
കൊച്ചി: സംസ്ഥാന ബഡ്ജറ്റിൽ ഒട്ടും മോശമാക്കാതെ എറണാകുളം ജില്ല. തുടർ വികസനത്തിന് തുക വകയിരുത്തിയതിന് പുറമേ, ഏകദേശം 1000 കോടി രൂപയുടെ പ്രത്യേക പദ്ധതികളും ധനമന്ത്രി വിശാല കൊച്ചിക്ക് സമ്മാനിച്ചു. അതേസമയം, കോർപ്പറേഷൻ അടക്കം സമർപ്പിച്ച ചില നിർദ്ദേശങ്ങൾ പരിഗണിച്ചില്ല.
2400 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന മറൈൻ ഡ്രൈവ് ഇക്കോ സിറ്റിക്ക് ഇക്കുറി 52.42 കോടി വകയിരുത്തി. പാർപ്പിട സമുച്ചയങ്ങൾ അടങ്ങുന്ന ഇക്കോ സിറ്റി യാഥാർത്ഥ്യമായാൽ സംസ്ഥാന ഭവന ബോർഡിന് 3650 കോടിയാണ് വരുമാന പ്രതീക്ഷ.
കൊച്ചി സർവകലാശാലയാണ് ബഡ്ജറ്റിൽ ഫോക്കസ് ഏരിയയായ മറ്റൊരു കേന്ദ്രം. പ്രത്യാശയേകുന്ന വിവിധ പദ്ധതികൾക്കായി കുസാറ്റിന് 100 കോടി ലഭിക്കും. എറണാകുളം മെഡിക്കൽ കോളേജിലെ വിവിധ പദ്ധതികൾക്ക് 30 കോടിയും വകയിരുത്തി.
കൊച്ചി മെട്രോയുടെ രണ്ടാംഘട്ട വികസനത്തിന് 289 കോടി നീക്കിവച്ചതും നേട്ടമായി. വികസനപ്രവർത്തനങ്ങളിൽ ഏറെയും ലഭിച്ചിട്ടുള്ളത് വ്യവസായ മന്ത്രി പി.രാജീവിന്റെ മണ്ഡലമായ കളമശേരിയിലാണെന്നതും ശ്രദ്ധേയമായി. ആലുവ ജലശുദ്ധീകരണ പ്ലാന്റ്, ജനറൽ ആശുപത്രി പുതിയ ബ്ലോക്, കെ.എസ്.ആർ.ടി.സി പുതിയ ബസ് ടെർമിനൽ തുടങ്ങിയവ സംബന്ധിച്ച് പ്രത്യേക പരാമർശമില്ല.
ഉന്നത വിദ്യാഭ്യാസത്തിനും
ആരോഗ്യത്തിനും ഫോക്കസ്
100 കോടി: കുസാറ്റിൽ ന്യൂറോ ഡീജെനറേഷൻ ആൻഡ് ബ്രെയിൻ ഹെൽത്ത് മികവിന്റെ കേന്ദ്രം (69കോടി). അൽഷിമേഴ്സ്, പാർക്കിൻസൻസ് തുടങ്ങിയ രോഗങ്ങൾ സംബന്ധിച്ച ഗവേഷണങ്ങൾക്ക് സഹായകമാകും. കുസാറ്റിന് ഈ വർഷത്തെ പൊതുവായ പ്രവർത്തനങ്ങൾക്കായി 31 കോടി നീക്കിവച്ചിട്ടുണ്ട്. കൂടാതെ ഉന്നത വിദ്യാഭ്യാസ പരിഷ്കരണ കമ്മിഷൻ നിർദ്ദേശിച്ച മികവിന്റെ കേന്ദ്രത്തിന് 5 കോടിയും ലഭിക്കും.
40 കോടി:
എറണാകുളം മെഡിക്കൽ കോളേജിൽ കാത്ത് ലാബിന് 15 കോടി. സ്ട്രോക് യൂണിറ്റിന് 7കോടി. ഇതോടനുബന്ധിച്ച ക്യാൻസർ സെന്ററിൽ പ്രാരംഭരോഗനിർണയത്തിനും പരിചരണത്തിനുമായി 18 കോടി. ജനറൽ ആശുപത്രിയിലെ സൗജന്യ ഡയാലിസിസ് സേവനം തുടരുന്നതിനടക്കം തുക നീക്കിവച്ചിട്ടുണ്ട്.
മറ്റു മേഖലകൾക്കും
ധനസഹായം
(തുക കോടിയിൽ)
കൊച്ചി- ബെംഗളൂരു ഹൈടെക് വ്യവസായ ഇടനാഴി- 200
കൊച്ചി സംയോജിത ജലഗതാഗതം- 160
പെട്രോ കെമിക്കൽ പാർക്ക്-30
ഇൻഫോപാർക്ക് -21
കൊച്ചി ടെക്നോളജി ഇന്നൊവേഷൻ സോൺ- 20
കൊച്ചി സുസ്ഥിര നഗരഭൂമി പുനക്രമീകരണം- 10
നഗരത്തിലെ വെള്ളക്കെട്ട് നിവാരണം- 10
മൂവാറ്റുപുള വാലി ജലസേചനം- 10
സ്മാർട് സിറ്റി മേഖലയിലെ ജലവിതരണം- 9
കാക്കനാട് മീഡിയ അക്കാഡമി - 7.5
കൊച്ചി ബിനാലേ -7
ഫോർട്ടുകൊച്ചി കെ ഹോംസ് -5
ജി.സി.ഡി.എ ഷീ ഹോസ്റ്റൽ - 5
ചെറായി ബീച്ച് സംരക്ഷണം -2.5
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |