
കോലഞ്ചേരി: വേനലിന്റെ കാഠിന്യം വർദ്ധിക്കുന്നതോടെ കൃഷിയിടങ്ങൾ കൊടും ചൂടിൽ വിയർത്ത് വാടിത്തുടങ്ങി. ദിനം പ്രതി ചൂടിന്റെ കാഠിന്യമേറി വരികയാണ്. ഇടയ്ക്കിടെ വേനൽ മഴ പ്രത്രീക്ഷിച്ചെങ്കിലും പെയ്തില്ല.
മാർച്ച്, ഏപ്രിൽ മാസങ്ങളിലെ പൊള്ളുന്ന ചൂട് ഫെബ്രുവരിയിൽ തന്നെ തുടങ്ങിയതോടെ മേഖലയിലാകെ ആശങ്കയിലാണ്. കൊടും ചൂടിൽ വിരിയുന്നതിനു മുമ്പെ പച്ചക്കറികളും കൊക്കൊ മരങ്ങളിലെ പൂക്കളും കരിഞ്ഞുണങ്ങുന്നത് കർഷകർക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നു. വിളവെടുപ്പിനു മുന്നേ വാടി തളർന്ന കുരുമുളക് ചെടിയും വർഷത്തിൽ എല്ലാ മാസവും വിളവു ലഭിച്ചിരുന്ന ജാതി മരങ്ങളെയും ചൂട് ബാധിച്ച് തുടങ്ങിയതായി കർഷകർ പറയുന്നു.
കൃഷികൾ കൂട്ടത്തോടെ നശിക്കുന്നു
1. കോലഞ്ചേരി മേഖലയിലെ വിവിധ സ്വാശ്രയ വിപണിക്ക് കീഴിലുള്ള നൂറിലധികം കർഷകരുടെ ഏകദേശം 300 ഏക്കറോളം സ്ഥലത്തെ വാഴകൃഷി വേനലിന്റെ കാഠിന്യത്താൽ തണ്ട് ചീഞ്ഞ് ഒടിഞ്ഞ നിലയിലാണ്. കായ മൂപ്പെത്താതെ ഒടിഞ്ഞതിനാൽ കർഷകർക്ക് ഇൻഷ്വറൻസ് പരിരക്ഷയും ലഭിക്കില്ല.
2. ഇടയ്ക്ക് ചെറുതായി പൊടിഞ്ഞ വേനൽ മഴ മാവുകളുടെ പൂക്കളെയും പൊഴിച്ചു. പഴവർഗങ്ങളും പൂവിടുന്ന സമയമാണ് റമ്പൂട്ടാൻ, മാങ്കോസ്റ്റിൻ തുടങ്ങിയ ഇനങ്ങളും പൂവിട്ടു വരുന്നു. നന ലഭിക്കാത്തതിനാൽ പൂക്കൾ പൊഴിയുന്നുണ്ട്.
വിളകളെ പ്രതിരോധിക്കാം
40 കിലോഗ്രാം ചാണകം, 10 ലിറ്റർ കഞ്ഞി വെള്ളം, 2 കിലോ ശർക്കര ഇന്നിവ നന്നായി കൂട്ടി ഇളക്കിയ ശേഷം ചണ ചാക്കിൽ നിറച്ച് ചാക്ക് വീപ്പക്കുള്ളിൽ നൂറ് ലിറ്റർ വെള്ളത്തിൽ 48 മണിക്കൂർ തുടർച്ചയായി ഇറക്കിവയ്ക്കണം. തുടർന്ന് വെള്ളത്തിൽ പൂർണമായും അലിയിച്ച ശേഷം പമ്പ് ഉപയോഗിച്ച് സ്‌പ്രെ ചെയ്ത് ഉണക്ക് ബാധിക്കാതെ വിളകളെ പ്രതിരോധിക്കാം.
വിപണിയിൽ നിന്നും പി.പി.എഫ്.എം ബാക്ടീരിയൽ ലായനി വാങ്ങി 10 മില്ലി ലിറ്റർ ഒരു ലിറ്റർ വെള്ളത്തിൽ നേർപ്പിച്ച് പതിനഞ്ചു ദിവസം കൂടുമ്പോൾ സ്‌പ്രെ ചെയ്യുന്നതും ഗുണം ചെയ്യും
അഞ്ജു പോൾ
കൃഷി ഓഫീസർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |