
കൊച്ചി: പുകയിലയോ മദ്യമോ ഉപയോഗിച്ചിട്ടില്ലാത്ത വ്യക്തികളിലെ വായിലെ ക്യാൻസർ (ഓറൽ ക്യാൻസർ) കേസുകളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവെന്ന് പഠനം. വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിലെത്തിയ ഓറൽ ക്യാൻസർ രോഗികളിൽ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. കഴിഞ്ഞ 10 വർഷത്തിനിടെ ചികിത്സ തേടിയ 515 രോഗികളിൽ 57ശതമാനവും പുകയിലയോ മദ്യമോ ഉപയോഗിച്ചിട്ടില്ലാത്തവരാണെന്ന് കണ്ടെത്തി. ആശുപത്രിയിലെ ഹെഡ് ആൻഡ് നെക്ക് സർജിക്കൽ ഓങ്കോളജിസ്റ്റ് ഡോ. ഷോൺ ടി. ജോസഫിന്റെ നേതൃത്വത്തിലായിരുന്നു പഠനം. ഗവേഷണത്തിൽ പങ്കുചേരാൻ സർക്കാർ ഏജൻസികളും മുന്നോട്ടുവന്നിട്ടുണ്ടെന്ന് ഡോ. ഷോൺ പറഞ്ഞു.
ജീവിതശൈലിയിലെയും ഭക്ഷണക്രമത്തിലെയും മാറ്റങ്ങളാകാം കാരണമെന്നാണ് വിദഗ്ദ്ധാഭിപ്രായം. രോഗബാധിതരുടെ എണ്ണം വീണ്ടുംവർദ്ധിക്കാനാണ് സാദ്ധ്യത.
പുതിയ വിവരങ്ങൾപ്രകാരം ഇവരിൽ 61ശതമാനം പേർക്ക് നാവിലും 19ശതമാനം പേർക്കും ഉൾക്കവിളിലുമാണ് ക്യാൻസർ. മൂന്ന് ശതമാനം വായയുടെ അടിഭാഗത്തും മൂന്ന് ശതമാനം താഴത്തെ വായു അറകളിലും ഒരു ശതമാനം മുകളിലെ വായു അറകളിലുമാണ്.
രോഗ ബാധിതരിൽ വർദ്ധന
പുകവലിയും മദ്യാപാനവുമില്ലാത്ത രോഗബാധിതരിൽ 75.5ശതമാനം പുരുഷന്മാരും 24.5ശതമാനം സ്ത്രീകളുമാണ്. 58.9ശതമാനം രോഗികളിൽ മറ്റു രോഗങ്ങളുണ്ട്. അവരിൽ 30ശതമാനം പേർക്ക് ഒന്നിലധികം രോഗാവസ്ഥകളുണ്ട്. 41.4ശതമാനം പേർ മറ്റ് രോഗങ്ങൾ ഇല്ലാത്തവരാണ്.
282 (54.7%) രോഗികളിൽ പ്രാരംഭഘട്ടത്തിൽ തന്നെ രോഗനിർണയം നടത്തി. 233 (45.3%) പേർക്ക് ക്യാൻസർ നിർണയം രോഗത്തിന്റെ അവസാന ഘട്ടങ്ങളിൽ നടത്തി.
ലഹരി ഉപയോഗം 64.03% പേരിൽ
ലഹരി ഉപയോഗിക്കുന്ന ഓറൽ ക്യാൻസറുകാരിൽ 64.03ശതമാനം പുകയില ഉപയോഗിച്ചിരുന്നവരാണ്. 51.2ശതമാനത്തിന് പുകവലി ശീലമുള്ളതായും 42.3ശതമാനം പേർ മദ്യം ഉപയോഗിച്ചിരുന്നതായും കണ്ടെത്തി.
രാജ്യത്തിന്റെ പല ഭാഗങ്ങളിലും പുകയിലയുമായി ബന്ധപ്പെട്ട അർബുദം വ്യാപകമാണെങ്കിലും കേരളത്തിലെ പുതിയ പ്രവണത ആശങ്കയുണ്ടാക്കുന്നതാണെന്നും പഠനത്തിൽ പറയുന്നു.
ലേക്‌ഷോറിലെ സമീപകാല ഓറൽ ക്യാൻസർ കേസുകളിൽ 57% പുകയിലയോ മദ്യമോ ഉപയോഗിച്ചിട്ടില്ലാത്തവരിൽ
പഠനം ജൂലായ് 2014 മുതൽ ജൂലായ് 2024 വരെ 515 രോഗികളിൽ
മുൻപ് എല്ലാ ഓറൽ ക്യാൻസർ കേസുകളും പുകയില ഉപയോഗത്തിൽ നിന്ന് വന്നിരുന്നതാണ്.ഇപ്പോൾ ഓറൽ ക്യാൻസർ രോഗികളിൽ രണ്ടിൽ ഒരാൾ പുകയില ഉപയോഗിക്കാത്തവരാണെന്നത് ഞെട്ടിപ്പിക്കുന്നതാണ്
ഡോ. ഷോൺ ടി. ജോസഫ്
ഹെഡ് ആൻഡ് നെക്ക് സർജിക്കൽ ഓങ്കോളജിസ്റ്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |