SignIn
Kerala Kaumudi Online
Thursday, 22 October 2026 7.57 PM IST

കുസാറ്റ് ദുരന്തം: ആരോപണം നേരിട്ട പ്രൊഫസർ ഇനി ഒഡീഷയിൽ വി.സി

vc

കൊച്ചി: തിക്കിലും തിരക്കിലും നാലു പേർ മരിച്ച കുസാറ്റ് ദുരന്തത്തിന്റെ പേരിൽ കേസും അച്ചടക്ക നടപടിയും നേരിട്ട പ്രൊഫസർക്ക് ഒഡിഷയിലെ പ്രമുഖ സർവകലാശാലയുടെ വൈസ് ചാൻസലറായി സ്ഥാനക്കയറ്റം. കുസാറ്റ് സ്കൂൾ സ്‌കൂൾ ഒഫ് എൻജിനിയറിംഗ് മുൻ പ്രിൻസിപ്പൽ ഡോ. ദീപക്‌കുമാർ സാഹുവാണ് ഒഡിഷ ബുർലയിലെ വീർ സുരേന്ദ്രസായി യൂണിവേഴ്‌സിറ്റി വൈസ് ചാൻസലറായി നിയമിതനായത്. ഒഡീഷ സ്വദേശിയാണ്.

കുസാറ്റ് ദുരന്തത്തിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ച് ഒരു മാസം തികയും മുമ്പാണിത്. 2023 നവംബർ 25ന് കുസാറ്റിലെ ടെക് ഫെസ്റ്റിനിടെയായിരുന്നു ദുരന്തം. മുഖ്യസംഘാടകനെന്ന നിലയിൽ ഡോ. ദീപക് സാഹുവിന് വീഴ്ചയുണ്ടായെന്നാരോപിച്ച് വകുപ്പുതല നടപടിയും പൊലീസ് കേസും വന്നു. കർത്തവ്യങ്ങൾ നിർവഹിച്ചിട്ടും കേസെടുത്തതിനെതിരായി ഡോ. സാഹു ഹൈക്കോടതിയിൽ നിയമപോരാട്ടം നടത്തിയിരുന്നു. പരിപാടിക്ക് പൊലീസ് സംരക്ഷണം ആവശ്യപ്പട്ട് നൽകിയ കത്തും പുറത്തുവിട്ടു. രജിസ്ട്രാർ ഉൾപ്പെടെ കത്ത് അവഗണിച്ചെന്നും തുടർനടപടികൾ സ്വീകരിച്ചില്ലെന്നും വ്യക്തമാവുകയും ചെയ്തു. എന്നാൽ ഉത്തരവാദിത്വം മറ്റുള്ളവരുടെ ചുമലിൽ വച്ച് ഉന്നതർ തലയൂരുകയായിരുന്നു.

സാഹുവിനും മറ്ര് രണ്ട് അദ്ധ്യാപകർക്കുമെതിരെ മനപ്പൂർവമല്ലാത്ത നരഹത്യയ്‌ക്കാണ് കേസ്. കളമശേരി മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. വിചാരണ ആരംഭിച്ചിട്ടില്ല.

ഡോ. ദീപക്‌കുമാർ സാഹു

സേഫ്റ്റി ആൻഡ് ഫയർ എൻജിനിയറിംഗ് പ്രൊഫസർ. കുസാറ്റിൽ നിന്ന് എം.ടെക് നേടിയത് ഒന്നാം റാങ്കോടെ. ഐ.ഐ.ടി റൂർക്കിയിൽ നിന്ന് സ്ട്രക്ചറൽ എൻജി​നിയറിംഗിൽ പി.എച്ച്ഡി, കുസാറ്റിൽ നിന്ന് ഒന്നാം റാങ്കോടെ എൽ.എൽ.ബി. 2001ൽ റീഡർ ആയി കുസാറ്റിൽ ചേർന്നു. 2009 ൽ പ്രൊഫസറായി. 2022 - 2023 സ്കൂൾ ഒഫ് എൻജിനിയറിംഗ് പ്രിൻസിപ്പൽ. അന്താരാഷ്ട്ര ജേർണലുകളിൽ ഒട്ടേറെ പ്രബന്ധങ്ങൾ.

പുതിയ നിയമനത്തിൽ സന്തോഷമുണ്ട്. ഇന്നലെയാണ് ഗവർണറുടെ ഓഫീസിൽ നിന്ന് വിവരം ലഭിച്ചത്. കേസിന്റെ കാര്യങ്ങളിലേക്ക് പിന്തിരിഞ്ഞു നോക്കാൻ ഈ അവസരത്തിൽ ആഗ്രഹിക്കുന്നില്ല

- ഡോ. ദീപക് സാഹു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL