ആലപ്പുഴ: ബോട്ടിൽ ടിക്കറ്റെടുക്കാൻ ഇനി ചില്ലറ തപ്പി നടക്കേണ്ട. സംസ്ഥാന ജലഗതാഗത വകുപ്പിന്റെ എല്ലാ ബോട്ടുകളുടെയും ടിക്കറ്റ് ഇടപാടുകൾ ഡിജിറ്റലാകുന്നു. യാത്രാബോട്ടുകളിലും ടൂറിസം ബോട്ടുകളിലും ഓൺലൈൻ ടിക്കറ്റിംഗ് സൗകര്യം ഏർപ്പെടുത്തും. പദ്ധതിക്ക് ഭരണാനുമതി ലഭിച്ചു, ആറുമാസത്തിനുള്ളിൽ നടപ്പാക്കാനാണ് തീരുമാനം. വെബ്‌സൈറ്റ്, മൊബൈൽ ആപ്ലിക്കേഷൻ, ടിക്കറ്റ് മെഷീനുകൾ എന്നിവ ഉൾപ്പെടുന്ന സമഗ്ര ഡിജിറ്റൽ സംവിധാനമാണ് ഒരുക്കുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റിയാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്. കെ.എസ്.ആർ.ടി.സി ബസുകളിലടക്കം ഡിജിറ്റൽ പണമിടപാട് വ്യാപകമായിട്ടും ജലഗതാഗത വകുപ്പിൽ ഓൺലൈൻ ടിക്കറ്റിംഗ് ഇതുവരെ നടപ്പാക്കിയിരുന്നില്ല. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ ടിക്കറ്റ് ബുക്കിംഗ് മുതൽ ബോട്ട് എവിടെയെത്തിയെന്ന് അറിയുന്നതുവരെയുള്ള സൗകര്യങ്ങൾ യാത്രക്കാരുടെ വിരൽത്തുമ്പിലെത്തും. യു.പി.ഐ ഇടപാടുകൾ നടത്താൻ അറിയാത്തവർക്ക് പണം നൽകി ടിക്കറ്റ് എടുക്കാനും അവസരമുണ്ടാകും. യാത്രാബോട്ടുകളിൽ കയറിയശേഷവും ടിക്കറ്റ് എടുക്കാം. ടിക്കറ്റ് മെഷീനിൽ യു.പി.ഐ വഴി പണമടയ്ക്കുന്നതിനൊപ്പം ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചും ടിക്കറ്റ് എടുക്കാം. ഇതിനായി 100 പുതിയ ടിക്കറ്റ് മെഷീനുകൾ എത്തിക്കും.
ടൂറിസ്റ്റ് ബോട്ടിൽ
ഓൺലൈൻ മാത്രം
ടൂറിസം ബോട്ടുകളിൽ ഓൺലൈൻ ടിക്കറ്റിംഗ് സംവിധാനം മാത്രമാകും ഉണ്ടാകുക. ഫോൺ വിളിച്ച് ടിക്കറ്റ് ഉറപ്പിക്കുന്ന നിലവിലെ രീതി ഒഴിവാക്കും. വെബ്‌സൈറ്റ് അല്ലെങ്കിൽ മൊബൈൽ ആപ്ലിക്കേഷൻ വഴി ടിക്കറ്റും ഇഷ്ടമുള്ള സീറ്റും മുൻകൂട്ടി ബുക്ക് ചെയ്യാം. ആപ്ലിക്കേഷനിൽ ബോട്ടിന്റെ സീറ്റിംഗ് മാതൃക പരിശോധിച്ച് ഇഷ്ടമുള്ള സീറ്റ് തിരഞ്ഞെടുക്കാനും സൗകര്യമുണ്ടാകും.ഓൺലൈനായി തന്നെ പണമടയ്ക്കണം.
ട്രാക്ക് ചെയ്യാം,
മുഷിവ് ഒഴിവാക്കാം
യാത്രാബോട്ടുകളുടെ സഞ്ചാരം മൊബൈൽ ആപ്ലിക്കേഷൻ വഴി തത്സമയം ട്രാക്ക് ചെയ്യാനും സൗകര്യമുണ്ടാകും. ബോട്ട് എവിടെയെത്തിയെന്ന് യാത്രക്കാർക്ക് മനസിലാക്കാം. ഇതോടെ ബോട്ടുജെട്ടികളിൽ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ട സാഹചര്യം ഒഴിവാക്കാനാകും. ഓരോ റൂട്ടിലെയും സർവീസുകൾ, സമയക്രമം തുടങ്ങിയ വിവരങ്ങളും ആപ്ലിക്കേഷൻ വഴി ലഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |