
ആലപ്പുഴ: എടത്വയിൽ ഡ്രോൺ ഉപയോഗിച്ചുള്ള വിത കർഷക തൊഴിലാളികൾ തടഞ്ഞു. എടത്വ പഞ്ചായത്ത് മൂന്നാം വാർഡിലെ കിഴക്കൻ കിളിയൻവേലി പാടത്ത് ഇന്നലെ രാവിലെയായിരുന്നു സംഭവം. 60 ഏക്കർ പാടത്തെ 25 ഏക്കറോളം സ്ഥലം വിതയ്ക്കാനായിരുന്നു കർഷകർ ഡ്രോണിന്റെ സഹായം തേടിയത്. ആലപ്പുഴയിൽ നിന്ന് ഡ്രോൺ സംഘം എത്തിയതിന് പിന്നാലെ പ്രദേശത്തെ കർഷക തൊഴിലാളികൾ സംഘടിച്ചെത്തി എതിർപ്പ് ഉന്നയിക്കുകയായിരുന്നു. വിത തടസപ്പെടുത്തുമെന്ന നിലയിലെത്തിയതോടെ ഡ്രോൺ സംഘം മടങ്ങി.
വിത്ത് ക്ഷാമത്തിനൊപ്പം കൂലിവർദ്ധനയും രാസവളങ്ങളുടെയും കീടനാശിനികളുടെയും വില വർദ്ധനയും നെല്ലിന്റെ സംഭരണവില യഥാസമയം ലഭ്യമാകാത്ത സാഹചര്യവുമെല്ലാം ചേർന്ന് കുട്ടനാട്ടിലെ കാർഷിക മേഖലയിൽ പ്രതിസന്ധിക്കിടയാക്കിയിരിക്കെ, ചെലവ് ചുരുക്കലിനും മികച്ച ഫലത്തിനും വേണ്ടിയാണ് നൂതന മാർഗങ്ങൾ സ്വീകരിക്കാൻ നിർബന്ധിതരായതെന്നാണ് കർഷകർ പറയുന്നത്. തൊഴിലാളികളുടെ എതിർപ്പിനെ തുടർന്ന് ഡ്രോൺസംഘം മടങ്ങിയതോടെ പരമ്പരാഗത രീതിയിൽ വിത പൂർത്തിയാക്കി.
ഉപജീവനത്തിന് തടസമെന്ന് വാദം
# ഡ്രോണുപയോഗിച്ച് ഒരു കിലേ വിത്ത് വിതയ്ക്കുന്നതിന് 22 രൂപയാണ് ചെലവ്. ഒരു ഏക്കറിൽ 1200 രൂപയ്ക്ക് വിത പൂർത്തിയാക്കാനാകും. പരമ്പരാഗത രീതിയിൽ വിതയ്ക്കുന്നതിനെ അപേക്ഷിച്ച് കുറച്ച് വിത്ത് മതിയെന്നതും വിതകൾ തമ്മിൽ കൃത്യമായ അകലം പാലിക്കുന്നതിനാൽ കള നീക്കൽ സുഗമമാക്കുന്നതിനൊപ്പം മികച്ച വിളവും ലഭിക്കുമെന്നതും നേട്ടമായി കർഷകർ ചൂണ്ടിക്കാട്ടുന്നു
# 60 ഏക്കറിലെ വിതയും വളം ഇടീലും വിളവെടുപ്പും ചുമടുമുൾപ്പെടെ തങ്ങളുടെ ഉപജീവനത്തിന് തടസമാകുന്നതിനാലാണ് ഡ്രോൺ വിതയെ എതിർത്തതെന്നാണ് കർഷക തൊഴിലാളികളുടെ വാദം. ഏതാനും ചില കർഷകർ മാത്രമാണ് ഡ്രോൺ പരീക്ഷണത്തിന് മുതിർന്നതെന്നും അവർ പറയുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |