
കൊച്ചി: കുടുംബശ്രീ കൃഷി ചെയ്യുന്ന പൂക്കൾ ഇനി മുതൽ അഗർബത്തിയും നിറക്കൂട്ടുകളുമൊക്കയായി മാറും. രാസവസ്തുക്കൾ ഇല്ലാത്ത സംശുദ്ധ മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കാനാണ് പദ്ധതി. ഓണം കഴിഞ്ഞ് വിളവെടുക്കുന്ന പൂക്കളാണ് ആദ്യഘട്ടത്തിൽ ഇതിനുപയോഗിക്കുക. കഴിഞ്ഞ വർഷം ഓണം കഴിഞ്ഞിട്ടും ബാക്കി ഉണ്ടായ പൂക്കൾ എന്ത് ചെയ്യുമെന്ന ആശയത്തിൽ നിന്നാണ് വൻസാദ്ധ്യതകളുള്ള സംരംഭം. അഗർബത്തി, ക്ലോത്ത് ഡൈ, ഹോളി/രംഗോലി കളർ പൗഡർ, ഫ്ലവർ ജെല്ലി, ക്യാറ്റിൽ അഡിറ്റീവ്‌സ് എന്നിവയാണ് നിർമിക്കുന്നത്. കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയാണ് പരിശീലനം നൽകുന്നത്. യൂണിവേഴ്സിറ്റി നിയോഗിച്ച ഫാഷൻ ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിലാണ് ക്ലോത്ത് ഡൈ നിർമ്മിക്കാനുള്ള പരിശീലനം. പദ്ധതി ചെലവ് തീരുമാനമായിട്ടില്ല.
ഓണക്കാലത്ത് 'നിറപ്പൊലിമ' എന്ന പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 3453 കുടുംബശ്രീ ജെ.എൽ.ജികൾ (കൂട്ടുത്തരവാദിത്ത കൃഷി സംഘം) ചേർന്ന് 1281.24 ഏക്കറിൽ പൂക്കൃഷി നടത്തിയിരുന്നു.
13,812 പേർക്ക് അധികവരുമാനം
മൂല്യവർദ്ധിത ഉത്പന്ന നിർമ്മാണവുമായി കുടുംബശ്രീ
മഞ്ഞ, ഓറഞ്ച് നിറത്തിലുള്ള ചെണ്ടുമല്ലി, ജമന്തി പൂക്കളാണ് കൃഷി ചെയ്തത്. ഇവയിൽ നിന്നാണ് മൂല്യവർദ്ധിത ഉത്പന്നങ്ങൾ ഒരുക്കുന്നത്. പൂക്കളുടെ പൊടിയുണ്ടെങ്കിൽ രാസവസ്തുക്കൾ ഉപയോഗിക്കാതെ പലതും നിർമിക്കാനാകും. വരുന്ന ഓണത്തിന് മുല്ലപ്പൂ ഉൾപ്പെടെയുള്ളവയും കൃഷി ചെയ്യാൻ പദ്ധതിയുണ്ട്.
പദ്ധതിയുടെ നടത്തിപ്പിന് എല്ലാ ജില്ലകളിൽ നിന്നുമുള്ള അഗ്രികൾച്ചർ കമ്മ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സൺമാർ, പൂക്കൃഷി ചെയ്യുന്ന ജെ.എൽ.ജി പ്രതിനിധികൾ എന്നിവരുൾപ്പടെ 40 പേർക്ക് പരിശീലനം നൽകി. ഇവർ മുഖേന അടുത്തമാസം ജില്ലാതലത്തിൽ പരിശീലനം നൽകും. ഇതിൽ നിന്നുള്ള വരുമാനം അംഗങ്ങൾക്ക് തന്നെ ലഭിക്കും.
പൂക്കൾ നന്നായി ഉണക്കി പൊടിച്ചാണ് ഉപയോഗിക്കുക. അഗർബത്തിക്കായി രാസവസ്തുക്കൾ കലരാത്ത സുഗന്ധ ദ്രവ്യങ്ങളായിരിക്കും ഉപയോഗിക്കുക.
തുണികൾക്ക് നിറം നൽകുന്നതിന് 'ഡൈ' ആക്കാനും പൂക്കളുടെ പൊടി സഹായിക്കും. ഹോളിക്കും രംഗോലിക്കുമെല്ലാം നിറമുള്ള പൊടികളായി ഉപയോഗിക്കാം.
ഭക്ഷിക്കാനുപയോഗിക്കുന്ന ജെല്ലുകൾക്ക് നിറം നൽകാനും ഇത് സഹായിക്കും. കോഴിമുട്ടയുടെ മഞ്ഞയ്ക്ക് നിറം വർദ്ധിപ്പിക്കുന്നതിന് ക്യാറ്റിൽ അഡിറ്റീവ്‌സ് ആക്കാനും ഉപയോഗിക്കാം.
ഓണത്തിന് ശേഷം കൂടുതൽ വിളവ് ലഭിക്കാറുണ്ട്. ഈ പൂക്കൾ പാഴായി പോകാതെ അതിൽ നിന്ന് വരുമാനം നേടുകയാണ് ലക്ഷ്യം. കുടുംബശ്രീ അംഗങ്ങൾക്കാവശ്യമായ പരിശീലനം നൽകി വരുകയാണ്.
ഡോ. എസ്. ഷാനവാസ്
സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ
കുടുംബശ്രീ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |