
ആലപ്പുഴ: അപകടവും രോഗം കാരണം ഉപേക്ഷിക്കപ്പെട്ട മിണ്ടാപ്രാണികൾക്ക് സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും തണലാകുകയാണ് കോന്നി മങ്ങാരം ഷീജ മൻസിൽ അജാസ് ലത്തീഫ് (36). റെന്റ് എ കാർ, റിയൽ എസ്റ്റേറ്റ് ബിസിനസുകൾക്കൊപ്പം അജാസ് എട്ട് വർഷമായി മിണ്ടാപ്രാണികളുടെ ജീവകാരുണ്യ രംഗത്തും സജീവമാണ്. നൂറുകണക്കിന് മൃഗങ്ങളെയാണ് അദ്ദേഹം ഇത്തരത്തിൽ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.
'ആരോ' എന്ന പേരിലുണ്ടായിരുന്ന എൻ.ജി.ഒ സംഘടനയുടെ ഭാഗമായിരുന്നപ്പോൾ, അപകടത്തിൽപ്പെട്ട നാല് നായക്കുട്ടികളെ ചികിത്സിച്ച് പരിപാലിക്കുകയും അവയെ ദത്ത് നൽകുകയും ചെയ്തതാണ് അജാസിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. തുടർന്ന് 2018 ലെ പ്രളയകാലം മുതലാണ് മിണ്ടാപ്രാണികളെ സംരക്ഷിക്കുന്നതിൽ സജീവമായത്. ആലപ്പുഴ - പത്തനംതിട്ട അതിർത്തിയിലും മാന്നാറിലുമായി 'പെറ്റ് പ്ലാനറ്റ്' എന്ന പേരിൽ പ്രവർത്തിക്കുന്ന ഷെൽട്ടർ ഹോമുകളിലാണ് മൃഗങ്ങളെ സംരക്ഷിക്കുന്നത്. ആലപ്പുഴ - പത്തനംതിട്ട അതിർത്തിയിൽ മാസം അയ്യായിരം രൂപ വാടകയ്ക്ക് എടുത്ത ഇരുപത് സെന്റ് സ്ഥലത്ത്, ആയിരം സ്ക്വയർ ഫീറ്റിൽ നിർമ്മിച്ച ഷെഡിലാണ് മൃഗങ്ങളെ പാർപ്പിച്ചിരിക്കുന്നത്.
ബിസിനസിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന് പുറമെ, മൃഗസ്നേഹികളിൽ നിന്നുള്ള സഹായം, പെറ്റ് ഷോകൾ, സോഷ്യൽ മീഡിയ വഴിയുള്ള വരുമാനം എന്നിവയാണ് സ്ഥാപനത്തിന്റെ മുന്നോട്ട് പോക്കിന് ആധാരം. രണ്ട് ജീവനക്കാർക്കായി മാസം നാൽപതിനായിരം രൂപ ശമ്പളയിനത്തിൽ നൽകണം. മൃഗങ്ങളുടെ തീറ്റച്ചെലവ് മാത്രം മൂവായിരം രൂപയ്ക്ക് മുകളിലാണ്. എന്നാൽ, ഈ രംഗത്ത് ലഭിക്കുന്ന സംതൃപ്തിയാണ് തന്നെ മുന്നോട്ട് നയിക്കുന്നതെന്ന് അജാസ് പറയുന്നു.
സർക്കാർ അംഗീകൃത സ്നേക്ക് റെസ്ക്യൂവർ കൂടിയാണ് അജാസ് . മൃഗസംരക്ഷണ രംഗത്തെ മികച്ച സേവനങ്ങൾക്കുള്ള പത്തനംതിട്ട മൃഗസംരക്ഷണ വകുപ്പിന്റെ പുരസ്കാരവും അജാസിനെ തേടിയെത്തിയിട്ടുണ്ട്. മാതാപിതാക്കളായ ലത്തീഫ്, ഷീജ, ഭാര്യ സജിനി, മക്കളായ അക്സ, ഐസം എന്നിവരടങ്ങുന്ന കുടുംബത്തിന്റെ പൂർണ്ണ പിന്തുണയും കാരുണ്യ പ്രവർത്തനങ്ങൾക്ക് പിന്നിലുണ്ട്.
60 നായ്ക്കൾ 7 കുതിരകൾ...
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മിണ്ടാപ്രാണികളാണ് അജാസിന്റെ കരുതലിനായി എത്തിച്ചേരുന്നത്. 60 നായ്ക്കൾ, ഏഴ് കുതിരകൾ, ഒരു വലിയ പോത്ത് (ഷെൽട്ടറിൽ തന്നെ ജനിച്ചു വളർന്നത്), ഒരു അംഗവൈകല്യമുള്ളതുൾപ്പെടെ മൂന്ന് പശുക്കിടാവുകൾ എന്നിവയെ നിലവിൽ സംരക്ഷിക്കപ്പെടുന്നുണ്ട്. മറ്റാരും രക്ഷിക്കാനില്ലെന്ന് ഉറപ്പുള്ള മൃഗങ്ങളെ എത്ര ദൂരത്തു നിന്നും അജാസ് ഏറ്റെടുക്കും.പരിചയക്കാർ വഴി ഷെൽട്ടറിലേക്ക് എത്തിച്ചാണ് യാത്രാ ചെലവ് പരമാവധി കുറയ്ക്കുന്നത്. രോഗ പരിചരണത്തിന് ശേഷം നായ്ക്കളെ ദത്ത് നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |