
കടൽവിഭവങ്ങൾ, ഡ്രോൺ, ഫാം ഫ്രഷ് ഉത്പന്നങ്ങൾ
കൊച്ചി: രുചിയൂറും കടൽ-കായൽ വിഭവങ്ങൾ, കർഷകരുടെ തദ്ദേശീയ ഉത്പന്നങ്ങൾ, ഡയറ്റ് കൗൺസലിംഗ് തുടങ്ങിയ വൈവിദ്ധ്യങ്ങളുമായി ത്രിദിന മത്സ്യമേള ശനി മുതൽ തിങ്കൾ വരെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സി.എം.എഫ്.ആർ.ഐ) നടക്കും.
സി.എം.എഫ്.ആർ.ഐയുടെ 78-ാമത് സ്ഥാപകദിനാഘോഷത്തിന്റെ ഭാഗമായാണ് മേള. ഹൈക്കോടതിക്ക് സമീപം ഗോശ്രീ റോഡിലെ സി.എം.എഫ്.ആർ.ഐയിൽ രാവിലെ 10 മുതൽ രാത്രി 10 വരെ പ്രവേശനം സൗജന്യമാണ്.
കല്ലുമ്മക്കായ, കായൽ മുരിങ്ങ, മത്സ്യ-ചെമ്മീൻ വിഭവങ്ങളുടെ പ്രാദേശിക രുചിക്കൂട്ടുകളാണ് സീഫുഡ് ഫെസ്റ്റിന്റെ ആകർഷണം. സ്ത്രീ കൂട്ടായ്‌മകൾ, കുടുംബശ്രീ യൂണിറ്റുകൾ, സീഫുഡ് സംരംഭകർ തുടങ്ങിയവരുടെ സ്റ്റാളുകളുണ്ട്. ലക്ഷദ്വീപിലെ തനത് വിഭവങ്ങളും ലഭ്യമാകും.
പൊക്കാളി ഉത്പന്നങ്ങൾ, ചെറുധാന്യ-പോഷക ഉത്പന്നങ്ങൾ, നാടൻ ചക്കര, എണ്ണകൾ, സുഗന്ധ വ്യഞ്ജനങ്ങൾ, നാടൻ പലഹാരങ്ങൾ, കരിമീൻ കുഞ്ഞുങ്ങൾ, അലങ്കാര മത്സ്യക്കുഞ്ഞുങ്ങൾ, പച്ചക്കറി-ഔഷധ സസ്യതൈകൾ, വിത്തുകൾ, വളങ്ങൾ തുടങ്ങി കർഷകർക്ക് ആവശ്യമായ ഉത്പന്നങ്ങളും ലഭിക്കും.
ആഴക്കടൽ വിസ്‌മയക്കാഴ്ചകൾ
മേളയുടെ സമാപന ദിവസമായ തിങ്കളാഴ്ച രാവിലെ 10 മുതൽ 3 വരെ കടലറിവുകളുമായി ബന്ധപ്പെട്ട പ്രദർശനങ്ങൾ നടത്തും. ആഴക്കടലിന്റെ വിസ്മയക്കാഴ്ചകൾ സമ്മാനിക്കുന്ന മ്യൂസിയം, മറൈൻ അക്വേറിയം, ലബോറട്ടറികൾ തുടങ്ങിയവ പൊതുജനങ്ങൾക്കായി തുറന്നിടും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |