
കൊച്ചി: വണ്ടിച്ചെക്ക് നൽകി വില്പനക്കരാറുണ്ടാക്കിയ വീട് 45 ലക്ഷം രൂപയ്ക്ക് നൽകാമെന്ന് വിശ്വസിപ്പിച്ച് യുവാവിൽ നിന്ന് 30 ലക്ഷം രൂപ തട്ടിയ കേസിൽ ക്രൈസ്തവപുരോഹിതനടക്കം നാലുപേർ അറസ്റ്റിൽ. മൂവാറ്റുപുഴ വാളകം രാക്കാട് മൂലംകുഴി വീട്ടിൽ ഫാ. ജേക്കബ് മൂലംകുഴി (66), ഇടപ്പള്ളി പോണേക്കര ചങ്ങാടംപോക്കു നികർത്തിൽ പൊന്നപ്പൻ (58), പോണേക്കര സ്വദേശിയും ഇപ്പോൾ വരാപ്പുഴ ആലങ്കാട് പെരുമനത്താഴം സൗപർണികയിൽ പി.എസ്. ഷൈജു ( 45), തൃക്കാക്കര മരോട്ടിച്ചുവട് മുക്കുങ്കൽ വീട്ടിൽ എം.ടി ഷാജു (54) എന്നിവരാണ് എളമക്കര പൊലീസിന്റെ പിടിയിലായത്.
കാസർകോട് സ്വദേശിയും കൊച്ചിയിൽ ട്രാവൽ ഏജൻസിയിലെ ഡ്രൈവറുമായ യുവാവാണ് തട്ടിപ്പിന് ഇരയായത്. ആറ് മാസം മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. പരാതിക്ക് പിന്നാലെ പ്രതികൾ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചു. കഴിഞ്ഞദിവസം ഹർജികൾ കോടതി തള്ളിയതോടെ പൊലീസ് മിന്നൽവേഗത്തിൽ അറസ്റ്റിലേക്ക് നീങ്ങി.
എളമക്കര എസ്.എച്ച്.ഒ ഹരികൃഷ്ണന്റെ നേതൃത്വത്തിൽ എസ്.ഐമാരായ മനോജ്, നന്ദകുമാർ, കൃഷ്ണകുമാർ, എസ്.സി.പി.ഒമാരായ അനീഷ്, ബ്രൂണോ, ഗിരീഷ്, സുധീഷ്, രഞ്ജിത്ത്, സി.പി.ഒ സ്റ്റേവിൻ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
തുടക്കം ചായക്കടയിൽ
മരോട്ടിച്ചുവടിലുള്ള ഷാജുവിന്റെ ചായക്കടയിലെ പതിവുകാരനായിരുന്നു പരാതിക്കാരൻ. വീട് വില്ക്കാനുണ്ടെങ്കിൽ അറിയിക്കണമെന്നും ഇയാൾ ഷാജുവിനോട് പറഞ്ഞിരുന്നു. റിയൽ എസ്റ്റേറ്റ് ഇടനിലക്കാരൻ കൂടിയായ ഷാജു ഇക്കാര്യം ഷൈജുവിനെ അറിയിച്ചതോടെയാണ് തട്ടിപ്പിന് കളമൊരുങ്ങിയത്. ഈ സമയം തന്നെ തൃപ്പൂണിത്തുറ സ്വദേശിനിയായ വീട്ടമ്മയിൽ നിന്നും ഇവരുടെ പോണേക്കരയിലുള്ള വീട് 80 ലക്ഷത്തിന് വാങ്ങാൻ 50 ലക്ഷം രൂപയുടെ ചെക്ക് നൽകി ഫാ. ജേക്കബ് മൂലംകുഴി വില്പന കരാർ സ്വന്തമാക്കിയിരുന്നു. ഷൈജു മുഖേന വീടുവാങ്ങാൻ ആളുണ്ടെന്ന് അറിഞ്ഞ പൊന്നപ്പനും ഫാദറും പദ്ധതി മെനഞ്ഞു. 45 ലക്ഷം രൂപയ്ക്ക് വീട് വിൽക്കാൻ തീരുമാനിച്ചു. പണത്തിന് അത്യാവശ്യമുള്ളതിനാൽ മാത്രമാണ് വീട് വിൽക്കുന്നതെന്നും 30ലക്ഷം രൂപ ഉടൻ നൽകണമെന്നും വികാരി ആവശ്യപ്പെട്ടു. വീട് കണ്ട് ഇഷ്ടപ്പെട്ടതോടെ യുവാവ് പണം നൽകി. വ്യാജരേഖകൾ ചമച്ച് വില്പനക്കരാറുമുണ്ടാക്കി. ഏതാനും ദിവസങ്ങൾ കഴിഞ്ഞാണ് കബളിപ്പിക്കപ്പെട്ടെന്ന് യുവാവ് തിരിച്ചറിഞ്ഞത്. പണം തിരികെ ആവശ്യപ്പെട്ടെങ്കിലും വികാരി തയ്യാറായില്ല.
വണ്ടിച്ചെക്ക് നൽകിയ കബളിപ്പിച്ച് വീടുതട്ടിയെടുക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ഫാദർ ജേക്കബ് മൂലംകുഴിക്കെതിരെ ഹിൽപാലസ് പൊലീസ് കേസെടുത്തതായാണ് വിവരം. സമാനമായി പരാതിയിൽ ഇയാൾക്കെതിരെ ചേരാനല്ലൂർ പൊലീസ് സ്റ്റേഷനിലും കേസുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |