
അരൂർ: അരൂർ-തുറവൂർ ഉയരപ്പാതയുടെ ആദ്യ റീച്ചിലെ അവസാന ഗർഡറുകളുടെ മേൽത്തട്ട് കോൺക്രീറ്റിംഗും പൂർത്തിയായി. അരൂർ എ.ആർ റെസിഡൻസിക്ക് സമീപത്തെ 24 മുതൽ 28 വരെയുള്ള പില്ലറുകൾക്കിടയിലെ അവസാന പ്രവൃത്തികളാണ് പൂർത്തിയായത്. ഇതോടെ ആദ്യ റീച്ചിലെ മുഴുവൻ ഭാഗവും ഏകീകൃത ഉയരപ്പാതയായി മാറി. 110 കെ.വി വൈദ്യുതി ലൈനുകൾ ഉയർത്തി സ്ഥാപിക്കുന്ന പ്രവൃത്തി വൈകിയതാണ് ഈ ഭാഗത്തെ ഗർഡർ സ്ഥാപിക്കലും മേൽത്തട്ട് കോൺക്രീറ്റിങ്ങും നീളാൻ കാരണം. ആഗസ്റ്റ് ആദ്യവാരം വൈദ്യുതി ലൈനുകൾ ഉയർത്തിയതോടെ തടസം നീങ്ങി. തുടർന്ന് 10ന് നാല് പില്ലറുകളെ ബന്ധിപ്പിച്ച് അവസാന ഗർഡറുകൾ സ്ഥാപിച്ചു. 31നകം മേൽത്തട്ട് കോൺക്രീറ്റിംഗ് പൂർത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, സാങ്കേതിക തടസങ്ങളെ തുടർന്ന് ഇന്നലെയാണ് പൂർത്തിയാക്കാനായത്. ഇതോടെ ആദ്യ റീച്ചിലെ ഘടനാപരമായ പ്രധാന നിർമാണ പ്രവർത്തനങ്ങൾ പൂർണതയിലെത്തി.
ഉയരപ്പാതയെ ഗതാഗതത്തിന് സജ്ജമാക്കുന്നതിനുള്ള അനുബന്ധ പ്രവർത്തനങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. പെയിന്റിംഗ്, ഇരുവശങ്ങളിലെയും സംരക്ഷണ ഭിത്തികളുടെ നിർമാണം, ടാറിംഗ്, സിഗ്നൽ സംവിധാനങ്ങൾ സ്ഥാപിക്കൽ തുടങ്ങിയ ജോലികൾ വിവിധ ഭാഗങ്ങളിൽ നടന്നുവരുന്നു. മേൽത്തട്ട് കോൺക്രീറ്റിംഗ് പൂർത്തിയായ ഭാഗത്തിന്റെ ഇരുവശങ്ങളിലും സംരക്ഷണ ഭിത്തി നിർമിക്കുന്നതിനുള്ള കമ്പികൾ സ്ഥാപിച്ചുകഴിഞ്ഞു.
രണ്ടാം റീച്ചും അതിവേഗം
രണ്ടാം റീച്ചിലും നിർമ്മാണം വേഗത്തിലാണ് പുരോഗമിക്കുന്നത്. തുറവൂർ ജംഗ്ഷന്റെ തെക്കുഭാഗത്തേക്ക് 210 മീറ്റർ ഉയരപ്പാതയും 280 മീറ്റർ അപ്രോച്ച് റോഡും ഉൾപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. ഈ അധിക ഭാഗം കൂടി പൂർത്തിയാകുന്നതോടെ പദ്ധതിയുടെ ആകെ നീളം 13.31 കിലോമീറ്ററായും തൂണുകളുടെ എണ്ണം 366 ആയും ഉയരും. റാമ്പുകളുടെ നിർമ്മാണം ഉൾപ്പെടെയുള്ള ശേഷിക്കുന്ന ജോലികളും പൂർത്തിയാകുന്നതോടെ അരൂർ-തുറവൂർ ഉയരപ്പാത യാഥാർത്ഥ്യമാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |