ആലപ്പുഴ:കിഫ് ബി പദ്ധതികൾക്കെതിരെ സർക്കാർ നിലപാട് കടുക്കുമ്പോൾ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച ജനറൽ ആശുപത്രി വികസനം, പള്ളാത്തുരുത്തി -കൈനകരി-ഔട്ട് പോസ്റ്റ് പാലം പദ്ധതികൾ ത്രിശങ്കുവിൽ. ഭൂമി ഏറ്റെടുക്കൽ മുതൽ പുനരധിവാസം വരെ എത്തിയതും ആലപ്പുഴ നഗരത്തിന്റെയും കുട്ടനാടിന്റെയും സമഗ്ര വികസനത്തിന് ഉതകുന്നതുമായ രണ്ട് പദ്ധതികളുമാണ് ചോദ്യചിഹ്നമായത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ജനറൽ ആശുപത്രി ജംഗ്ഷൻ വികസനത്തിനായി 138 കോടി രൂപയുടെ പദ്ധതിയാണ് ആവിഷ്കരിച്ചത്.
കിഫ് ബി സാമ്പത്തിക സഹായത്തോടെ നടപ്പാക്കാനുദ്ദേശിച്ച സംസ്ഥാനത്തെ 20 ജംഗ്ഷൻ വികസന പദ്ധതികളുടെ ഭാഗമായിട്ടാണ് ജനറൽ ആശുപത്രി ജംഗ്ഷൻ വികസനത്തിനും പദ്ധതി തയ്യാറാക്കിയത്. എന്നാൽ സാമ്പത്തിക പ്രതിസന്ധിയും കിഫ്.ബി പദ്ധതികളിൽ നടപ്പാക്കാനുദ്ദേശിക്കുന്ന പൊളിച്ചെഴുത്തും കാരണം ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കിയ 7പദ്ധതികളൊഴികെ മറ്റൊന്നും പരിഗണിക്കേണ്ടെന്നാണ് ഉദ്യോഗസ്ഥർക്ക് ലഭിച്ചിരിക്കുന്ന നിർദേശം.
ഗവ.ടി.ഡി ജെ.ബി എൽ.പി സ്കൂൾ മുതൽ വടക്ക് ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ ജംഗ്ഷന് വടക്കുഭാഗം വരെയാണ് ജനറൽ ആശുപത്രി ജംഗ്ഷൻ വികസനത്തിനായി ഏറ്റെടുക്കാൻ പദ്ധതിയിട്ടത്. കെ.ആർ.എഫ്.ബി തയ്യാറാക്കിയ പദ്ധതി രേഖ പ്രകാരം വശങ്ങളിലെ വീടുകളും വ്യാപാര സ്ഥാപനങ്ങളും ഒഴിപ്പിച്ച് സ്ഥലം ഏറ്റെടുക്കുന്നതിനും പുനരധിവാസത്തിനുമാണ് 138 കോടിയുടെ പദ്ധതി തയ്യാറാക്കിയത്. റോഡിന് പടിഞ്ഞാറുവശത്തെ സ്ഥാപനങ്ങളാണ് ഇവയിൽ അധികവും. സ്കൂളുകൾ, എക്സൈസ് ഓഫീസ്, ജനറൽ ആശുപത്രി തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളും ഇതിൽ ഉൾപ്പെട്ടിരുന്നു. 1.26ഏക്കർ സ്ഥലം വേണ്ടിവരുമെന്നാണ് കണക്കാക്കിയിരുന്നത്.
രണ്ട് പദ്ധതികൾ ത്രിശങ്കുവിൽ
കുട്ടനാട് മേഖലയിലെ പ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതിയായിരുന്നു പള്ളാത്തുരുത്തി - കൈനകരി - ഔട്ട് പോസ്റ്റ് പാലവും അതുമായി ബന്ധപ്പെട്ട റോഡ് വികസനവും.
കൈനകരി, പള്ളാത്തുരുത്തി പാലത്തിന്റെയും അതിനോടനുബന്ധിച്ചുള്ള റോഡിന്റെയും നിർമ്മാണത്തിനായി റവന്യൂ വകുപ്പ് ഭൂമി ഏറ്റെടുക്കൽ നടപടികൾ പ്രഖ്യാപിച്ചിരുന്നതാ്ണ്
കിഫ്ബിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന ഉദ്യോഗസ്ഥരെ മാറ്റുകയും ആവശ്യമായ ജീവനക്കാരെ പകരം നിയമിക്കാതാകുകയും ചെയ്തതോടെ ഈ പദ്ധതിയും കുഴിച്ചുമൂടപ്പെടുന്ന സ്ഥിതിയാണ്
കൈനകരി പഞ്ചായത്തുൾപ്പെടെ കുട്ടനാടൻ ഗ്രാമങ്ങളിൽ നിന്ന് ജനങ്ങൾക്ക് ആലപ്പുഴ നഗരത്തിലേക്കും എ.സി റോഡിലേക്കും എളുപ്പത്തിൽ എത്തിച്ചേരാൻ സഹായകമാകുമായിരുന്ന പദ്ധതിയാണ് ഇത്
സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് ജനറൽ ആശുപത്രി ജംഗ്ഷൻ വികസനത്തിന് തടസമായത്. ഭൂമിഏറ്റെടുക്കലിനോ പുനരധിവാസത്തിനോ പുതുതായി നിർദേശങ്ങളൊന്നും ലഭിച്ചിട്ടില്ല
.- പ്രോജക്ട് മാനേജ് മെന്റ് വിഭാഗം, കിഫ്ബി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |