
തുറവൂർ: തീരദേശ ജനങ്ങളുടെ നെഞ്ചിലെ കനലായി മാറിയിരിക്കുകയാണ് റോഡ് വികസനത്തിനായി സ്ഥാപിച്ച പിങ്ക് കുറ്റികൾ. മാരാരിക്കുളം മുതൽ ചെല്ലാനം വരെയും ചെല്ലാനം മുതൽ ഫോർട്ടുകൊച്ചി വരെയും സർക്കാർ നൽകിയ മാപ്പിന്റെ അടിസ്ഥാനത്തിൽ സ്വകാര്യ ഏജൻസിയാണ് പിങ്ക് കുറ്റികൾ സ്ഥാപിച്ചത്.
കുറ്റികൾ സ്ഥാപിച്ചതിന് പിന്നാലെ ഉദ്യോഗസ്ഥർ സ്ഥലമുടമകളുടെ മേൽവിലാസം, സർവേ നമ്പർ, ഏറ്റെടുക്കുന്ന സ്ഥലത്തെ കെട്ടിടങ്ങളുടെ വിശദാംശങ്ങൾ എന്നിവ രേഖപ്പെടുത്തിയതല്ലാതെ തുടർ നടപടികളൊന്നും ഉണ്ടായില്ല. വീട്ടിലും മുറ്റത്തും പറമ്പിലുമെല്ലാം പിങ്ക് കുറ്റികൾ സ്ഥാപിച്ചതോടെ ഭൂവുടമകൾക്ക് നിർമ്മാണ പ്രവർത്തനങ്ങൾ നടത്താനോ ബാങ്ക് വായ്പ ലഭ്യമാക്കാനോ കഴിയാത്ത സ്ഥിതിയാണ്. പല സ്ഥലങ്ങളിലും പുതുതായി നിർമ്മിച്ച വീടുകളുടെ മദ്ധ്യഭാഗത്താണ് കുറ്റികൾ സ്ഥാപിച്ചിട്ടുള്ളത്. പകരം വീട് നിർമ്മിക്കാനുള്ള സ്ഥലം കണ്ടെത്താനാകാതെയും തുടർ നടപടികൾ സംബന്ധിച്ച് വ്യക്തതയില്ലാതെയും നിരവധി കുടുംബങ്ങൾ ദുരിതത്തിലാണ്.
തുടർ നടപടിയില്ല
# തീരദേശ പരിപാലന നിയമത്തിന്റെ നിയന്ത്രണങ്ങൾ കാരണം ദുരിതമനുഭവിക്കുന്ന തീരദേശ ജനങ്ങൾക്ക് മറ്റൊരു ഇരുട്ടടിയായി മാറിയിരിക്കുകയാണ് പിങ്ക് കുറ്റികൾ
# സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് സർക്കാരിന്റെ ഭാഗത്തുനിന്ന് തുടർ നിർദ്ദേശങ്ങൾ ഉണ്ടാകാത്തതും സാമ്പത്തിക പ്രതിസന്ധിയുമാണ് നടപടികൾ നിലയ്ക്കാൻ കാരണമെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം
# തീരദേശ റോഡ് വികസനത്തിനായി സർക്കാർ പാക്കേജുകൾ പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അതും ജലരേഖയായി
# അടിയന്തരമായി പിങ്ക് കുറ്റികൾ സംബന്ധിച്ച് വ്യക്തത വരുത്തി ജനങ്ങൾക്ക് ആശ്വാസകരമായ നടപടി സ്വീകരിച്ചില്ലെങ്കിൽ കുറ്റികൾ പിഴുതെറിയാനുള്ള തീരുമാനത്തിലാണ് തീരദേശ ജനത
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |