
കൊച്ചി: ഒരിടവേളയ്ക്ക് ശേഷം ജില്ലയിലേക്ക് കഞ്ചാവിന്റെ ഒഴുക്ക്. അന്യസംസ്ഥാനക്കാരെ 'ചാവേറുകളാക്കി"യാണ് കടത്ത്. മലയാളികൾ നിയന്ത്രിക്കുന്ന ലഹരി മാഫിയകൾക്കായി ട്രെയിൻ മാർഗമാണ് കഞ്ചാവ് അധികവുമെത്തുന്നത്. കഞ്ചാവ് വൻതോതിൽ സംഭരിക്കുകയാണ് മാഫിയകളുടെ ലക്ഷ്യമെന്ന രഹസ്യവിവരത്തെത്തുടർന്ന് എക്‌സൈസ്-പൊലീസ്-റെയിൽവേ പൊലീസ്, ആർ.പി.എഫ്- എൻ.സി.ബി എന്നീ അന്വേഷണ സുരക്ഷാ ഏജൻസികൾ സംയുക്ത പരിശോധനകൾ ശക്തമാക്കി. ക്രിസ്മസ് മുതൽ പുതുവർഷം ഇതുവരെ 131 കിലോ കഞ്ചാവാണ് പിടികൂടിയത്. ഒഡീഷ, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നാണ് കഞ്ചാവെത്തുന്നത്. പിടിയിലായവരെല്ലാം പശ്ചിമബംഗാൾ മൂർഷിദാബാദ് സ്വദേശികളാണ്. കൊച്ചിയിലടക്കം ഹൈബ്രിഡ് കഞ്ചാവിന് ആവശ്യക്കാർ ഏറിയതോടെയാണ് വരവ് വർദ്ധിച്ചതെന്നാണ് സൂചന. കഴിഞ്ഞ ദിവസം എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ 86 കിലോയോളം കഞ്ചാവ് പിടികൂടിയിരുന്നു. 24 ദിവസത്തിനിടെ ജില്ലയിൽ പിടികൂടിയ മയക്കുമരുന്ന് കേസുകളിൽ ഒട്ടുമിക്കവയും കഞ്ചാവ് വില്പനയുമായി ബന്ധപ്പെട്ടാണ്. സിന്തറ്റിക് ലഹരിക്കൊപ്പം തന്നെ കൗമാരക്കാർക്കിടയിലടക്കം കഞ്ചാവിനും ഇപ്പോൾ പ്രിയമെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
ഐഡിയ പലവിധം
ബാഗുകളിൽ കുത്തിനിറച്ചുള്ള കഞ്ചാവ് കടത്തല്ല ഇപ്പോൾ. പിടിക്കപ്പെടാതിരിക്കാൻ പലവിധം തന്ത്രങ്ങളുണ്ട്. സഞ്ചാരികളെ പോലെ നല്ലവസ്ത്രം ധരിച്ച് എ.സി കോർച്ചിൽ യാത്ര ചെയ്താണ് കടത്തുകാരെത്തുന്നത്. ട്രോളി ബാഗുകളിലാണ് കഞ്ചാവ് ഒളിപ്പിക്കുന്നത്. തുറക്കാത്തതെന്ന് കരുതുന്ന പെയിന്റ് ബക്കറ്റ്, വിലകൂടിയ ടൂറിസ്റ്റ് ബാഗ്, ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾ എന്നിവയിലെല്ലാം കഞ്ചാവ് ഒളിപ്പിച്ച് കടത്തുന്നു. അറസ്റ്റിലാകുന്നവരെ ജാമ്യത്തിൽ എടുക്കാനും വൻ സംഘമുണ്ട്.
പച്ചയും കടത്തുന്നു
അടുത്തിടെ പിടികൂടിയ കഞ്ചാവുകൾ അധികം ഉണങ്ങാത്തവയായിരുന്നെന്ന് ആർ.പി.എഫ് വൃത്തങ്ങൾ പറഞ്ഞു. സംഭരിക്കുക ലക്ഷ്യമിട്ടാണെത്തിക്കുന്ന സംശയം ഇതോടെയാണ് ബലപ്പെട്ടത്. ഒരുമാസത്തിനിടെ 119 എൻ.ഡി.പി.എസ് കേസുകളിലായി 118 പേരെയാണ് അറസ്റ്റ് ചെയ്തു. കഞ്ചാവിന് പുറമേ 11.8 ഗ്രാം ഹെറോയിൻ, 0.18 മെത്താംഫിറ്റമിൻ, 1.28 ഗ്രാം എം.ഡി.എം.എ, 560 ഗ്രാം ചരസ്, 1015 ലിറ്റർ വാഷ് എന്നിവയും പിടികൂടി.
ആർ.പി.എഫ് ഉൾപ്പെടെ നാല് ഏജൻസികളുടെ പരിശോധയാണ് റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് നടക്കുന്നത്. കടത്തുകാരുടെ അറസ്റ്റും കൂടി
ബിനോയ് ആന്റണി
ഇൻസ്പെക്ടർ
ആർ.പി.എഫ്
ക്രിസ്മസ് മുതൽ പുതുവർഷം ഇതുവരെ 131 കിലോ കഞ്ചാവ് പിടിച്ചു.
ഒരുമാസത്തിനിടെ 119 എൻ.ഡി.പി.എസ് കേസുകൾ
118 പേർ അറസ്റ്റിൽ 11.8 ഗ്രാം ഹെറോയിൻ
0.18 മെത്താംഫിറ്റമിൻ
1.28 ഗ്രാം എം.ഡി.എം.എ
560 ഗ്രാം ചരസ്
1015 ലിറ്റർ വാഷ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |