
കൊച്ചി: സംസ്ഥാനത്ത് ഒന്നിലധികം തവണ മയക്കുമരുന്നുമായി എക്സൈസിന്റെ പിടിയിലായത് 497 പേർ. 242 പേരും 5 ലധികം കേസുകളിൽ പ്രതികൾ. 11 സ്ത്രീകളും ഒന്നിലേറെ തവണ അറസ്റ്റിലായി. തുടർച്ചയായി ലഹരിക്കേസിൽ പ്രതികളാകുന്നവർക്കെതിരെ നടപടി ശക്തമാക്കുന്നതിന് എക്‌സൈസ് തയ്യറാക്കിയ റിപ്പോർട്ടിലാണ് വിവരം.
ഇരട്ടി ലാഭമാണ് ആളുകളെ വീണ്ടും ലഹരിക്കച്ചവടത്തിന് പ്രേരിപ്പിക്കുന്നത്. കുറ്രം ആവർത്തിക്കുന്നവരുടെ എണ്ണം ഗണ്യമായി വർദ്ധിച്ചതോടെ പിറ്റ് എൻ.ഡി.പി.എസ് ആക്ട് ചുമത്തി പ്രതികളെ ജയിലടയ്ക്കുന്നുണ്ട്. ഒരുവർഷം വരെ കരുതൽ തടങ്കലിൽ വയ്ക്കാൻ സാധിക്കും.
കൊല്ലമാണ് പട്ടികയിൽ മുന്നിൽ. 74 പേർ ഒന്നിലധികം തവണ കേസിൽ കുടുങ്ങി. 44 പേർക്ക് അഞ്ചിലധികം കേസുകളുണ്ട്. കോട്ടയമാണ് രണ്ടാമത്. 69 പേർ. 5 അധികം കേസുകളിലുള്ളവർ 27 പേർ.
ലഹരി ഹബ്ബെന്ന് കുപ്രസിദ്ധിയുള്ള എറണാകുളമാണ് മൂന്നാമത്. 24 പേർ അഞ്ചിലധികം കേസുകളിൽ അറസ്റ്റിലായി. ആകെ 56 പേരാണുള്ളത്. കാസർകോടാണ് എറ്റവും കുറവ്. 10 പേർ. ഇതിൽ നാലുപേർ അഞ്ചിലധികം തവണ അറസ്റ്റിലായി.
ജില്ലാതലത്തിൽ പട്ടിക ശേഖരിക്കും
പതിവായി ലഹരിക്കേസുകളിൽ കുടുങ്ങുന്നവരുടെ പട്ടിക ജില്ലാതലത്തിൽ ശേഖരിക്കും. ശേഷം എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ പരിശോധിച്ച് ജോയിന്റ് എക്‌സൈസ് കമ്മിഷണർക്ക് റിപ്പോർട്ട് കൈമാറും. ഇവിടെയും പരിശോധിക്കും. പിന്നീട് എക്‌സൈസ് കമ്മിഷണറുടെ കൈയിലെത്തും. ആഭ്യന്തര സെക്രട്ടറിയടങ്ങുന്ന കമ്മിറ്രിയാണ് പ്രതിക്കെതിരെ പിറ്റ് എൻ.ഡി.പി.എസ് ആക്ട് ചുമത്താൻ അന്തിമാനുമതി നൽകുന്നത്
23 കേസ്
23 തവണ അറസ്റ്റിലായ കണ്ണൂർ സ്വദേശി മുഹമ്മദ് അസ്ലമാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ തവണ ലഹരിക്കേസിൽ പിടിയിലായത്. പാലക്കാട് സ്വദേശി കുറപ്പത്താളാണ് കണക്കിൽ രണ്ടാമത്. 19 കേസ്. 12 കേസുള്ള മലപ്പുറംകാരനായ ജമാലാണ് മൂന്നാമത്. 11 കേസുള്ള പാലക്കാട് സ്വദേശിനി കവിതയാണ് സ്ത്രീകളിൽ മുന്നിൽ.
ലഹരിക്കേസിൽ ഒന്നിലേറെ
തവണ ഉൾപ്പെട്ടവർ
ജില്ല , കേസ്
തിരുവനന്തപുരം - 26
കൊല്ലം - 74
പത്തനംതിട്ട - 25
ആലപ്പുഴ - 28
കോട്ടയം - 69
ഇടുക്കി - 23
എറണാകുളം- 56
തൃശൂർ- 39
പാലക്കാട് - 31
മലപ്പുറം - 53
കോഴിക്കോട് - 17
വയനാട് - 16
കണ്ണൂർ - 30
കാസർകോട് - 10
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |