SignIn
Kerala Kaumudi Online
Thursday, 22 October 2026 6.08 PM IST

നാട്ടിടവഴികളിൽ നാഗസ്വര, നൈയാണ്ടിമേളം മുഴങ്ങുന്നു!

darapuram

പെരുമ്പാവൂർ: കൂവപ്പടിയിലെ ഗ്രാമവീഥികളിലൂടെ കഴിഞ്ഞ ഒരാഴ്ചയായി പകലിരവുകളില്ലാതെ തമിഴ്നാട്ടുകാരനായ ധാരാപുരം പി. ദേവരാജന്റെയും സംഘത്തിന്റെയും നാഗസ്വര, നൈയാണ്ടി മേളം മുഴങ്ങി. കൂവപ്പടി മാരിയമ്മൻ കോവിലിൽ നിന്നുള്ള അഗ്നികരകമേന്തുന്ന ഭക്തസംഘത്തിന്റെ അകമ്പടിവാദ്യക്കാരാണ് ഇവർ. 20 വർഷമായി നാഗസ്വര മേളവുമായി ആണ്ടിലൊരിക്കൽ പി. ദേവരാജൻ കൂവപ്പടിയിലുണ്ടാകും.

തമിഴ്‌നാട് തിരുപ്പൂർ ധാരാപുരം പൊന്നുസ്വാമി മുതലിയാർ ശൈലിയുടെ പ്രയോക്താവായി അദ്ദേഹത്തിന്റെ ശിഷ്യൻ ധാരാപുരം ദേവരാജൻ സീവാളിയൂതിത്തുടങ്ങിയിട്ട് നാലു പതിറ്റാണ്ടു പിന്നിട്ടിരിക്കുന്നു. അച്ഛൻ ധാരാപുരം ബൽരാജ് തമിഴ്‌നാട്ടിലെ പ്രശസ്തനായ നാഗസ്വര കലാകാരനായിരുന്നു. 13-ാം വയസിൽ തുടങ്ങിയതാണ് ദേവരാജന്റെ സംഗീതോപാസന. കർണാടകസംഗീത ശൈലിയാണെങ്കിലും തമിഴ് നാടോടിസംഗീത ഗണത്തിൽ വരുന്ന, ത്രസിപ്പിക്കുന്നതും ചടുലവുമായ നൈയാണ്ടി മേളത്തിലെ അമരക്കാരനായിട്ടാണ് ധാരാപുരം ദേവരാജൻ അറിയപ്പെടുന്നത്. കർണ്ണാടകസംഗീതക്കച്ചേരികളും ഫ്യൂഷനും വേദികളിൽ അവതരിപ്പിക്കാറുണ്ട്.

ജില്ലയിൽ പലയിടങ്ങളിലുമുള്ള തമിഴ് വംശജരുടേതായ അമ്മൻകോവിലുകളിൽ കരകാട്ടത്തിനു സ്ഥിരമായി മേളമൊരുക്കുന്നത് ദേവരാജന്റെ നേതൃത്വത്തിലുള്ള സംഘമാണ്. എറണാകുളം സ്വദേശിനിയായ രാജലക്ഷ്മിയാണ് ദേവരാജന്റെ ഭാര്യ. രണ്ടു പെൺമക്കൾ: ദിവ്യയും ദീപയും.

മൂന്ന് മുതലാണ് മാരിയമ്മൻകോവിലിലെ അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന അമ്മൻകുടം ഉത്സവം. ഒരു നൂറ്റാണ്ടു മുമ്പ് കൂവപ്പടിയിൽ കുടിയേറിപ്പാർത്ത വാണിക -വൈശ്യ വിഭാഗത്തിന്റെ ധർമ്മദൈവസ്ഥാനമാണ്‌ കൂവപ്പടി യിലെ മാരിയമ്മൻ കോവിൽ. ദേവരാജനോടൊപ്പം ധാരാപുരം വീരസ്വാമിയും ഇത്തവണ നാഗസ്വരം വായിക്കാനെത്തിയിരുന്നു. ഭൂപതി പളനി, രവി തിരുപ്പൂർ, കൊടുവായ് നല്ലമുത്തു, എന്നിവരാണ് തവിൽ കൈകാര്യം ചെയ്തത്. പമ്പ കൊട്ടുന്നത് പളനിയിൽ നിന്നുള്ള മായാകൃഷ്ണനും ഗോപാലുമായിരുന്നു. മഞ്ഞൾനീരാട്ടിനു ശേഷം കരകം ചൊരിയുന്നതോടെ അമ്മൻകുടം ഉത്സവത്തിനു സമാപനമായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL