
തുറവൂർ: പള്ളിത്തോട് പൊഴിച്ചാലിൽ മാലിന്യം നിറഞ്ഞതോടെ ഉൾനാടൻ മത്സ്യമേഖല കടുത്ത പ്രതിസന്ധിയിൽ. ചെമ്മീൻ പീലിംഗ് ഷെഡുകളിൽ നിന്ന് പുറന്തള്ളുന്ന മാലിന്യമാണ് പൊഴിച്ചാലിനെ മലിനമാക്കുന്നത്. പൊഴിച്ചാലിലെ വെള്ളം കറുത്ത നിറത്തിലായിരിക്കുകയാണ്. പട്ടണക്കാട്, തുറവൂർ, കുത്തിയതോട് പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന അനധികൃത പീലിംഗ് ഷെഡുകളിൽ നിന്നുള്ള മാലിന്യമാണ് പൊഴിച്ചാലിൽ എത്തുന്നത്. അന്ധകാരനഴി തെക്കേ സ്പിൽവേയ്ക്ക് തെക്കുഭാഗത്തായി പ്രവർത്തിക്കുന്ന നിരവധി പീലിംഗ് ഷെഡുകളിൽനിന്ന് യാതൊരു നിയന്ത്രണവുമില്ലാതെ മാലിന്യം തോട്ടിലേക്ക് ഒഴുക്കുന്നതായും ആക്ഷേപമുണ്ട്. പഞ്ചായത്തുകളുടെ മൗനാനുവാദത്തോടെയാണ് ഇതു നടക്കുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു. മാലിന്യസംസ്കരണ സംവിധാനങ്ങളില്ലാതെയും നിയമങ്ങൾ പാലിക്കാതെയും പ്രവർത്തിക്കുന്ന പീലിംഗ് ഷെഡുകൾ അടച്ചുപൂട്ടാൻ ജില്ലാ കളക്ടർ ഉത്തരവിട്ടിട്ടും നടപടിയുണ്ടായില്ലെന്നും ആക്ഷേപമുണ്ട്.
ചെമ്മീനും കരിമീനും കിട്ടാനില്ല
മാലിന്യം കലർന്നതോടെ പൊഴിച്ചാലിലെയും സമീപ തോടുകളിലെയും മത്സ്യസമ്പത്ത് നശിച്ചതായി മത്സ്യത്തൊഴിലാളികൾ പറയുന്നു. ചീനവലകളും മറ്റു പരമ്പരാഗത സംവിധാനങ്ങളും ഉപയോഗിച്ച് ഉപജീവനം നടത്തുന്നവരാണ് ഇതോടെ ദുരിതത്തിലായത്. ചെമ്മീൻ, കരിമീൻ, വരാൽ, കണമ്പ്, സിലോപ്പി തുടങ്ങിയ മത്സ്യങ്ങൾ ഇപ്പോൾ ലഭിക്കുന്നില്ലെന്ന് തൊഴിലാളികൾ പറയുന്നു.ജലമലിനീകരണം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും പകർച്ചവ്യാധികൾക്കും വഴിവയ്ക്കുമെന്ന ആശങ്കയും ശക്തമാണ്. അന്ധകാരനഴി ഷട്ടറുകൾ അടിയന്തരമായി തുറന്ന് പൊഴിച്ചാലിലെ മലിനജലം ഒഴുക്കിക്കളയുന്നതിനും മാലിന്യം തള്ളുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിനും അധികൃതർ തയ്യാറാകണമെന്നാണ് നാട്ടുകാരുടെയും മത്സ്യത്തൊഴിലാളികളുടെയും ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |