ആലപ്പുഴ: തീരദേശ പാതയിൽ കൊല്ലം,തിരുവനന്തപുരം ഭാഗങ്ങളിലേക്ക് പകൽസമയത്ത് ട്രെയിൻ ലഭിക്കാൻ മണിക്കൂറുകൾ കാത്തിരിക്കണം. രാവിലെ 6.30ന് ഇന്റർസിറ്റി എക്‌സ്പ്രസ് കടന്നുപോയാൽ ചേർത്തല ഉൾപ്പെടെയുള്ള സ്റ്റേഷനുകളിൽ നിന്ന് കൊല്ലം ഭാഗത്തേക്ക് അടുത്ത പ്രതിദിന ട്രെയിൻ എത്തുന്നത് ഒമ്പത് മണിക്കൂറിന് ശേഷമാണ്. നേത്രാവതി എക്‌സ്പ്രസാണ് പിന്നീട് യാത്രക്കാർക്ക് ആശ്രയം. മൺസൂൺ കാലമല്ലാത്തപ്പോഴും ട്രെയിനുകളില്ലാത്ത ഇടവേള ഏഴര മണിക്കൂറോളമാണ്. ഏതാനും പ്രതിവാര ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ടെങ്കിലും ആലപ്പുഴയിൽ മാത്രമാണ് ഇവയ്ക്ക് സ്റ്റോപ്പുള്ളത്. ചേർത്തല, അമ്പലപ്പുഴ, ഹരിപ്പാട് തുടങ്ങിയ പ്രധാന സ്റ്റേഷനുകളിൽ നിന്നുള്ള യാത്രക്കാരാണ് ഇതുമൂലം ഏറെ ബുദ്ധിമുട്ടുന്നത്. കൊവിഡിന് മുമ്പ് എറണാകുളം-കായംകുളം പാസഞ്ചറും കൊല്ലം-എറണാകുളം മെമുവും സർവീസ് നടത്തിയിരുന്നെങ്കിലും കൊവിഡിനുശേഷം ഇവ പുനഃസ്ഥാപിച്ചിട്ടില്ല.
ഇപ്പോൾ രാവിലെ 9.30ന് ആലപ്പുഴയിലെത്തിയ ശേഷം വൈകിട്ട് 5.30 വരെ ഇവിടെ വെറുതെ കിടക്കുന്ന മെമു കൊല്ലം വരെ നീട്ടണമെന്നാണ് യാത്രക്കാരുടെ പ്രധാന ആവശ്യം. എന്നാൽ അമ്പലപ്പുഴ-കായംകുളം സ്റ്റേഷനിൽ രാവിലെ 6.30 മുതൽ 10 വരെ ഏർപ്പെടുത്തിയിട്ടുള്ള കോറിഡോർ ബ്ലോക്ക് ചൂണ്ടിക്കാട്ടിയാണ് റെയിൽവേ ഈ ആവശ്യം നിരാകരിക്കുന്നത്. കോറിഡോർ ബ്ലോക്കിന്റെ സമയം രാത്രിയിലേക്ക് പുനഃക്രമീകരിക്കുകയോ, ആലപ്പുഴയിൽ നിന്ന് രാവിലെ 9.45ന് പുറപ്പെട്ട് 10ന് ശേഷം അമ്പലപ്പുഴ കടക്കുന്ന രീതിയിൽ മെമു സർവീസ് കൊല്ലംവരെ നീട്ടുകയോ വേണമെന്നാണ് സംഘടനകളുടെ ആവശ്യം. അല്ലെങ്കിൽ ആലപ്പുഴ-കൊല്ലം പുതിയ സർവീസ് ആരംഭിക്കണം. കൊല്ലത്തുനിന്നുള്ള മടക്ക സർവീസ് നിശ്ചിത സമയത്ത് ആലപ്പുഴയിലെത്തിക്കാനായാൽ അവിടെനിന്ന് പുറപ്പെടുന്ന കണ്ണൂർ, ചെന്നൈ ട്രെയിനുകളിലേക്ക് യാത്രക്കാർക്ക് കണക്‌ഷൻ ലഭിക്കും. തിരുവനന്തപുരത്തുനിന്ന് ആലപ്പുഴ ഭാഗത്തേക്കുള്ള യാത്രക്കാരുടെ സ്ഥിതിയും വ്യത്യസ്തമല്ല രാവിലെ ഒൻപത് മണിയോടെ നേത്രാവതി എക്‌സ്പ്രസ് കടന്നുപോയാൽ പിന്നീടുള്ള ഇന്റർസിറ്റി എക്സപ്രസ് ലഭിക്കാൻ ഒമ്പത് മണിക്കൂർ കാത്തിരിക്കണം. കൊച്ചുവേളിയിൽനിന്നുള്ള മൈസൂരു എക്‌സ്പ്രസ് ഉണ്ടെങ്കിലും അതിനിടയിലും എട്ടുമണിക്കൂറോളം ഇടവേളയുണ്ട്.
കാത്തിരിക്കേണ്ടത് 9 മണിക്കൂർ
കൊല്ലത്തുനിന്ന് ആലപ്പുഴയിലേക്ക് സർവീസ് നടത്തുന്ന പാസഞ്ചർ ട്രെയിൻ ഞായറാഴ്ചകളിൽ ഓടാത്തതും പ്രതിസന്ധിയാണ്
രാവിലെ കോട്ടയത്തുനിന്ന് കൊല്ലത്തെത്തുന്ന ട്രെയിനിന്റെ റേക്ക് ഉപയോഗിച്ചാണ് ആലപ്പുഴ സർവീസ് നടത്തുന്നത്
ഞായറാഴ്ച ഈ റേക്ക് കൊല്ലത്ത് വെറുതെ കിടക്കുകയാണ്. അറ്റകുറ്റപ്പണികൾക്കായി ഉപയോഗിക്കുന്നുമില്ല
ഇതേ റേക്ക് ഉപയോഗിച്ചാണ് ഉച്ചകഴിഞ്ഞ് 3.50ന് കൊല്ലം-തിരുവനന്തപുരം പാസഞ്ചർ സർവീസ് നടത്തുന്നത്
ഈ രണ്ട് സർവീസുകൾക്ക് പകരം ആലപ്പുഴ-കൊല്ലം സർവീസായി ക്രമീകരിക്കണം
മെമു നീട്ടിയാലും നാലുമണിക്കൂറോളം ട്രെയിനുകളില്ലാത്ത ഇടവേള തുടരുമെങ്കിലും നിലവിലെ ദുരിതത്തിന് താത്കാലിക പരിഹാരമാകും. ഇതിനൊപ്പം കൊവിഡിന് മുമ്പ് സർവീസ് നടത്തിയിരുന്ന രണ്ട് പാസഞ്ചർ ട്രെയിനുകളും അടിയന്തരമായി പുനഃസ്ഥാപിക്കണം
രതീഷ് പൊന്നപ്പൻ,അഡ്വൈസർ
തിരുകൊച്ചി റെയിൽവേ കമ്മ്യൂട്ടേഴ്സ് വെൽഫെയർ അസോ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |