
കൊച്ചി: പെരിയാറിലെ മലിനീകരണം തടയുന്നതിനായി കുഴിക്കണ്ടം തോട് വൃത്തിയാക്കുന്ന കാര്യമടക്കം ചർച്ച ചെയ്ത് നിലപാടറിയിക്കാൻ ഉന്നതാധികാര സമിതിക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. ഇതിനായി ഹിന്ദുസ്ഥാൻ ഇൻസെക്ടിസൈഡ്സ് ലിമിറ്റഡിന്റെ മാലിന്യ ട്രീറ്റ്മെന്റ് പ്ലാന്റ് ഉപയോഗിക്കുകയോ അല്ലെങ്കിൽ പുതിയ പ്ലാന്റ് നിർമ്മിക്കുകയോ വേണമെന്ന സർക്കാർ നിർദ്ദേശത്തിൽ കേന്ദ്ര സർക്കാരും നിലപാടറിയിക്കണം.
പുതിയതായി ട്രീറ്റ്മെന്റ് പ്ലാന്റ് നിർമ്മിക്കാൻ 75 സെന്റ് സ്ഥലം ആവശ്യമാണ്. ഇക്കാര്യത്തിൽ സർക്കാർ കത്ത് നൽകിയിട്ടും കേന്ദ്ര സർക്കാർ പ്രതികരിക്കാത്ത സാഹചര്യത്തിലാണ് നിർദ്ദേശം. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം.ബി.സ്നേഹലത എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.
മാർച്ച് 14 നകം നിലപാട് അറിയിക്കാനാണ് കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകിയിരിക്കുന്നത്. പെരിയാർ നദിയുടെ സംരക്ഷണത്തിനായി പ്രത്യേക അതോറിറ്റി എന്ന കോടതിയുടെ നിർദ്ദേശം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും ഇക്കാര്യത്തിൽ നിലപാട് അറിയിക്കാമെന്നും സീനിയർ ഗവ.പ്ലീഡർ എസ്.കണ്ണൻ അറിയിച്ചു.
പെരിയാർ നദിയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് അസോസിയേഷൻ ഒഫ് ഗ്രീൻ ആക്ഷൻ ഫോഴ്സ് അടക്കമുള്ളവർ ഫയൽ ചെയ്ത ഹർജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |