
കൊച്ചി: മകൾ ഭിന്നശേഷിക്കാരിയാണെന്ന് അറിഞ്ഞപ്പോൾ വീടിന്റെ മൂലയ്ക്കിരുത്തി വളർത്താൻ ഡോക്ടർ ഉപദേശിച്ചു. നാട്ടുകാരിൽ ചിലരെങ്കിലും നിരുത്സാഹപ്പെടുത്തി. എന്നാൽ വടക്കൻപറവൂർ സ്വദേശി ശങ്കരനാരായണ അയ്യരും തിരുവനന്തപുരം സ്വദേശിയായ ഭാര്യ രാജേശ്വരിയും തളർന്നില്ല. ഇന്ന് റെക്കാഡ് ബുക്കിൽ വരെയെത്തിയ ദിവ്യയുടെ (20) ഭരതനാട്യ, മോഹിനിയാട്ട കച്ചേരികൾ കാണുമ്പോൾ അഭിമാനത്തോടെ മകളെ ചേർത്തുനിറുത്തി അവർ പറയുന്നു, മാറ്റിനിറുത്തേണ്ടവരല്ല ഈ ഭാഗ്യജന്മങ്ങൾ.
2019ൽ രണ്ടു മണിക്കൂറിലേറെ ഭരതനാട്യവും ജനുവരിയിൽ ഒന്നര മണിക്കൂറിലേറെ മോഹിനിയാട്ടവും അവതരിപ്പിച്ച് ദിവ്യ ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്‌സിൽ ഇടംനേടി. 2022ൽ വനിതാ - ശിശുക്ഷേമ വകുപ്പിന്റെ ഉജ്ജ്വലബാല്യം പുരസ്‌കാരം ലഭിച്ചു. 110 വേദികൾ ഇതിനോടകം പിന്നിട്ടു. നൃത്താദ്ധ്യാപിക ആകണമെന്നാണ് ആഗ്രഹം.
85 ശതമാനം ഭിന്നശേഷിയുള്ള ദിവ്യ തൃപ്പൂണിത്തുറ ആർ.എൽ.വിയിൽ രണ്ടാംവർഷ ഭരതനാട്യ വിദ്യാർത്ഥിനിയാണ്. മകളുടെ പഠനത്തിനായി തൃപ്പൂണിത്തുറയിൽ വാടകയ്ക്ക് താമസിക്കുകയാണ് കുടുംബം. ദിവ്യയെ മാറ്റിയെടുക്കുന്നതിൽ എൻജിനിയറായ സഹോദരൻ ശരത് വലിയ പങ്കുവഹിച്ചതായി ടാക്സ് പ്രാക്ടീഷണറായ ശങ്കരനാരായണൻ പറയുന്നു.
നൃത്തംതന്നെ ജീവിതം
ആറാം മാസത്തിലാണ് ദിവ്യ ജനിച്ചത്. ഏഴു വയസുവരെ നടന്നിട്ടില്ല. എപ്പോഴും ഉമിനീരൊഴുകും. ഫിസിയോ, സ്പീച്ച് തെറാപ്പികളിലൂടെ അത് മാറ്റിയെടുത്തു. ചെറുപ്പത്തിൽ നൃത്തം കാണുമ്പോൾ ശബ്ദമുണ്ടാക്കുകയും കൈകാലുകൾ ചലിപ്പിക്കുകയും ചെയ്യുമായിരുന്നു. ഒരിക്കൽ പറവൂർ അംബേദ്കർ പാർക്കിൽ നൃത്തം കാണുന്നതിനിടെ ചുവടുകൾവച്ച ദിവ്യ, നർത്തകിമാരുടെ ശ്രദ്ധ തെറ്റിക്കുന്നു എന്നുപറഞ്ഞ് അദ്ധ്യാപകർ ദേഷ്യപ്പെട്ടു. ഇതേത്തുടർന്ന് മകളെ നൃത്തം പഠിപ്പിക്കാൻ ശങ്കരനാരായണൻ തീരുമാനിച്ചു.
പറവൂർ സിന്ധു, സീമ എന്നിവരാണ് ആദ്യഗുരുക്കന്മാർ. കാലുകൾക്ക് ബലമില്ലാതെ ആദ്യമൊക്കെ തളർന്നിരുന്നു. പിന്നീട് ക്രമേണ മറ്റു കുട്ടികൾക്കൊപ്പമെത്തി. കണ്ണുകളുടെയും ശരീരത്തിന്റെയും ചലനങ്ങൾ സ്വാഭാവികമായി. പരിശീലനത്തിലൂടെ വിരലുകൾക്ക് ചലനശേഷി ലഭിച്ചു. ബാദുഷ സുൽത്താൻ ഭരതനാട്യവും ബി. അമൃത മോഹിനിയാട്ടവും പഠിപ്പിക്കുന്നുണ്ട്. കുച്ചിപ്പുടി, സിനിമാറ്റിക് ഡാൻസുകൾ എന്നിവയും അവതരിപ്പിച്ചു. രണ്ടുമാസം മുൻപ് വയലിൻ പഠനവും തുടങ്ങി.
'കമലദളം" ഇഷ്ടം,
ലാലേട്ടനെ ഒരുപാടിഷ്ടം
മോഹൻലാൽ, ശോഭന, മഞ്ജുവാര്യർ എന്നിവരാണ് ഇഷ്ടനർത്തകർ. മോഹൻലാലിന്റെ 'കമലദളം" ഇടയ്ക്കിടെ കാണും. അദ്ദേഹത്തിനുമുന്നിൽ നൃത്തം അവതരിപ്പിക്കണമെന്നാണ് ആഗ്രഹം. സിനിമയിലെ ഡയലോഗുകൾ പഠിച്ച് അവതരിപ്പിക്കുന്നതാണ് മറ്റൊരിഷ്ടം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |