
കൊച്ചി: സ്വന്തംകാലിൽ നിൽക്കാനൊരു തൊഴിൽ തിരഞ്ഞെടുത്ത സംഗീത സുനിലും അഖിലമോളും മത്സ്യമേഖലയിൽ വിജയം കൊയ്ത സംരംഭകരാണിപ്പോൾ. സംരംഭകർക്കപ്പുറം മറ്റുള്ളവർക്ക് ഉപദേശകരും കൈത്താങ്ങുമാണ് ഇരുവരും. മത്സ്യമേഖലയിൽ വിജയം നേടിയ ഇരുവരെയും തിങ്കളാഴ്ച നടക്കുന്ന വനിതാദിനാഘോഷ പരിപാടിയിൽ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ) ആദരിക്കും.
മൂല്യവർദ്ധിത മത്സ്യഉത്പന്നങ്ങളും വിപണനവുമാണ് സംഗീത സുനിലിന്റെ മേഖല. 'സാൾട്ട് എൻ സ്പൈസി' എന്ന സ്വന്തം ബ്രാൻഡിൽ ഉണക്ക ചെമ്മീൻ, മീൻ അച്ചാറുകൾ, കട്ലറ്റ്, ചട്ണി പൊടി, കടൽവിഭവങ്ങൾ തുടങ്ങിയ നിരവധി തനത് ഉത്പന്നങ്ങൾ വികസിപ്പിച്ചു. തദ്ദേശീയ വിഭവങ്ങൾ അനുയോജ്യമായ വിപണനരീതികൾ ഉപയോഗിച്ച് ബിസിനസ് വിജയകരമാക്കി. ഹൈക്കോടതിക്ക് സമീപത്തെ സി.എം.എഫ്.ആർ.ഐയുടെ കാർഷിക സാങ്കേതികവിദ്യാ വിവരകേന്ദ്രത്തിന്റെ വിപണന കേന്ദ്രത്തിൽ വൈപ്പിൻ നായരമ്പലം സ്വദേശിനിയായ സംഗീതയുടെ ഉത്പന്നങ്ങൾ ലഭ്യമാണ്.
കുട്ടികളുടെ പഠനം വഴിമുട്ടാതിരിക്കാനാണ് കൊടുങ്ങല്ലൂർ സ്വദേശിനി എം.എ അഖിലമോൾ മത്സ്യകൃഷിയിലേക്ക് തിരിയുന്നത്. മീൻവളലർത്തിലിന്റെ ശാസ്ത്രീയരീതികളും വൈദഗ്ദ്ധ്യവും പ്രയോജനപ്പെടുത്തിയപ്പോൾ വരുമാനം മെച്ചപ്പെട്ടു. പിന്നാലെ, കൺസൽട്ടൻസി സേവനത്തിലൂടെ മറ്റുള്ളവരെ മത്സ്യകൃഷിയിൽ സഹായിക്കാനും തുടങ്ങി. ഒരേക്കറിൽ സംയോജിത മത്സ്യകൃഷി നടത്തുന്നുണ്ട്. കരിമീൻ, കാളാഞ്ചി എന്നിവയ്ക്കൊപ്പം താറാവ്, കോഴി വളർത്തലും പച്ചക്കറി, പുഷ്പകൃഷിയുമുണ്ട്. കായലിൽ കൂടുമത്സ്യകൃഷിയും പൊന്നൂസ് അക്വാക്ലിനിക് എന്ന കൺസൽട്ടൻസി സേവനവും അഖിലമോൾ നൽകുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |