SignIn
Kerala Kaumudi Online
Thursday, 22 October 2026 5.58 PM IST

 കടൽപ്പായൽ കൃഷി മികവിന്റെ കേന്ദ്രമാകാൻ സി.എം.എ.എഫ്.ആർ.ഐ

payal2

കൊച്ചി: രാജ്യത്ത് കടൽപ്പായൽ കൃഷിയും ഉത്പാദനവും വർദ്ധിപ്പിക്കാനും പ്രചാരണവും ലക്ഷ്യമിട്ട് കൊച്ചിയിലെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തെ (സി.എം.എ.എഫ്.ആർ.ഐ) മികവിന്റെ കേന്ദ്രമായി (സെന്റർ ഒഫ് എക്‌സലൻസ്) കേന്ദ്ര സർക്കാർ തിരഞ്ഞെടുത്തു. കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തിന്റെതാണ് നടപടി.

പദ്ധതിപ്രകാരം സി.എം.എഫ്.ആർ.ഐയുടെ തമിഴ്‌നാട്ടിലെ മണ്ഡപം പ്രാദേശിക കേന്ദ്രത്തിൽ കടൽപ്പായൽക്കൃഷി ഗവേഷണം, വികസനപ്രവർത്തനങ്ങൾ, പരിശീലനം, മാനവശേഷി വികസനം തുടങ്ങിയവ നടപ്പാക്കും.

ആഗോള കടൽപ്പായൽ വ്യവസായത്തിൽ ഇന്ത്യയുടെ പങ്ക് ഉയർത്തുന്നതിനായി കേന്ദ്രം പ്രവർത്തിക്കും. സുസ്ഥിര കടൽപ്പായൽ കൃഷിരീതികൾ പ്രോത്സാഹിപ്പിക്കും. മേഖലയിലെ പ്രധാന വെല്ലുവിളികൾ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളുണ്ടാകും. സമുദ്ര വിഭവ സാമ്പത്തിക വളർച്ചയ്ക്കും തീരദേശ ഉപജീവനത്തിനും പരിസ്ഥിതി സംരക്ഷണത്തിനും കടൽപ്പായൽ കൃഷി മുതൽക്കൂട്ടാകുമെന്ന് അധികൃതർ പറഞ്ഞു.

സി.എം.എ.എഫ്.ആർ.ഐയുടെ ദൗത്യം

സാങ്കേതികവിദ്യകൾ മെച്ചപ്പെടുത്തുന്നതുൾപ്പെടെയുള്ള പഠനങ്ങൾക്ക് നേതൃത്വം

നാടൻ കടൽപ്പായൽ ഇനങ്ങളുടെ ജനിതക വൈവിദ്ധ്യം നിലനിറുത്തുന്നതിന് വിത്തു ബാങ്ക് സ്ഥാപിക്കും

ഗുണനിലവാരമുള്ള തൈകളുടെ ലഭ്യതയും വിതരണവും ഉറപ്പുവരുത്തും

സുസ്ഥിരത നിലനിറുത്താൻ പരിസ്ഥിതി ആഘാതപഠനങ്ങൾ നടത്തും

കർഷകർക്കും സംരംഭകർക്കും പരിശീലനപദ്ധതികൾ നടപ്പാക്കും

ആഗോളതലത്തിൽ സ്ഥാപനങ്ങളുമായും വിദഗ്ദ്ധരുമായും സഹകരണബന്ധം സ്ഥാപിക്കും

കടൽപ്പായൽ ഔഷധം

വാണിജ്യസാദ്ധ്യത ഏറെയുള്ള കാർഷിക ഉത്പന്നമാണ് കടൽപ്പായൽ. ഭക്ഷണം, മരുന്നുകൾ, ഫാർമസ്യൂട്ടിക്കൽസ്, തുണിത്തരങ്ങൾ, രാസവസ്തുക്കൾ, മൃഗങ്ങളുടെ തീറ്റ തുടങ്ങിയ വ്യവസായങ്ങൾക്ക് അസംസ്കൃതവസ്തുവാണ്. ആഭ്യന്തര ആവശ്യങ്ങൾക്ക് തികയുന്നില്ല. ചൈന, ജപ്പാൻ, കൊറിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് വ്യവസായിക ആവശ്യങ്ങൾക്ക് ഇറക്കുമതി ചെയ്യുന്നത്.

 കൃഷി തമിഴ്നാട്ടിൽ

ഇന്ത്യയിൽ തമിഴ്നാട് തീരത്താണ് കൃഷിയുള്ളത്. മണ്ഡപം കേന്ദ്രീകരിച്ച് സ്വകാര്യ സംരംഭകർ കൃഷി ചെയ്യുന്നുണ്ട്. കേരളത്തിൽ സാദ്ധ്യതകൾ പഠിക്കാൻ സംസ്ഥാന ഫിഷറീസ് വകുപ്പും സി.എം.എഫ്.ആർ.ഐയും പഠനം ആരംഭിച്ചിട്ടുണ്ട്. ഫാറ്റിലിവറിനെ ചെറുക്കാൻ കഴിയുന്ന കടൽമീൻ ലിവ്ക്യുവർ എക്‌സ്ട്രാക്ട് ഉൾപ്പെടെ ഉത്പന്നങ്ങൾ കടൽപ്പായയിൽ നിന്ന് സി.എം.എഫ്.ആർ.ഐ വികസിപ്പിച്ചിട്ടുണ്ട്.

ഇന്ത്യയിലെ കടൽപ്പായൽ ഉത്പാദന,വികസന രംഗത്ത് നിർണായക ചുവടുവയ്പ്പാണിത്.

ഡോ. ഗ്രിൻസൺ ജോർജ്

ഡയറക്‌ടർ

സി.എം.എഫ്.ആർ.ഐ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, CMFRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL