
കൊച്ചി: ജില്ലയിൽ ലഹരിമാഫിയയുടെ വേരറുക്കാനുള്ള പൊലീസിന്റെയും എക്സൈസിന്റെയും 'സഡൻ' ആക്ഷനുകൾ ഫലംകാണുന്നു. പ്രതിദിനം അറസ്റ്രിലാകുന്നത് പത്തിലധികം ലഹരിക്കേസ് പ്രതികൾ. ഇടനിലക്കാർ മുതൽ മാഫിയാ സംഘത്തിലെ മുഖ്യകണ്ണികൾ വരെ അറസ്റ്റിലായവരിൽപ്പെടും. ഈവിധം മുന്നോട്ടുപോയാൽ വൈകാതെ മാഫിയകളെ അമർച്ചചെയ്യാനാകുമെന്നാണ് വിലയിരുത്തൽ. ജില്ലയിലെ എല്ലാ സ്റ്റേഷൻ പരിധികളിലും സംയുക്ത പരിശോധന വ്യാപിപ്പിച്ചും മിന്നൽ ഓപ്പറേഷനുകൾ നടത്തിയുമാണ് ഇടനിലക്കാരെയടക്കം വലയിലാക്കുന്നത്.
എക്സൈസ് ഡെപ്യൂട്ടി കമ്മിഷണറുടെയും കൊച്ചി സിറ്റി പൊലീസ് കമ്മിഷണറുടെയും റൂറൽ പൊലീസ് മേധാവിയുടെയും മേൽനോട്ടത്തിലാണ് പരിശോധനകൾ. അടുത്തിടെ വിപുലീകരിച്ച ഡാൻസാഫാണ് പൊലീസിന്റെ മിന്നൽ പരിശോധനകൾക്കെല്ലാം മുന്നിൽ. എക്സൈസിന്റെ ഇന്റലിജൻസ് വിംഗും സജീവം. മുൻ വർഷങ്ങളിൽ പതിവായി നടത്തിയിരുന്ന പരിശോധന ഏറെ നാളായി മുടങ്ങിക്കിടക്കുകയായിരുന്നു. ഇത് സജീവമായതോടെ കൊച്ചി നഗരത്തിലടക്കം കുറ്റകൃത്യങ്ങൾ താഴേക്കായിട്ടുണ്ട്.
സ്ക്വാഡ് വീണ്ടും സജീവം
കൊവിഡിനെ തുടർന്ന് മുടങ്ങിപ്പോയ സ്കൂളുകളിലേയും കോളേജുകളിലേയും എക്സൈസ് ഉദ്യോഗസ്ഥർ നേതൃത്വം നൽകുന്ന ലഹരിവിരുദ്ധ സ്ക്വാഡുകൾ വീണ്ടും സജീവമാക്കിയിട്ടുണ്ട്. നേരത്തെ ഇത്തരം സ്ക്വാഡുകളുടെ പ്രവർത്തനത്തിലൂടെ കാമ്പസുകളും സ്കൂളുകളും കേന്ദ്രീകരിച്ചുള്ള ലഹരി ഇടപാട് ഒരുപരിധി വരെ കുറയ്ക്കാനായിരുന്നു. ഇത് വീണ്ടെടുക്കുകയാണ് ലക്ഷ്യം. സ്കൂൾ, കോളേജ് എന്നിവയോട് ചേർന്ന് പ്രവർത്തിക്കുന്ന കടകൾ കേന്ദ്രീകരിച്ചുള്ള പരിശോധന ആരംഭിച്ചു.
രക്ഷിതാക്കളെയും ഒപ്പംകൂട്ടി
ലഹരി ഉത്പന്നങ്ങളുടെ ഒഴുക്കിന് തടയിടാൻ കർശനമായ നടപടിയിലേയ്ക്ക് നീങ്ങുന്നതിനൊപ്പം രക്ഷിതാക്കൾക്ക് ബോധവത്കരണ ക്ലാസ് നൽകാനുള്ള തയ്യാറെടുപ്പിലുമാണ് എക്സൈസ്. കുട്ടികളെ ലഹരിയുടെ നീരാളിപ്പിടിത്തത്തിൽ നിന്ന് രക്ഷപ്പെടുത്താനും ഇതോടൊപ്പം ലഹരി സംഘങ്ങളെ കുടുക്കാനും ബോധവത്കരണ ക്ലാസുകളിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാതാപിതാക്കളിൽ നിന്ന് ലഭിച്ചിച്ചുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയിട്ടുള്ള അന്വേഷണങ്ങൾ വൻ ലഹരി വേട്ടയിലേക്ക് എക്സൈസിനെ എത്തിച്ചിട്ടുണ്ട്.
ട്രെയിനിലും ശക്തമായ പരിശോധന
ട്രെയിൻ മാർഗമുള്ള ലഹരിമരുന്ന്- കഞ്ചാവ് കടത്തിന് തടയിടാൻ പൊലീസ്, ആർ.പി.എഫ് എൻ.സി.ബി എന്നീ അന്വേഷണ സുരക്ഷാ ഏജൻസികൾ സംയുക്ത പരിശോധനകൾ ശക്തമാക്കി. ഒരു മാസത്തിനിടെ 131 കിലോ കഞ്ചാവാണ് ഈവിധം പരിശോധനയിൽ പിടികൂടിയത്. ഒഡീഷ, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നാണ് കഞ്ചാവെത്തുന്നത്. പിടിയിലായവരെല്ലാം പശ്ചിമബംഗാൾ മൂർഷിദാബാദ് സ്വദേശികളാണ്. കഴിഞ്ഞ ദിവസം എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ 86 കിലോയോളം കഞ്ചാവ് പിടികൂടിയിരുന്നു
ജില്ലയെ രണ്ട് ട്രാക്കിംഗ് ഫോഴ്സിന്റെ കീഴിലാക്കിയും 24 മണിക്കൂർ ഹൈവേകളിലും ഹെക്സാ ടീമിനെ നിയോഗിച്ചുമാണ് ലഹരിക്കേസുകളിൽ അന്വേഷണവും പരിശോധനകളുമെല്ലാം നടത്തുന്നത്. പ്രതിദിനം നിരവധി കേസുകളാണ് രജിസ്റ്റർ ചെയ്യുന്നത്. ശക്തമായ പരിശോധനയാണ് നടക്കുന്നത്.
ടി.എം മജു
ഡെപ്യൂട്ടി കമ്മിഷണർ
എക്സൈസ് -എറണാകുളം
ലഹരിമാഫിയയെ തുരത്തുന്നതിനായാണ് ഡാൻസാഫിനെ വിപുലീകരിച്ചത്. രാപ്പകൽ വ്യത്യാസമില്ലാതെയാണ് പരിശോധനകൾ നടക്കുന്നത്. ഇടനിലക്കാരെ മാത്രമല്ല പ്രധാനികളെ വരെ പിടികൂടാൻ സാധിച്ചു
കെ.എ. അബ്ദുൾസലാം
അസി. കമ്മിഷണർ
നാർക്കോട്ടിക് സെൽ- കൊച്ചി സിറ്റി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |