
നെടുമ്പാശേരി: നാല് വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ സി.പി.എം പ്രാദേശിക നേതാവ് ചെങ്ങമനാട് തേലത്തുരുത്ത് കുത്തിയതോട് ബംഗ്ലാവ് പറമ്പിൽ സുബ്രഹ്മണ്യനെ (55) ചെങ്ങമനാട് പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് നടപടി.
പ്രതിയെ പൊലീസ് സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിയമസഭയിൽ ആക്ഷേപമുന്നയിച്ചതിനു പിന്നാലെയാണ് അറസ്റ്റ്. പ്രതിയെ അറസ്റ്റ് ചെയ്യാത്തതിനെതിരെ കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. കേസിൽപ്പെട്ടതിന് പിന്നാലെ ഇയാളെ സി.പി.എം പുറത്താക്കിയിരുന്നു.
പുത്തൻവേലിക്കരയിൽ നാല് വയസുകാരിയെ അയൽവാസി സുബ്രഹ്മണ്യൻ പീഡിപ്പിച്ച സംഭവത്തിൽ ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ നിയമസഭയിൽ പറഞ്ഞിരുന്നു. ചെങ്ങമനാട് സ്റ്റേഷനിൽ പോക്സോ, ബി.എൻ.എസ് എന്നിവ ചുമത്തി കേസെടുത്തതായും മുഖ്യമന്ത്രി പറഞ്ഞു. പ്രാദേശിക സി.പി.എം നേതാവായ പ്രതിയെ അറസ്റ്റുചെയ്യാതെ സംരക്ഷിക്കുകയാണെന്ന് സബ്മിഷൻ ഉന്നയിച്ച പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു.
കുട്ടിയെ ആലുവ ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്തി. അതിന്റെ അടിസ്ഥാനത്തിൽ പോക്സോ നിയമത്തിലെ കൂടുതൽ വകുപ്പുകൾ കൂടി ഉൾപ്പെടുത്തി ഊർജ്ജിതമായ അന്വേഷണം നടത്തിവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇത്തരം കേസുകളിൽ കുറ്റവാളികൾക്ക് യാതൊരു സംരക്ഷണവും സർക്കാർ നൽകില്ല. കുറ്റവാളിയെ കണ്ടെത്തി പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |