
അമ്പലപ്പുഴ: യുവാവിനെ മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ പിടികൂടി. തകഴി പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ കുറുങ്ങാട് ലക്ഷം വീട് ഉന്നതിയിൽ താമസിക്കുന്ന മോജിത്ത് മോഹനനെ (40 ) ആണ് അമ്പലപ്പുഴ പൊലീസ് ഇൻസ്പെക്ടർ വിഷ്ണുകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം സാഹസികമായി പിടികൂടിയത്. 11 ന് രാത്രി 11 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. മുൻവൈരാഗ്യത്തിന്റെ പേരിൽ പ്രതിയുടെ അയൽവാസിയായ രതീഷ് (45) എന്നയാളുടെ വീട്ടിൽ ചെന്ന് കത്തിയ്ക്ക് തലയ്ക്ക് കുത്തിയും കൈയിലും ഷോൾഡറിലും വെട്ടിയും മാറിടങ്ങളിൽ ബ്ലേഡ് കൊണ്ട് വരിഞ്ഞും പരിക്കേൽപ്പിക്കുകയായിരുന്നു.രതീഷ് ബഹളം വെച്ചതിനെ തുടർന്ന് നാട്ടുകാർ ഓടിക്കൂടിയപ്പോൾ മോജിത്ത് അവിടെനിന്ന് കടന്നു കളഞ്ഞു. ഒളിവിൽപ്പോയ പ്രതിയെക്കുറിച്ച് രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ സ്ഥലത്ത് എത്തിയ പൊലീസിനെക്കണ്ട് പുലിമുഖം ഫെറിയുടെ സമീപത്തുനിന്ന് വെള്ളത്തിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ച മോജിത്തിനെ സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു. എസ്.ഐമാരായ ജയേഷ് ചന്ദ്രൻ, അഭയ് ചന്ദ്, രഞ്ജിത്, എ.എസ്.ഐ അബ്ദുൾ സലിം, സി.പി.ഒ അരുൺ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |