SignIn
Kerala Kaumudi Online
Sunday, 08 November 2026 4.39 AM IST

രജിസ്ട്രേഷൻ കടമ്പയിൽ കുടുങ്ങി ഹൗസ് ബോട്ടുകൾ

ആലപ്പുഴ: രജിസ്റ്ററിംഗ് പരിധിയിലെ ജലാശയങ്ങളിൽ മാത്രമായി ജലയാനങ്ങളുടെ സർവീസ് പരിമിതപ്പെടുത്തിയുള്ള മാരിടൈം ബോർഡ് ഉത്തരവ് മറ്റ് ജില്ലകളിൽ രജിസ്റ്റർ ചെയ്തശേഷം ആലപ്പുഴയിൽ സവാരി നടത്തുന്ന ഹൗസ് ബോട്ടുകൾക്ക് തിരിച്ചടിയാകും. മാരിടൈം ബോർഡ് അഡ്മിനിസ്ട്രേറ്റർ ഡോ.രത്തൻ ഖേൽക്കറാണ് കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

വേമ്പനാട്ട് കായലിൽ അന്യജില്ലകളിൽ നിന്നുള്ള ഹൗസ് ബോട്ടുകളുൾപ്പെടെയുള്ള ജലയാനങ്ങൾ സർവീസ് നടത്തുന്നത് ജില്ലയിലെ ഹൗസ് ബോട്ടുടമകളുടെയും ജീവനക്കാരുടെയും പരാതികൾക്കും കായൽ മലിനീകരണമുൾപ്പെടെ പരിസ്ഥിതി പ്രശ്നങ്ങൾക്കും കാരണമായിരിക്കെയാണ് മാരിടൈം ബോർഡിന്റെ ഉത്തരവിറങ്ങിയത്. കൊല്ലം, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്തശേഷം ആലപ്പുഴ കേന്ദ്രീകരിച്ച് സർവീസ് നടത്തിവരുന്ന നിരവധി ബോട്ടുകളുണ്ട്. ഇവ എത്രയും വേഗം ആലപ്പുഴ തീരം വിടാൻ പോർട്ട് ഓഫീസർ നിർദേശിച്ചിട്ടുണ്ട്. ആദ്യം ബോട്ടുടമകൾക്ക് നോട്ടീസ് നൽകും. ഒരാഴ്ചയ്ക്ക് ശേഷവും തീരംവിടാത്ത പക്ഷം താക്കീത് നൽകുകയും പിന്നീട് ബോട്ട് പിടിച്ചെടുക്കലുൾപ്പെടെയുള്ള നടപടികൾ കൈക്കൊള്ളുകയും ചെയ്യും. വേമ്പനാട്ട് കായൽ കേന്ദ്രീകരിച്ചാണ് ആലപ്പുഴയിൽ ഹൗസ് ബോട്ട് സർവീസ് നടക്കുന്നത്. സെന്റർ ഫോർ വാട്ടർ റിസോഴ്സ് ഡവലപ്മെന്റ് ആന്റ് മാനേജ്മെന്റിന്റെ പഠനത്തിൽ വേമ്പനാട്ട് കായലിൽ താങ്ങാവുന്നതിന്റെ ഇരട്ടി ഹൗസ് ബോട്ടുകൾ സർവീസ് നടത്തുന്നത് ഗുരുതരമായ പരിസ്ഥിതി പ്രശ്നങ്ങൾക്ക് കാരണമാകുന്നതായി കണ്ടെത്തിയിരുന്നു.

അന്യജില്ലകളിൽ രജിസ്റ്റർ ചെയ്തവ ആലപ്പുഴ വിടണം

1. അന്യജില്ലകളിൽ നിന്നുള്ള ബോട്ടുകൾ മടങ്ങിപ്പോകണമെന്ന് നിർദ്ദേശം നൽകിയിരുന്നെങ്കിലും കൊടുങ്ങല്ലൂർ രജിസ്ട്രേഷനിലുള്ള ബോട്ടുടമകൾ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയിരുന്നു

2. വർഷങ്ങളായി സ്റ്റേ ഉത്തരവിൽ സർവീസ് തുടരുകയും പരിസ്ഥിതിപ്രശ്നങ്ങളും കായൽ മലീനീകരണവും രൂക്ഷമാകുകയും ചെയ്തതോടെ സംസ്ഥാന സർക്കാർ ഇൻലാൻഡ് വെസൽ ആക്ടിൽ ഭേദഗതി വരുത്തി

3. ഇതനുസരിച്ചാണ് മാരിടൈംബോർഡിന്റെ പുതിയ ഉത്തരവുണ്ടായത്. രജിസ്റ്റർ ചെയ്ത പ്രദേശത്ത് ജലാശയങ്ങളിൽ സർവീസ് നടത്താനാണ് ഭേദഗതി പ്രകാരം ബോട്ടുകൾക്ക് അനുമതിയുളളത്

ഹൗസ് ബോട്ടുകൾ

 ആലപ്പുഴയിൽ നിലവിൽ: 1500

 കൊല്ലം,​ കൊടുങ്ങല്ലൂർ രജിസ്ട്രേഷൻ: 700-750

ഉത്തരവിന്റെ അടിസ്ഥാനത്തിൽ ആദ്യം നോട്ടീസ് നൽകും. അതിനുശേഷവവും മടങ്ങാൻ കൂട്ടാക്കാത്തവർക്ക് താക്കീത് നൽകും. അതും അനുസരിക്കാൻ കൂട്ടാക്കാതിരുന്നാൽ ബോട്ട് പിടികൂടി നിയമ നടപടികൈക്കൊള്ളും

- പോർട്ട് ഓഫീസർ,​ ആലപ്പുഴ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL