
കൊച്ചി: കേരളത്തിൽ നിയമവും രാഷ്ട്രീയവും തമ്മിൽ നൂലിഴ വ്യത്യാസമേയുള്ളൂ. നിയമരംഗത്തു നിന്ന് ഭരണ നേതൃത്വത്തിലെത്തിയവർ, രാഷ്ട്രീയത്തിൽ നിന്ന് നീതിപീഠത്തിലെത്തിയവർ... കണക്കെടുത്താൽ ഏറെവരും. ഇവരിൽ പലരുടെയും വളർച്ചയുടെ തട്ടകമായിരുന്നു എറണാകുളം സർക്കാർ ലാ കോളേജ്. പാരമ്പര്യത്തിന്റെ 150-ാം വർഷം പിന്നിടുകയാണ് ഈ അഭിമാന സ്തംഭം.
നിയമപഠന ക്ലാസുകൾ തുടങ്ങും മുമ്പ് ഭരണസിരാകേന്ദ്രമായിരുന്ന ചരിത്രം കൂടി ഈ സമുച്ചയത്തിനുണ്ട്. കൊച്ചി നാട്ടുരാജ്യത്തിന്റെ നിയമനിർമ്മാണ സഭയായിരുന്ന സെൻട്രൽ അസംബ്ലിഹാൾ ഇന്നും എറണാകുളം ലാ കോളേജിന്റെ ഭാഗമാണ്. ലോകത്തിൽ ഒരുപക്ഷേ മറ്റൊരു നിയമകലാലയങ്ങൾക്കും അവകാശപ്പെടാനില്ലാത്ത പെരുമ. ഇവിടെ നിന്ന് പലരും രാഷ്ട്രീയഭാവി നെയ്തിറങ്ങി. വാർത്തെടുത്ത രാഷ്ട്രീയ നേതാക്കളിൽ മുൻ പ്രതിരോധ മന്ത്രിയും മുഖ്യമന്ത്രിയുമായിരുന്ന എ.കെ.ആന്റണി മുതൽ ഇപ്പോഴത്തെ നിയമമന്ത്രി പി.രാജീവ് വരെയുണ്ട്.
വാർഷികാഘോഷം ഗംഭീരമാക്കാനുള്ള തയാറെടുപ്പിലാണ് അദ്ധ്യാപകരും വിദ്യാർത്ഥി യൂണിയനും പൂർവ വിദ്യാർത്ഥികളും. രാഷ്ട്രപതിയോ സുപ്രീംകോടതി ചീഫ് ജസ്റ്റിസോ പങ്കെടുക്കുന്ന വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
ചരിത്രമിങ്ങനെ
എറണാകുളം ലാ കോളേജിന്റെ ചരിത്രം തുടങ്ങുന്നത് തിരുവനന്തപുരത്തുനിന്നാണ്. 1874 ൽ തിരുവിതാംകൂർ മഹാരാജാവ് ഹിസ് ഹൈനസ് കോളേജിനോടനുബന്ധിച്ച് (നിലവിലെ യൂണിവേഴ്‌സിറ്റി കോളേജ്) നിയമപഠന ക്ലാസുകൾ ആരംഭിക്കാൻ ഉത്തരവിട്ടു. 1894 വരെ തുടർന്നു. ഇതിന് പിന്നാലെ 'ഹിസ് ഹൈനസ് ദ് മഹാരാജാസ് ലാ കോളേജ് ട്രിവാന്ഡ്രം' എന്ന നിയമകലാലയം സ്ഥാപിച്ചു. 1909 വരെ ലാ കോളേജ് തിരുവിതാംകൂർ മഹാരാജാവിന്റെ നിയന്ത്രണത്തിലായിരുന്നു. പിന്നീട് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കീഴിലായി. തിരുകൊച്ചി സംസ്ഥാനത്തിന് രൂപം നൽകിയതോടെ 1949 ആഗസ്റ്റിൽ തിരുവനന്തപുരത്ത് നിന്ന് ലാ കോളേജ് എറണാകുളത്തേയ്ക്ക് മാറ്റി. ഹൈക്കോടതി കൊച്ചിയിലേയ്ക്ക് മാറ്റിയതും കണക്കിലെടുത്തായിരുന്നു ഇത്. 1983 ൽ മഹാത്മാഗാന്ധി സർവകലാശാല ആരംഭിച്ചപ്പോൾ കോളേജ് അതിന്റെ കീഴിലായി.
ചരിത്രമായ നഗ്‌നയോട്ടം
കൗതുകകരമായ പല സംഭവങ്ങളും ലാ കോളേജ് കേന്ദ്രീകരിച്ചുണ്ടായിരുന്നു. അതിലൊന്നായിരുന്നു വിദ്യാർത്ഥികളുടെ നഗ്‌നയോട്ടം. 1974 ഏപ്രിൽഒന്നിനായിരുന്നു സംഭവം. സമൂഹത്തിന്റെ പോക്ക് ശരിയല്ലെന്നും തിരുത്തൽ ആവശ്യമാണെന്നുമായിരുന്നു നഗ്‌നയോട്ടത്തിലൂടെ അന്നത്തെ 'പ്രതിഭകൾ' പറയാൻ ശ്രമിച്ചത്.
അഡ്വ. മമ്മൂട്ടി മുതൽ
സുപ്രിംകോടതി മുൻ ചീഫ് ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണൻ
സൂപ്പർതാരം മമ്മൂട്ടി
ജസ്റ്റിസ് എ.കെ.ജയശങ്കരൻ നമ്പ്യാർ,
ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ
ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്
ജസ്റ്റിസ് പി.ഗോപിനാഥ്
ജസ്റ്റിസ് മുരളി പുരുഷോത്തമൻ,
ജസ്റ്റിസ് വിജു എബ്രഹാം
ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ
ജസ്റ്റിസ് എം.എ.അബ്ദുൾ ഹക്കിം
ജസ്റ്റിസ് വി.എം.ശ്യാംകുമാർ
ജസ്റ്റിസ് ഹരിശങ്കർ വി.മേനോൻ
ജസ്റ്റിസ് എസ്.ഈശ്വരൻ
ജസ്റ്റിസ് എം.ബി.സ്‌നേഹലത
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |