
ചോറ്റാനിക്കര: ദുർഗാഷ്ടമി ദിനത്തിൽ ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ ആസ്വാദകസഹസ്രങ്ങളെ പഞ്ചാരിയിൽ ലയിപ്പിച്ച്
പവിഴമല്ലിത്തറയ്ക്കുമുന്നിൽ വീണ്ടും കൊട്ടിക്കയറി നടൻ ജയറാം. നവരാത്രി ഉത്സവത്തോടനുബന്ധിച്ച് 11-ാം തവണയാണ് ജയറാം മേള പ്രമാണിയായി ചോറ്റാനിക്കര അമ്മയുടെ മൂലസ്ഥാനമായ പവിഴമല്ലിത്തറയ്ക്ക് മുന്നിലെ മേളം നടക്കുന്നത്. രാവിലെ 9.15ന് ആരംഭിച്ച മേളം രണ്ടരമണിക്കൂർ നീണ്ടു. 187 കലാകാരൻമാർ അണിനിരന്നു.
പതികാലത്തിൽ താളമിട്ടുതുടങ്ങിയ പഞ്ചാരിയുടെ വാദ്യസൗകുമാര്യത്തിനുമുന്നിൽ ആസ്വാദകർ കൈയും കലാശവുമായി ഒപ്പംകൂടി. ജയറാമിനൊപ്പം ഇടന്തലയിൽ ഇരുപുറവുമായി ചോറ്റാനിക്കര സത്യൻ നാരായണമാരാരും ആനിക്കാട് കൃഷ്ണകുമാർ മാരാരും അണിനിരന്നു. പഞ്ചാരിയുടെ നാലു കാലങ്ങൾ ആസ്വാദകരെ ആവേശത്തിലാക്കി.
ശീവേലിക്ക് എഴുന്നള്ളിയ മൂന്ന് ഗജവീരൻമാരോടൊപ്പം ക്ഷേത്രം പ്രദക്ഷിണം വച്ച് അഞ്ചാംകാലംകൊട്ടി വീണ്ടും പവിഴമല്ലിത്തറയ്ക്ക് മുന്നിലെത്തി കൊട്ടിക്കയറിയാണ് മേളം കലാശിച്ചത്. ഇടന്തലയിൽ ചോറ്റാനിക്കര സത്യൻ നാരായണൻമാരാർ, ആനിക്കാട് കൃഷ്ണകുമാർ, ആനിക്കാട് ഗോപകുമാർ ഉൾപ്പെടെ 17പേരും വലന്തലയിൽ തിരുവാങ്കുളം രഞ്ജിത്ത്, ഉദയനാപുരം മണി മാരാർ, പുറ്റുമാനൂർ മഹേഷ് മാരാർ അടക്കം 50പേരും അണിനിരന്നു . ചോറ്റാനിക്കര വേണുഗോപാൽ, ചോറ്റാനിക്കര ജയൻ, ചോറ്റാനിക്കര സുനിൽ, രവിപുരം ജയൻ, ചോറ്റാനിക്കര രാജു ബാഹുലേയ മാരാർ തുടങ്ങി 50 പേരുടെ ഇലത്താളവും മച്ചാട് ഹരിദാസ്, ഉദയനാപുരം ഷിബു എന്നിവരുടെ 25ൽ അധികം കൊമ്പുസംഘവും പെരുവാരം സതീശൻ, കൊടകര അനൂപ്, കാലടി രാജേഷ്, പുതൂർക്കര ദീപു എന്നിവരുടെ 25 കുറുങ്കുഴൽ സംഘവും മേളത്തിനു കൊഴുപ്പേകി. കഴിഞ്ഞ 11 വർഷമായി പവിഴമല്ലിത്തറ മേളത്തിന്റെ വാദ്യസംയോജനം ചോറ്റാനിക്കര സത്യൻ നാരായണ മാരാരുടെ നേതൃത്വത്തിലാണ് നടന്നുവരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |