ആലപ്പുഴ : കർണാടകത്തിൽ നിന്ന് വിത്ത് ലഭ്യമാക്കുമെന്ന പ്രഖ്യാപനത്തിൽ മലക്കംമറിഞ്ഞ് സർക്കാർ. പാലക്കാടെത്തി വിത്തുവാങ്ങാനാണ് കർഷകർക്കുള്ള പുതിയ നിർദ്ദേശം. ഇങ്ങനെ വിത്ത് വാങ്ങുന്ന കർഷകർക്ക് വാഹനക്കൂലിയും ക്വിന്റലിന് അഞ്ച് കിലോ അധികവിത്തും ഓഫർ ചെയ്തിരിക്കുകയാണ് കൃഷി വകുപ്പ്. വിതസമയമായിട്ടും വിത്ത് ലഭിക്കാത്തതിൽ കർഷകരുടെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് കൃഷിവകുപ്പിന്റെ ഈ നിർദ്ദേശം വന്നത്.
ഒക്ടോബർ അവസാനവും നവംബർ ആദ്യവാരവുമായി വിത നിശ്ചയിച്ച കുട്ടനാട്ടിലുൾപ്പെടെ വിത്തില്ലാതെ കർഷകർ നെട്ടോട്ടമോടുകയാണ്. 2025-26 വർഷത്തെ നെൽവിത്തിന്റെ സംസ്കരണത്തിനായി ടെൻഡറിൽ പങ്കെടുത്ത കരാറുകാർ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്‌ച വരുത്തി.
വിത്ത് ലഭിക്കാത്തതിനെതിരെ ആലപ്പുഴയിൽ കർഷകരുടെയും പാടശേഖരസമിതികളുടെയും പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് കൃഷി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി പാലക്കാടെത്തി വിത്ത് ശേഖരിക്കാൻ ഉത്തരവിറക്കിയത്.
മഴമുന്നറിയിപ്പ് നൽകിയിരിക്കുന്ന സാഹചര്യത്തിൽ വിതയൊരുക്കങ്ങൾക്കിടെ ആലപ്പുഴയിൽ നിന്ന് കിലോമീറ്ററുകൾ താണ്ടി പാലക്കാടെത്തി എങ്ങനെ വിത്ത് സംഭരിക്കുമെന്നാണ് കർഷകരുടെ ചോദ്യം. പാലക്കാടെത്തി വിത്ത് ശേഖരിച്ചാൽ അത് നാട്ടിലെത്തിച്ച് പതിരും മാലിന്യങ്ങളും നീക്കി കുതിർത്ത് വിതയ്ക്ക് പാകമാക്കിയെടുക്കാൻ കുറഞ്ഞത് ഒരാഴ്ചയെടുക്കും. ഇക്കാരണത്താൽ പുഞ്ചകൃഷി ആരംഭിക്കാൻ നവംബർ മദ്ധ്യവാരമാകുമെന്നാണ് കർഷകർ ചൂണ്ടിക്കാട്ടുന്നത്.വിത വൈകുന്തോറും വിളവെടുപ്പും വൈകും. ഇത് ഉഷ്ണതരംഗത്തിൽ വലിയ കൃഷി നാശത്തിന് കാരണമാകും.
കർണാടക വിത്ത് എത്തില്ല,
മലക്കംമറിഞ്ഞ് സർക്കാർ
1. പാലക്കാട് നിന്ന് വാങ്ങുമ്പോൾ വാഹനക്കൂലിയ്ക്ക് പുറമേ കർഷകർക്ക് ക്വിന്റലിന് 5കിലോ അധികവിത്തും കൃഷിവകുപ്പ് ഉറപ്പ് നൽകിയിട്ടുണ്ട്
2. പതിരും മാലിന്യങ്ങളും മാറ്റാത്തതിനാൽ ക്വിന്റലിന് അഞ്ചു കിലോയാണ് പാക്കാട് വിത്ത് കൈവശമുള്ള കർഷകർ കിഴിവായി നൽകേണ്ടത്
3. വിത്തിന് കിലോഗ്രാമിന് 40 രൂപ നിരക്കിൽ വില നൽകണമെന്നും കൃഷിവകുപ്പിന്റെ ഉത്തരവിൽ നിർദ്ദേശമുണ്ട്
4. കൃഷിവകുപ്പും സർക്കാരും യഥാസമയം വിത്ത് എത്തിക്കാൻ നടപടി കൈക്കൊള്ളാത്തതാണ് പ്രതിസന്ധിക്ക് കാരണമായത്
കുട്ടനാട്ടിൽ ആവശ്യമുള്ള വിത്ത്
2000 ടൺ
വിത്തിനായി കർഷകർ പാലക്കാടേക്ക് പോകേണ്ടിവരുന്നത് കൃഷി വകുപ്പിന്റെ നിരുത്തരവാദിത്വത്തിന് തെളിവാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്തെപ്പോലെ കർഷകരെ അവഗണിക്കാതെ കൃഷി വകുപ്പ് മന്ത്രി ഇക്കാര്യത്തിൽ ഇടപെട്ട് പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ തയ്യാറാകണം
- സോണിച്ചൻ പുളിങ്കുന്ന്, വോയ്സ് ഫോർ ഗ്രേറ്റർ കുട്ടനാട്
കുട്ടനാട്ടിലാകമാനം 2,000 ടൺ വിത്ത് ഈ സീസണിൽ ആവശ്യമാണെന്നാണ് കണക്കാക്കിയിട്ടുള്ളത്. അതിൽ 1,500 ടൺ വിത്ത് എത്തിയിട്ടുണ്ട്. പുളിങ്കുന്ന് ഉൾപ്പെടെ വിത്ത് ലഭ്യമാകാത്ത സ്ഥലങ്ങളിലും രണ്ട് ദിവസത്തിനകം വിത്ത് ലഭ്യമാക്കും
- പ്രിൻസിപ്പൽ കൃഷി ഓഫീസ്, ആലപ്പുഴ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |