
അമ്പലപ്പുഴ: ഗവ.ദന്തൽ കോളേജിലേക്ക് 5വർഷം മുമ്പ് 60 ലക്ഷത്തോളം രൂപ ചെലവഴിച്ച് വാങ്ങിയ സി.ബി.സി.ടി മെഷീൻ (കോൺ ബീം കമ്പ്യൂട്ടഡ് ട്രോമോഗ്രാഫി ) പ്രവർത്തിപ്പിക്കാതെ തുരുമ്പെടുക്കുന്നു. കോളേജ് മുമ്പ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽ സ്ഥലസൗകര്യമില്ലാത്തതുകാണ്ടാണ് മെഷീൻ പ്രവർത്തിപ്പിക്കാതിരുന്നതെന്നാണ് അധികൃതർ പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ സൗകര്യപ്രദമായ പുതിയകെട്ടിടത്തിലേക്ക് കോളേജ് മാറിയിട്ട് ഒരു വർഷമായെങ്കിലും യന്ത്രത്തിന് ശാപമോക്ഷമില്ല.
ആധുനിക ദന്തചികിത്സയിലും മുഖത്തെ അസ്ഥികളുമായി ബന്ധപ്പെട്ട ചികിത്സകളിലും ഉപയോഗിക്കുന്ന വളരെ വിപുലമായ ഒരു ത്രി ഡി എക്സ്-റേ സാങ്കേതികവിദ്യയാണ് കോൺ ബീം കമ്പ്യൂട്ടഡ് ട്രോമോഗ്രാഫി. സാധാരണ 2 ഡി എക്സ്-റേകളിൽ നിന്ന് വ്യത്യസ്തമായി ഇത് പല്ലുകൾ, താടിയെല്ലുകൾ എന്നിവയുടെ കൃത്യമായ ത്രിമാന ചിത്രങ്ങൾ നൽകും.പരിശോധന നടത്തുമ്പോൾ മെഷീന്റെ എക്സ്-റേ കൈകൾ രോഗിയുടെ തലയ്ക്ക് ചുറ്റും ഒരു തവണ പൂർണ്ണമായി കറങ്ങും. ഇതിലൂടെ നൂറുകണക്കിന് ചിത്രങ്ങൾ പല കോണുകളിൽ നിന്ന് എടുക്കുകയും കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് അവയെ ഒരു 3ഡി ചിത്രമാക്കി മാറ്റുകയും ചെയ്യും. സ്വകാര്യ ആശുപത്രിയിൽ 1400മുതൽ 5500 രൂപ വരെ ചിലവ് വരുന്ന ഈ ദന്തൽ സ്കാനിംഗ് 400 മുതൽ 1700 വരെ ഫീസിൽ സർക്കാർ ദന്തൽ കോളേജിൽ ചെയ്യാൻ കഴിയും. മെഷീൻ പ്രവർത്തിപ്പിക്കുന്നതിന് അടിയന്തര ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് അമ്പലപ്പുഴ എം.എൽ.എ ജി. സുധാകരസ് ജനകീയ ജാഗ്രത സമിതി നിവേദനം നൽകി. പ്രസിഡന്റ് അബ്ദുൾ ജബ്ബാർ പനച്ചുവട്, സജിമോൻ പുന്നപ്ര,തങ്കജി,ഹാഷിം വണ്ടാനം, അനിൽ വെള്ളൂർ എന്നിവർ നിവേദകസംഘത്തിലുണ്ടായിരുന്നു.
ബാറ്ററി പോയി, ലക്ഷങ്ങൾ വേണം
സി.ബി.സി.ടി മെഷീന്റെ ബാറ്ററി ഇപ്പോൾ നശിച്ചനിലയിലാണ്. ഇത് മാറാൻ ലക്ഷങ്ങൾ വേണം
സാധാരണ സി.ടി സ്കാനുകളെ അപേക്ഷിച്ച് സി.ബി.സി.ടിയിൽ റേഡിയേഷൻ വളരെ കുറവാണ്
മെഷീൻ പ്രവർത്തനസജ്ജമാക്കിയാൽ സാധാരണക്കാരായ രോഗികൾക്ക് വളരെയേറെ പ്രയോജനപ്പെടും
സ്വകാര്യ ആശുപത്രികളേക്കാൾ കുറഞ്ഞ ചിലവിൽ പരിശോധന നടത്താവുന്ന അവസരമാണ് നഷ്ടമാകുന്നത്
മെഷീന്റെ വില
₹60 ലക്ഷം
ആലപ്പുഴ ദന്തൽ കോളേജിൽ ഇത്രയധികം പരാതീനതകൾ ഉണ്ടായിട്ടും സർക്കാരിന്റെ ഭാഗത്ത് നിന്ന് ആവശ്യമായ ഇടപെടലുകൾ ഉണ്ടാകാത്തത് പ്രതിഷേധാർഹമാണ്
- ജനകീയ ജാഗ്രത സമിതി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |