
മുഹമ്മ: ശ്രീനാരായണ ഗുരുവിന്റെ പാദസ്‌പർശം കൊണ്ട് ധന്യമായ പുണ്യഭൂമിയാണ് മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ സർവ്വോദയപുരം ഗ്രാമത്തിലെ അറുകൊല പുന്നച്ചുവട്.അഞ്ഞൂറ് പേർക്ക് വട്ടം കൂടിയിരിക്കാൻ കഴിയുന്നത്ര വലിപ്പമുള്ള പുന്നമരവും അതിന്റെ തണലും പണ്ട് ഇവിടെ ഉണ്ടായിരുന്നു.അങ്ങനെയാണ് മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ കുരിക്കശ്ശേരി ക്ഷേത്ര പ്രതിഷ്ഠ കഴിഞ്ഞ് ശ്രീനാരായണ ഗുരു ഈ പുന്നമരച്ചുവട്ടിലെത്തിയത്.അന്ന് വിവിധ ജാതിയിലും മതത്തിലുമുള്ള ആളുകളെ വിളിച്ചു കൂട്ടി 19 പേർ ഉൾപ്പെടുന്ന ഒരു ഭജന കമ്മിറ്റി രൂപീകരിച്ചു. കൂടിയവരോടെല്ലാം ഗുരു തന്റെ അഭിപ്രായങ്ങളും ആശയങ്ങളും പങ്കുവച്ച ശേഷം മടങ്ങുകയായിരുന്നു.
തുടർന്ന് ഓരോ മാസവും ഓരോ വീടുകളിൽ കമ്മിറ്റി കൂടി. അവരുടെ പ്രശ്നങ്ങൾ കേട്ടു.പുര കെട്ടിമേയൽ,അസുഖം,മരണം,വിവാഹം തുടങ്ങിയ കാര്യങ്ങളിൽ ഇടപെട്ട് ആവശ്യമായ സഹായങ്ങൾ ചെയ്തു. ഗുരുവിന്റെ വിയോഗശേഷം കാട്ടൂർ ശ്രീ നാരായണഗുരു സ്മാരക ഭജന സംഘം ആൻഡ് മരണ സംഘം രൂപീകരിച്ച് പ്രവർത്തനം തുടങ്ങി. മരണവീടുകളിൽ സാമ്പത്തികവും സേവന പരവുമായ സഹായങ്ങൾ ചെയ്തു. വീടുകളിൽ നിന്ന് പിരിച്ചു സൂക്ഷിച്ചിരുന്ന പിടി അരി മരണ വീടുകളിൽ പട്ടിണി കഞ്ഞി വയ്ക്കാൻ ഉപയോഗിച്ചു.
സംഘത്തിന്റെ ആദ്യ പ്രസിഡന്റ് വി.ആർ.അപ്പച്ചനും സെക്രട്ടറി തോപ്പിൽ ദാമോദരനുമായിരുന്നു.കാട്ടിപ്പറമ്പിൽ കെ.ആർ. നാരായണൻ സംഭാവന ചെയ്ത സ്ഥലത്താണ് അറുകൊല പുന്നച്ചുവടും ഗുരുമന്ദിരവും സ്ഥിതിചെയ്യുന്നത്.ചതയ പ്രാർത്ഥനയും ക്രിസ്‌മസും മണ്ഡലകാലവുമെല്ലാം എല്ലാവരും ചേർന്നാണ് ആഘോഷിക്കുന്നത്.
ഗുരുതെളിച്ച ഏക ലോക വെളിച്ചം ഇന്നും ഇവിടെ
അണയാതെ കാത്തുസൂക്ഷിക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. മാത്രമല്ല,നൂറ്റാണ്ടുകൾക്ക് ശേഷവും ഇവിടത്തെ ചെറുപുന്ന മരത്തിൽ അറുകൊല വസിക്കുന്നുവെന്ന് സങ്കൽപ്പിച്ച് നാട്ടുകാർ മാല ചാർത്തി ആരാധിച്ചു പോരുന്നുമുണ്ട്.
അംഗങ്ങളുടെ ലിസ്റ്റിൽ പൂമാല
അറുകൊല പുന്നച്ചുവട്ടിൽ മുമ്പ് ശിവക്ഷേത്രം ഉണ്ടായിരുന്നതായി ശ്രീ നാരായണ ഗുരു പറഞ്ഞിരുന്നതായുള്ള പഴമക്കാരുടെ അറിവ് പങ്കുവയ്ക്കുകയാണ് ആദ്യകാല പ്രവർത്തകരായ ടി.എൻ രാമചന്ദ്രൻ, എം.ജി. വിജയൻ എന്നിവരും നിലവിലെ ഭാരവാഹികളായ വി.വി ബാബു, വി.ഡി ലാലൻ, സജി ചെറിയാൻ, കെ.എൻ ഷാജി എന്നിവരും. ഗുരുമന്ദിരത്തിന്റെ ഓഫീസിൽ, ഭൂമി ദാനം ചെയ്ത ആളുടെ ഫോട്ടോയുടെ അടുത്ത് ആദ്യ കമ്മിറ്റി അംഗങ്ങളുടെ ലിസ്റ്റ് മാല ചാർത്തിസൂക്ഷിക്കുന്നതും പുറത്ത് വി.സാംബശിവൻ കഥാപ്രസംഗം നടത്തിയതിന്റെ ബോർഡും ഭദ്രമായി സൂക്ഷിക്കുന്നത് കൗതുക കാഴ്ചയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |