
ആലപ്പുഴ: ബോട്ട് യാത്രക്കിടെ വിനോദസഞ്ചാരികളുടെ സന്തോഷത്തിനായി പാടിത്തുടങ്ങിയ ഹേമചന്ദ്രൻ പാടിക്കയറിയത് ഇന്ത്യാ ബുക്ക് ഒഫ് റെക്കാഡ്സിൽ. വേമ്പനാട്ട് കായലിൽ തുടർച്ചയായി സംഗീതപരിപാടി അവതരിപ്പിച്ചതിന്റെ ഖ്യാതിയാണ് ആലപ്പുഴ ജലഗതാഗത വകുപ്പിലെ ലാസ്കറായ വയലാർ വടക്കേപറമ്പിൽ ഡി.ഹേമചന്ദ്രൻ ഇതിലൂടെ നേടിയെടുത്തത്.
10 വർഷം മുമ്പാണ് ഹേമചന്ദ്രൻ ജലഗതാഗത വകുപ്പിൽ ജോലിയിൽ പ്രവേശിച്ചത്. കുട്ടിക്കാലം മുതലേ സംഗീതത്തിൽ കമ്പമുണ്ടായിരുന്ന ഹേമചന്ദ്രൻ, യാത്രാ ബോട്ടിൽ നിന്ന് ടൂറിസ്റ്റ് ബോട്ടിലേക്ക് മാറിയതോടെയാണ് വിനോദ സഞ്ചാരികൾക്കായി പാട്ട് പാടിതുടങ്ങിയത്.
കായൽപ്പരപ്പിലെ കാഴ്ചകൾ ആസ്വദിച്ചുള്ള യാത്രയിൽ ഓരോ സ്ഥലത്തിന്റെയും ചരിത്രവും കൗതുകവുമെല്ലാം വിവരിക്കുന്നതിനിടെ ഒന്നോ രണ്ടോ പാട്ടുകൾ പാടിയായിരുന്നു തുടക്കം. എന്നാൽ, ഇപ്പോൾ ഉച്ചയൂണ് കഴിഞ്ഞാൽ കുട്ടനാട്ടിലെ വേഗയുൾപ്പെടെ ബോട്ടുകളിൽ ഹേമചന്ദ്രന്റെ പാട്ട് മസ്റ്റാണ്.
മലയാളം, തമിഴ്, ഹിന്ദി, നാടൻ പാട്ടുകൾ എന്നിവ കരാക്കെയുടെ സഹായത്തോടെയാണ് പാടുന്നത്. കൈയടിച്ചും ചുവടുവച്ചും സഞ്ചാരികളും ഒപ്പം കൂടുന്നതോടെ ഓളപ്പരപ്പിൽ സംഗീതം തുള്ളിത്തുളുമ്പും. കായൽ കാഴ്ചകൾക്കൊപ്പം സംഗീതാനുഭവവും വിദേശികളുൾപ്പെടെയുളള യാത്രക്കാരെ ത്രസിപ്പിക്കുമ്പോൾ, ബോട്ടിന്റെ അമരം മുതൽ അണിയം വരെ ഹേമചന്ദ്രൻ തന്റെ സർഗസിദ്ധിയുടെ അവതരണ വേദിയാക്കും. മേലധികാരികളുടെയും സഹപ്രവർത്തകരുടെയും അനു മതിയോടെയാണ് ഹേമചന്ദ്രന്റെ ഈ പാട്ട്. നിരവധി സംഘടനകളുടെ അംഗീകാരങ്ങൾ ഹേമചന്ദ്രനെ തേടി ഇതിനകം എത്തിയിട്ടുണ്ട്. മാനസികോല്ലാസത്തിനായി ബോട്ടിലെത്തുന്നവരെ ത്രസിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ഹേമചന്ദ്രൻ പറഞ്ഞു. യാത്രക്കാർക്കും സഹപ്രവർത്തകർക്കുമൊപ്പം ചിത്രകലാകാരിയും കുത്തിയതോട് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറുമായ ഭാര്യ രസ്ന രാമചന്ദ്രന്റെ പിന്തുണയും ഹേമചന്ദ്രനുണ്ട്. എസ്.എൻ.എം ഗവ.എച്ച്.എസ്.എസിലെ പ്ളസ് വൺ വിദ്യാർത്ഥിനി ദേവാഞ്ജലിയാണ് മകൾ.
ഒരു യാത്രയിൽ ആറുമുതൽ 15 വരെ പാട്ടുകൾ പാടാറുണ്ട്. മലയാളം, ഹിന്ദി, തമിഴ് സിനിമാഗാനങ്ങളെ കൂടാതെ നാടൻപാട്ടുകളും യാത്രക്കാരുടെ ആവശ്യപ്രകാരം പാടാറുണ്ട്
- ഡി.ഹേമചന്ദ്രൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |