
കൊച്ചി: പള്ളിയിലെ വേദപഠന ക്ളാസിലെ യുവതിയായ അദ്ധ്യാപികയെ കയറിപ്പിടിച്ച കേസിൽ വികാരിയച്ചനോട് സിറ്റി പൊലീസിന്റെ കരുതൽ. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തെങ്കിലും പരാതിയിൽ പൊലീസ് അടയിരിക്കുകയാണ്.
വികാരിയുടെ സ്വാധീനം തന്നെയാണ് കാരണം. പ്രതിയെ ചോദ്യം ചെയ്യുകയോ സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയോ മൊഴിയെടുക്കുകയോ ഇതുവരെയുണ്ടായിട്ടില്ല. രണ്ടാഴ്ച മുമ്പ് വികാരി മുൻകൂർ ജാമ്യവും നേടി.
പൊലീസ് വിളിക്കുമ്പോൾ ഹാജരാകണമെന്ന വ്യവസ്ഥയുണ്ടെങ്കിലും വിളിക്കാൻ പൊലീസിന് ധൈര്യം പോര. അന്വേഷണം തുടരുകയാണെന്ന വിശദീകരണം മാത്രമാണ് പൊലീസ് നൽകുന്നത്.
പള്ളിമേടയിൽ വിളിപ്പിച്ച് പീഡനമെന്ന് പരാതി
വ്യവസായ മേഖലയിലെ പ്രമുഖ പള്ളിയിലെ വികാരിയച്ചനാണ് ഒരു വർഷം മുമ്പ് അർദ്ധരാത്രി വേദപഠനത്തെക്കുറിച്ച് സംശയം ചോദിക്കാനെന്ന പേരിൽ സൺഡേ സ്കൂൾ അദ്ധ്യാപികയെ പള്ളിമേടയിലേക്ക് വിളിച്ചുവരുത്തിയത്.
യുവതിയായ അദ്ധ്യാപികയുടെ അരയിൽ കയറിപ്പിടിച്ചെന്നാണ് പരാതി. അന്ന് തലയൂരിപ്പോയ അദ്ധ്യാപികയെ പിന്നീട് രണ്ട് വട്ടം കൂടി പരസ്യമായി ലൈംഗികമായ വിശേഷണങ്ങളാൽ ആക്ഷേപിച്ചതോടെയാണ് കഴിഞ്ഞ മാസം പരാതി നൽകിയത്.
യുവതിയും ഭർത്താവും തമ്മിൽ പ്രശ്നങ്ങളുണ്ടെന്നും പള്ളി വളപ്പിൽ സംഘർഷമുണ്ടാക്കിയതിന് ഭർത്താവിനെതിരെ കേസുണ്ടെന്നും ഇതിന്റെയൊക്കെ പേരിൽ സൺഡേ സ്കൂളിൽ നിന്ന് ഒഴിവാക്കിയതിന്റെ വൈരാഗ്യമാണ് പരാതിക്ക് പിന്നിലെന്നാണ് വികാരിയുടെ വാദങ്ങൾ. ഇത് കണക്കിലെടുത്താണ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |