കൊച്ചി: ജില്ലാ കോടതി പരിസരത്ത് അഭിഭാഷക ദമ്പതികളെ ഓട്ടോ ഡ്രൈവർ മർദ്ദിച്ചതായി പരാതി. ഹൈക്കോടതിയിലും ജില്ലാ കോടതിയിലും അഭിഭാഷകരായ തൃപ്പൂണിത്തുറ പത്താറയിൽ വീട്ടിൽ കെ.എസ്. ബിനോയ് (36), ഭാര്യ കൃഷ്ണ രാജേന്ദ്രൻ (34) എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇന്നലെ രാവിലെ 10.45നാണ് കേസിനാസ്പദമായ സംഭവം.
ദമ്പതികൾ കാറിൽ പടിഞ്ഞാറേ ഗെയ്റ്റ് വഴി കോടതിയിലേയ്ക്ക് വരുമ്പോൾ ഓട്ടോ എതിരെ വന്നു. കാർ മാറ്റാൻ ആവശ്യപ്പെട്ടപ്പോൾ ഓട്ടോ ഡ്രൈവർ കൃഷ്ണ രാജേന്ദ്രനോട് അസഭ്യം പറഞ്ഞു. ഇത് ചോദ്യം ചെയ്ത ബിനോയിയെ ഇയാൾ കരണത്തടിച്ചു. ഓട്ടോയുടെ താക്കോൽ കൊണ്ട് കൈയിൽ മുറിവേല്പിച്ചെന്നും മർദ്ദിക്കുന്നത് തടുക്കാൻചെന്ന കൃഷ്ണയെ തള്ളിയിട്ടെന്നും പരാതിയിലുണ്ട്.
ഇരുവരും എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. പ്രിൻസിപ്പൽ ജില്ലാ ജഡ്ജിനും സെൻട്രൽ പൊലീസിനും ഇരുവരും പരാതി നൽകി. സെൻട്രൽ പൊലീസ് ഇവരുടെ മൊഴിരേഖപ്പെടുത്തി. പ്രതിയെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. ഓൾ ഇന്ത്യാ ലായേഴ്സ് യൂണിയൻ അംഗങ്ങളാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |