
കൊച്ചി: മാതാപിതാക്കൾ ഉപേക്ഷിച്ച കുഞ്ഞിനെ ലൂർദ്ദ് ആശുപത്രിയിൽ നിന്ന് ഇന്ന് രാവിലെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റും. രാവിലെ 9ന് ജനറൽ ആശുപത്രിയിലെ ശിശുരോഗ വിദഗ്ദ്ധ ഡോ. വിജിയുടെ നേതൃത്വത്തിലുള്ള സംഘം ലൂർദ്ദ് ആശുപത്രിയിലെത്തി കുഞ്ഞിനെ ഏറ്റെടുക്കും. ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ നിർദ്ദേശപ്രകാരമാണിത്.
ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.ആർ. ഷഹീർ ഷായ്ക്കാണ് മേൽനോട്ട ചുമതല. പൂർണ വളർച്ചയെത്തുന്നതിനു മുൻപ് ഏഴാം മാസം ജനിച്ച 23 ദിവസം മാത്രം പ്രായമായ കുഞ്ഞിനെയാണ് അന്യസംസ്ഥാനക്കാരായ മാതാപിതാക്കൾ ലൂർദ്ദിലുപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങിയത്.
ഇന്ന് ജനറൽ ആശുപത്രിയിലേക്ക് മാറ്റും
കോട്ടയത്തെ ഫിഷ്ഫാമിൽ ജോലി ചെയ്തിരുന്ന ജാർഖണ്ഡ് സ്വദേശി കഷാ മംഗളേശ്വർ- രഞ്ജിത ദമ്പതികളുടെ കുഞ്ഞാണിത്. ഗർഭിണിയായ രഞ്ജിതയ്ക്ക് നാട്ടിലേക്ക് മടങ്ങുന്നതിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടാകുകയും തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സ തേടുകയുമായിരുന്നു. ജനുവരി 29നാണ് കുഞ്ഞ് ജനിച്ചത്. തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്ക് കുഞ്ഞിനെ കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റണമെന്ന് ജനറൽ ആശുപത്രിയിൽ നിന്ന് നിർദ്ദേശിച്ചു. എന്നാൽ ദമ്പതികളുടെ താത്പര്യ പ്രകാരം ലൂർദ്ദിലേക്കാണ് മാറ്റിയത്. ആരോഗ്യം മെച്ചപ്പെട്ട രഞ്ജിതയെ 31ന് ഡിസ്ചാർജ് ചെയ്തതിന് പിന്നാലെ കുഞ്ഞിനെ ഉപേക്ഷിച്ച് ഇരുവരും നാട്ടിലേക്ക് മടങ്ങുകയായിരുന്നു.
ഇതിനു പിന്നാലെയാണ് നവജാത ശിശുവിന് വനിത ശിശു വികസന വകുപ്പ് സംരക്ഷണമൊരുക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചത്. വനിത ശിശുവികസന വകുപ്പ് ഡയറക്ടർക്ക് ഇത് സംബന്ധിച്ച് നിർദേശം നൽകി. വനിത ശിശുവികസന വകുപ്പ് ജില്ലാ ഓഫീസർ ആശുപത്രി സന്ദർശിച്ച് തുടർനടപടികൾ സ്വീകരിക്കും. മാതാപിതാക്കൾ തിരിച്ചു വരുന്നെങ്കിൽ കുഞ്ഞിനെ അവർക്ക് കൈമാറുമെന്നും കുഞ്ഞിനെ മാതാപിതാക്കൾക്ക് വേണ്ട എന്നാണെങ്കിൽ നിയമപരമായ നടപടികളിലൂടെ കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുക്കുമെന്നും മന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |