SignIn
Kerala Kaumudi Online
Wednesday, 04 November 2026 5.41 AM IST

പ്ലാസ്റ്റിക്കിന്റെ വരവിൽ അടിതെറ്റി ഈറ്റത്തൊഴിലാളികൾ

ആലപ്പുഴ: കൃഷികുറഞ്ഞതും പ്‌ളാസ്റ്റിക്കിന്റെ ഉപയോഗം വർദ്ധിച്ചതും

പരമ്പരാഗത ഈറ്റത്തൊഴിലാളികളെ പട്ടിണിയിലാക്കി. കാർഷികരംഗത്ത് ആവശ്യമായിരുന്ന കുട്ട, വട്ടി, മുറം,പനമ്പ്,ഒറ്റാൽ, മീൻകൂട് തുടങ്ങിയ ഈറ്റയുൽപ്പന്നങ്ങൾക്ക് ആവശ്യക്കാർ കുറഞ്ഞതാണ് തിരിച്ചടിയായത്.

ഈറ്റയുടെ വില വർദ്ധനയും പ്ലാസ്റ്റിക്, അലുമിനിയം ഉത്പന്നങ്ങൾ വിപണി കീഴടക്കിയതും ഈറ്റ ഉത്പന്നങ്ങൾക്ക് ആവശ്യക്കാരില്ലാതാക്കി.

വിപണി പരിമിതമായതോടെ ഈറ്റയിലും പനമ്പിലും തീർത്ത ഉത്പന്നങ്ങൾ വർഷങ്ങളായി വില്പന നടത്തിവരുന്ന നിരവധി സ്ഥാപനങ്ങൾക്ക് താഴ് വീണു. വിവിധതരം കുട്ടകൾ, വട്ടികൾ, ചിരട്ടത്തവി, തൊപ്പികൾ, ചോറ് വാർക്കുന്ന അടപ്പ്, മുറം, പനമ്പുപായ തുടങ്ങിയ ഉത്പന്നങ്ങളാണ് ഇതോടെ വിസ്മൃതിയിലായത്. വർഷങ്ങൾക്ക് മുമ്പുവരെ ശക്തികുളങ്ങര, നീണ്ടകര ഹാർബറുകളിൽ മീൻ നിറയ്ക്കാൻ വലിയ പനമ്പ് കുട്ടകൾ ഉപയോഗിച്ചിരുന്നു. പ്ലാസ്റ്റിക് പെട്ടികൾ വന്നതോടെ ഇവയും അപ്രത്യക്ഷമായി.

ജില്ലയിൽ പത്ത് വർഷം മുമ്പ് 2,​500ൽ അധികം ഈറ്റത്തൊഴിലാളികൾ ഉണ്ടായിരുന്നിടത്ത് ഇപ്പോൾ 1000ൽ താഴെയായി. ഈറ്റ ഉത്പന്നങ്ങൾ വീടുകൾതോറും കൊണ്ടുനടന്ന് വിറ്റിരുന്നകാലത്ത് ആവശ്യക്കാർ കൂടുതലായിരുന്നു.എന്നാൽ,​ വിപണനമേളകൾ, വിനോദസഞ്ചാരകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽപ്പോലും ഇപ്പോൾ കാര്യമായ കച്ചവടം നടക്കുന്നില്ല.

ഈറ്റ കിട്ടാനില്ല

# 20എണ്ണം അടങ്ങിയ ഒരുകെട്ട് ഈറ്റയുടെ വില മൂന്ന് വർഷം മുമ്പ് 500രൂപയിൽ താഴെയായിരുന്നു. ഇപ്പോൾ അത് 1500 രൂപയാണ്

# സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയതോടെ ബാംബു കോർപ്പറേഷൻ സബ്‌സിഡി നിരക്കിൽ 20 എണ്ണത്തിന് 400 രൂപയാണ് ഈടാക്കുന്നത്

# ജില്ലയിൽ മാവേലിക്കര താലൂക്കിൽ മാത്രമാണ് ബാംബു കോർപ്പറേഷന്റെ ഡിപ്പോയുള്ളത്

# അംഗങ്ങളല്ലാത്തവർക്ക് സബ്‌സിഡിയോടെ ഈറ്റ ലഭിക്കില്ല.സ്വകാര്യ വ്യക്തികളിൽ നിന്ന് വാങ്ങാൻ 2000 രൂപ വരെ നൽകേണ്ടിവരും

ഈറ്റത്തൊഴിലാളികൾ ജില്ലയിൽ

പത്ത് വർഷം മുമ്പ് : 2,​500

നിലവിൽ: 1000ൽ താഴെ

കുലത്തൊഴിൽ ചെയ്യാൻ ആളില്ലാത്തതും മതിയായ വേതനം ലഭിക്കാത്തതും ഈ മേഖലയിൽ കൊഴിഞ്ഞുപോക്കിന് കാരണമായിട്ടുണ്ട്. ജില്ലയിൽ ആയിരക്കണക്കിന് തൊഴിലാളികൾ ഉണ്ടായിരുന്നിടത്ത് ഇപ്പോൾ നാമമാത്രമായി

-പ്രകാശ്, ഈറ്റ നെയ്ത്തു തൊഴിലാളി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL