
അരൂർ: ഓടിക്കൊണ്ടിരുന്ന കാറിന്റെ മുൻചക്രം ഊരിത്തെറിച്ചു, വേഗത കുറവായിരുന്നതിനാൽ വൻ അപകടം ഒഴിവായി. അരൂർ–അരൂക്കുറ്റി റോഡിൽ കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചോടെ അരൂർ കിഴക്കുഭാഗം എൻ.എസ്.എസ് കരയോഗം ഓഫീസിന് സമീപത്തെ വളവിലായിരുന്നു സംഭവം. അരൂർ അമ്പലം ജംഗ്ഷൻ മുതൽ അരൂക്കുറ്റി പാലം വരെയുള്ള ഭാഗം വീതി കുറഞ്ഞതും നിരവധി വളവുകളുള്ളതുമാണ്. ഇതിനിടെയാണ് ഓടിക്കൊണ്ടിരുന്ന കാറിന്റെ മുൻചക്രം ഊരിത്തെറിച്ചത്. കാർ റോഡിൽ കുടുങ്ങിയതോടെ ഒരു വരിയിലൂടെ മാത്രമാണ് വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിഞ്ഞത്. ഇതോടെ റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടു. കാർ അറ്റകുറ്റപ്പണി നടത്തി റോഡിൽനിന്ന് മാറ്റുന്നതുവരെ ഗതാഗതക്കുരുക്ക് തുടർന്നു. ആയിരക്കണക്കിന് വാഹനങ്ങൾ നിത്യേന കടന്നുപോകുന്ന പ്രധാന റോഡാണിത്. ഗതാഗതം തടസപ്പെട്ടതോടെ മറ്റു വാഹനങ്ങളിലെ യാത്രക്കാർ പുറത്തിറങ്ങി ഗതാഗതം നിയന്ത്രിക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |