SignIn
Kerala Kaumudi Online
Tuesday, 13 October 2026 4.01 AM IST

തീരദേശ ഹൈവേ പദ്ധതിയിൽ അനിശ്ചിതത്വം,​ ആശങ്ക

jkhjkh

തുറവൂർ: തീരദേശ ഹൈവേ പദ്ധതി സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നത് തീരദേശവാസികളെ ആശങ്കയിലാക്കുന്നു. കഴിഞ്ഞ സർക്കാർ ആരംഭിച്ച പദ്ധതിയിൽ നൂറ് ദിവസം കഴിഞ്ഞിട്ടും പുതിയ സർക്കാർ നിലപാട് വ്യക്തമാക്കാത്തതാണ് അനിശ്ചിതത്വത്തിന് കാരണം.

എൽ.ഡി.എഫ് സർക്കാരിന്റെ അഭിമാന പദ്ധതിക്കെതിരെ യു.ഡി.എഫ് നേരത്തെ രംഗത്തെത്തിയിരുന്നു. എന്നാൽ, തീരദേശ ഹൈവേ പദ്ധതിയുമായി മുന്നോട്ടുപോകണമെന്നതാണ് ഭൂരിഭാഗം നാട്ടുകാരുടെയും ആവശ്യം.

നിലവിലെ തീരദേശ റോഡ് 15 മീറ്റർ വീതിയിൽ വികസിപ്പിച്ച് സൈക്കിൾ ട്രാക്ക് ഉൾപ്പെടെയുള്ള സൗകര്യങ്ങളോടെ ഹൈവേയായി മാറ്റുന്നതാണ് പദ്ധതി. ഇതിനായി സാദ്ധ്യതാപഠനം നടത്തുകയും റോഡിന്റെ ഇരുവശങ്ങളിലും സ്ഥലം അളന്ന് അതിർത്തിക്കല്ലുകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പ്രാഥമിക വിജ്ഞാപനവും പുറത്തിറക്കിയിരുന്നു.

ജില്ലയിൽ വലിയഴീക്കൽ മുതൽ ചെല്ലാനം വരെ 82 കിലോമീറ്ററാണ് നിർദിഷ്ട തീരദേശ ഹൈവേയുടെ ദൈർഘ്യം. 29.76 ഹെക്ടർ ഭൂമി ഏറ്റെടുക്കാനാണ് ലക്ഷ്യമിടുന്നത്. കെട്ടിടങ്ങളുടെ വിവരശേഖരണം നടന്നുവരികയാണ്. തുമ്പോളി മുതൽ ചെല്ലാനം വരെയുള്ള ഭാഗത്ത് 1,916 കെട്ടിടങ്ങൾ ഭാഗികമായോ,​ പൂർണമായോ പൊളിച്ചുനീക്കേണ്ടിവരുമെന്നാണ് കണക്ക്. മറ്റ് മേഖലകളിലെ കെട്ടിടങ്ങളുടെ വിവരശേഖരണം പൂർത്തിയായിട്ടില്ല.

നിലപാട് വ്യക്തമാക്കാതെ സർക്കാർ

1.വീടുകളും കച്ചവടസ്ഥാപനങ്ങളും ഉൾപ്പെടെ നിരവധി കെട്ടിടങ്ങൾ പദ്ധതിയുടെ ഭാഗമായി ബാധിക്കപ്പെടുന്നുണ്ട്. വിജ്ഞാപനം വന്നതോടെ ഭൂമി കൈമാറുന്നതിനും ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത് വീടുവയ്ക്കുന്നതിനും തടസം നേരിടുന്നതായി നാട്ടുകാർ പറയുന്നു

2.തീരദേശ പരിപാലന നിയമത്തിൽ ഇളവുള്ള മേഖലകളിൽപ്പോലും പ്രാഥമിക സഹകരണ സംഘങ്ങൾ മുതൽ ദേശസാൽകൃത ബാങ്കുകൾ വരെ ഭൂമി ഈടായി സ്വീകരിക്കാൻ മടിക്കുന്നു. വിവാഹം, വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങൾക്ക് പോലും പ്രയോജനപ്പെടുത്താൻ കഴിയുന്നില്ല

3.ഏറ്റെടുക്കുന്ന ഭൂമിയുടെ വില അന്തിമമായി നിശ്ചയിച്ചിട്ടില്ലെങ്കിലും സർക്കാർ നിശ്ചയിക്കുന്ന വിലയുടെ മൂന്നിരട്ടി വരെ നഷ്ടപരിഹാരം നൽകുമെന്ന സൂചനകൾ പുറത്തുവന്നിരുന്നു. ഇതോടെയാണ് പദ്ധതിയോടുള്ള എതിർപ്പ് ഒരു പരിധിവരെ കുറഞ്ഞത്

4. തീരദേശത്തിന്റെ സമഗ്ര വികസനവും മെച്ചപ്പെട്ട യാത്രാസൗകര്യവും ലക്ഷ്യമിടുന്ന പദ്ധതിയുടെ കാര്യത്തിൽ സർക്കാർ നിലപാട് നിർണായകമാണ്. പദ്ധതിയുമായി മുന്നോട്ടുപോകുമോ, അതോ ഉപേക്ഷിക്കുമോ എന്ന കാര്യത്തിൽ സർക്കാർ വ്യക്തത വരുത്തേണ്ടതുണ്ട്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL