
കൊച്ചി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കളമശേരിയിലെ എച്ച്.എം.ടി യൂണിറ്റ് വികസിപ്പിക്കാനായി പുനരുദ്ധാരണ പാക്കേജ് അനുവദിക്കുമെന്ന് കേന്ദ്ര ഘനവ്യവസായമന്ത്രി എച്ച്.ഡി. കുമാരസ്വാമി അറിയിച്ചു. എച്ച്.എം.ടിയുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഹൈബി ഈഡൻ എം.പി നൽകിയ നിവേദനത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
പ്രവർത്തന മൂലധനത്തിന്റെയും മനുഷ്യശേഷിയുടെയും കുറവുമൂലം കളമശേരി യൂണിറ്റിന്റെ പ്രവർത്തനം വർഷങ്ങളായി മന്ദഗതിയിലാണെന്ന ഹൈബി അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ കാര്യമായ പിന്തുണയില്ലായിരുന്നിട്ടും 2023നും 2014 നുമിടയിൽ പ്രതിവർഷം ശരാശരി 6.54 കോടി രൂപ പ്രവർത്തന ലാഭം നേടി. ലോകമെമ്പാടും കൊവിഡ് വ്യവസായങ്ങളെ സാരമായി ബാധിച്ച 2020-2ൽപ്പോലും കളമശേരി യൂണിറ്റിന് 11.89 കോടി രൂപ പ്രവർത്തനലാഭം നേടാൻ കഴിഞ്ഞു. എച്ച്.എം.ടിയുടെ മറ്റ് നാല് യൂണിറ്റുകൾ വർഷങ്ങളായി നഷ്ടത്തിലാണ്.
എച്ച്.എം.ടി യൂണിറ്റിന്റെ സ്ഥിതി പഠിക്കാൻ മന്ത്രി എച്ച്.ഡി. കുമാരസ്വാമി ഒരുമാസം മുമ്പ് കളമശേരിയിൽ എത്തിയിരുന്നു. യൂണിറ്റിന്റെ പുനരുദ്ധാരണം സംബന്ധിച്ച നിർദ്ദേശങ്ങളും മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ചർച്ച ചെയ്തിരുന്നു.
വേണം പുനരുജ്ജീവന പദ്ധതി
പ്രവർത്തനങ്ങൾ സുസ്ഥിരമാക്കുന്നതിനും സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തുന്നതിനും ചരിത്രപരമായ പൈതൃകം പ്രയോജനപ്പെടുത്തുന്നതിനും പ്രൊഫഷണൽ മാനേജ്മെന്റിന്റെ നേതൃത്വത്തിൽ പുനരുജ്ജീവന പദ്ധതി നടപ്പാക്കണമെന്നും ഹൈബി ഈഡൻ ആവശ്യപ്പെട്ടു.
നേരിടുന്ന വെല്ലുവിളികൾ
1. കാലഹരണപ്പെട്ട നയങ്ങൾ
2.കാലതാമസം നേരിടുന്ന ജീവനക്കാരുടെ ശമ്പള വിതരണം,
3. തൊഴിൽശക്തിയിലെ കുറവും വിരമിക്കൽ നയവും
4. വൈകുന്ന വിരമിക്കൽ ആനുകൂല്യങ്ങൾ
5. കാലഹരണപ്പെട്ട സ്ഥാനക്കയറ്റം
6. പരിശീലനം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |