
കൊച്ചി: രാജ്യത്തെമ്പാടും അനാവശ്യഭീതി പരത്തുന്ന എച്ച്.എം.പി.വി വൈറസ് ലോകത്ത് ആദ്യമായി കണ്ടെത്തുന്ന രോഗമോ പുതിയ മഹാമാരിയോ അല്ലെന്ന് ആരോഗ്യ വിദഗ്ദ്ധർ. ആശങ്കപ്പെടേണ്ട സാഹചര്യങ്ങളില്ലെന്നും ഐ.എം.എ കൊച്ചി പ്രസിഡന്റ് ഡോ. ജേക്കബ് എബ്രഹാം, ഐ.എം.എ കൊച്ചി സയിന്റിഫിക് കമ്മിറ്റി ചെയർമാനും മുഖ്യവക്താവുമായ ഡോ. രാജീവ് ജയദേവൻ, ഡോ. എം.ഐ. ജുനൈദ് റഹ്മാൻ, ഐ.എ.പി മുൻ ദേശീയ പ്രസിഡന്റ് ഡോ. സച്ചിദാനന്ദ കമ്മത്ത്, ഐ.എ.പി മുൻ സംസ്ഥാന പ്രസിഡന്റ് ഡോ. എം. നാരായണൻ എന്നിവർ പറഞ്ഞു.
സാമൂഹിക മാദ്ധ്യമങ്ങളിലൂടെ വരുന്ന തെറ്റായ വാർത്തകളാണ് ഭീതിയിലാഴ്ത്തുന്നത്. പണ്ടു മുതലേയുള്ള ഈ രോഗം പലർക്കും വന്നിട്ടുണ്ടാകാം. ചൈനയിലെെ ആശുപത്രികളിൽ സാധാരണയുണ്ടാകുന്ന തിരക്കിന്റെ ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ വീണ്ടും മഹാമാരിയെന്ന് കാട്ടി അനാവശ്യ ഭീതി പരത്തുന്നതെന്നും ഡോക്ടർമാർ പറഞ്ഞു.
ചൈനയിലെ ചികിത്സാ രീതി വ്യത്യസ്തം
ഇന്ത്യയിലേതുപോലെയല്ല ചൈനയിലെ ചികിത്സാരിതീ. ഇന്ത്യയിൽ ജലദോഷമോ പനിയോ വന്നാൽ അടുത്തുള്ള ചെറിയ ക്ലിനിക്കുകളിലാണ് ആദ്യം കാണിക്കുക. ചൈനയിൽ വലിയ ആശുപത്രിയിലാണെത്തുക. ഒപ്പം ഡ്രിപ് ഇടുന്നതും ശീലമാണ്. ചൈനയിൽ ശൈത്യകാലമാണിപ്പോൾ. ഈ സമയത്ത് രോഗം കൂടുതലായുണ്ടാകാം.
ശ്വാസകോശ രോഗികൾ ശ്രദ്ധിക്കണം
ആസ്ത്മ, അലർജി, ശ്വാസകോശ രോഗങ്ങളുള്ളവർക്ക് എച്ച്.എം.പി.വി ബുദ്ധിമുട്ടുണ്ടാക്കാം. ആശുപത്രിവാസവും വേണ്ടിവരാം
മറ്റുള്ളവരിൽ ഇത് വന്നു പോകുന്നതു പോലും അറിയില്ല. ആന്റി ബോഡിയും ശരീരത്തിൽ രൂപപ്പെട്ടിട്ടുണ്ടാവും.
കൊവിഡുമായി താരതമ്യം ചെയ്യാൻ സാധിക്കുന്ന ഒന്നല്ല എച്ച്.എം.പി.വി.
ജലദോഷം വരുത്തുന്ന വൈറസാണിത്.
ക്വാറന്റൈൻ ആവശ്യമില്ല
വീട്ടിൽ വിശ്രമിച്ചാൽ മതി.
24 മണിക്കൂർ മുതൽ നാലുദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങളുണ്ടാകും. ഏഴുദിവസത്തിനുള്ളിൽ മാറും.
മരുന്നോ വാക്സിനോ ഇല്ല
എച്ച്.എം.പി.വൈറസിനെതിരെ പ്രത്യേക മരുന്നുകളോ വാക്‌സിനുകളോ ഇല്ല. ശ്വാസകോശ രോഗമുള്ളവരെയും കുട്ടികളെയും പ്രായമായവരെയും രോഗപ്രതിരോധ ശേഷി കുറഞ്ഞവരെയുമാണിത് കൂടുതൽ ബാധിക്കുന്നത്. അവർ കൂടുതൽ ശ്രദ്ധിച്ചാൽ മതി. മാസ്ക് ധരിക്കുകയും സാനിട്ടൈസർ ഉപയോഗിക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |