസം പിറന്നാൽ ഒരുമാസത്തെ ചൂടിനൊടുവിൽ തുലാവർഷമാണ് പിന്നീട് ആകെയുള്ള പ്രതീക്ഷ. എൽനിനോ തുലാവർഷത്തെയും ബാധിച്ചാൽ സമാനതകളില്ലാത്ത വരൾച്ചയ്ക്കാകും നാട് സാക്ഷിയാകുക. ഇത് നെല്ലും പച്ചക്കറിയുമുൾപ്പെടെ ആഭ്യന്തര ഉൽപ്പാദനത്തെ പ്രതികൂലമായി ബാധിക്കാനും മണ്ഡല കാലത്തുൾപ്പെടെ പച്ചക്കറി പഴവർഗവിപണിയിൽ വിലക്കയറ്റത്തിനും കാരണമാകും.
വൻ വിളനഷ്ടത്തിനിടയാക്കും
1.വളപ്രയോഗം ആരംഭിച്ച കുട്ടനാട്ടിൽ പാടങ്ങളിലെ വെള്ളക്കുറവ് കീട രോഗ ബാധയ്ക്ക് കാരണമായിട്ടുണ്ട്. എൽനിനോയുടെ ഭാഗമായ കൊടും ചൂട് നെല്ലിന്റെ വളർച്ചയും വിളവും കുറയാൻ കാരണമാകുമെന്നതിനാൽ നെൽകർഷകരും ആശങ്കയിലാണ്
2.കുംഭമാസത്തിൽ നടീൽ പൂർത്തിയാക്കിയ കിഴങ്ങുവർഗ കൃഷികളെയും ചൂട് പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ചേന,ചേമ്പ്,കാച്ചിൽ,ചീനി തുടങ്ങിയവയും ഇഞ്ചി, മഞ്ഞൾ എന്നിവയുടെ വളർച്ചയെയും വിളവിനെയും ഇത് ബാധിക്കും
3.ജൂൺ ആദ്യം മുതൽ ഓഗസ്റ്റ്, സെപ്തംബർ വരെയായിരുന്നു തെക്ക് പടിഞ്ഞാറൻ മൺസൂൺ ലഭിക്കേണ്ടിയരുന്നത്. കഴിഞ്ഞ വർഷത്തേക്കാൾ 25 ശതമാനത്തോളം മഴ കുറഞ്ഞതും ചൂടും വരൾച്ചയും കടുക്കാൻ കാരണമായി.
4.രണ്ട് ദിവസത്തിനകം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ടെങ്കിലും കാലവർഷത്തിലുണ്ടായ കുറവ് പരിഹരിക്കാൻ കഴിയും വിധം മഴയുണ്ടാകാനുള്ള സാദ്ധ്യത കുറവാണ്
കാലാവസ്ഥാ വ്യതിയാനമാണ് മഴക്കുറവിന് കാരണം. കരകൃഷികൾക്ക് ചെടികളുടെ ചുവട്ടിൽ ഈർപ്പം തങ്ങി നിൽക്കത്തക്കവിധം പുതയിടുകയോ രണ്ടുനേരം നനയ്ക്കുകയോ ആണ് പ്രതിവിധി
- നിഖിൽ, കൃഷി ഓഫീസർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |