
ഫോർട്ട് കൊച്ചി: പീസ് വാലി സാമൂഹിക മാനസിക പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസികൾക്കായി കോസ്റ്റ് ഗാർഡ് കപ്പൽ യാത്ര സംഘടിപ്പിച്ചു. ഫോർട്ട്‌കൊച്ചിയിലെ കോസ്റ്റ് ഗാർഡ് ആസ്ഥാനത്ത് നിന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റ വലിയ കപ്പലായ ഐ.സി. ജി. എസ് സമർത്ഥാണ് അനാഥരും അഗതികളുമായ മനുഷ്യരെയുമായി കടലിൽ യാത്ര പോയത്. തുറമുഖത്തു നിന്ന് ഇരുപത്തിരണ്ട് നോട്ടിക്കൽ മൈൽ ദൂരം തെക്ക് പടിഞ്ഞാറ് ദിശയിലായിരുന്നു യാത്ര. കപ്പലിന്റെ മുഴുവൻ സ്ഥലങ്ങളും പ്രവർത്തനവും കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർ പരിചയപെടുത്തി.
ഇടുങ്ങിയ ഇടനാഴികളും ഗോവണികളും കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥരുടെ കൈപിടിച്ചും ചുമലിൽ ഏറിയും പിന്നിട്ട് മനം നിറയെ കടലും കപ്പലും ആസ്വദിച്ചായിരുന്നു യാത്ര. പാട്ടും കഥയുമായി മണിക്കൂറുകൾ പിന്നിട്ടതറിഞ്ഞില്ല. കോസ്റ്റ് ഗാർഡ് കേരള -മാഹി മേധാവി കമാൻഡർ എൻ. രവി യാത്രയിൽ പീസ് വാലിയിലെ സഹോദരങ്ങൾക്ക് ഒപ്പമുണ്ടായിരുന്നു. വിവിധ സന്ദർഭങ്ങളിലെ കോസ്റ്റ് ഗാർഡ് രക്ഷ ദൗത്യം, ഹെലികോപ്റ്റർ അഭ്യാസ പ്രകടനങ്ങൾ, രക്ഷാപ്രവർത്തനങ്ങളുടെ മാതൃകകൾ എന്നിവ പരിചയപ്പെടുത്തി. പീസ് വാലി ഉപാദ്ധ്യക്ഷൻ രാജീവ് പള്ളുരുത്തി, കോർപ്പറേഷൻ കൗൺസിലർ ഷീബ ഡ്യൂറോം, കോ-ഓർഡിനേറ്റർ ദേവിക പ്രസാദ്, കെ. സജീവൻ, റംല പ്രമീജ് എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |