
ആലപ്പുഴ: സഹപ്രവർത്തകയായ യുവതിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിന് 10 വർഷം കഠിനതടവും അഞ്ചുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴയടച്ചില്ലെങ്കിൽ ഒരുവർഷം അധികതടവ് അനുഭവിക്കണം. എറണാകുളം ഇലഞ്ഞി പഞ്ചായത്ത് ആറാം വാർഡിൽ നടുവലേഴത്ത് വീട്ടിൽ രഞ്ജീഷിനെയാണ് ആലപ്പുഴ അസി. സെഷൻസ് കോടതി ജഡ്ജി ഇന്ദുചൂഡൻ ശിക്ഷിച്ചത്. പരിക്കേറ്റ യുവതിക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനായി ലീഗൽ എയ്ഡ് സെല്ലിനെ സമീപിക്കാനും കോടതി നിർദ്ദേശിച്ചു.
2015 നവംബർ 11നായിരുന്നു കേസിനാസ്പദമായ സംഭവം. കൊച്ചിയിൽ ജോലി കഴിഞ്ഞ് ട്രെയിനിൽ ചേർത്തല റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി സ്കൂട്ടറിൽ വീട്ടിലേക്ക് പോകുകയായിരുന്ന യുവതിയെ രഞ്ജീഷ് ബൈക്കിലെത്തി പിന്തുടർന്നശേഷം ആഞ്ഞിലിപ്പാലത്തിന് സമീപം വച്ച് ജഗ്ഗിൽ കരുതിയിരുന്ന ആസിഡ് ദേഹത്തൊഴിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ യുവതി ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. പ്രതിയും യുവതിയും അടുത്ത സുഹൃത്തുക്കളായിരുന്നു.
ചേർത്തല സി.ഐ വി.എസ്. നവാസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
38 സാക്ഷികളെയും 41 രേഖകളും 23 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ തെളിവായി ഹാജരാക്കി. അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി. പ്രവീൺ പ്രോസിക്യൂഷനുവേണ്ടി ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |