
ആലുവ: കുട്ടിക്കർഷകർ മുതൽ വൃദ്ധർ വരെ നെൽ പാടത്തേക്ക് ഇറങ്ങിയതോടെ കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിൽ കാർഷിക വിപ്ലവത്തിന്റെ പുതുമോഡൽ. 16 ഏക്കറിൽ മാത്രമായിരുന്ന നെൽക്കൃഷി നാല് വർഷം കൊണ്ട് 412 ഏക്കറിലേക്കാണ് ഉയർത്തിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിലിന്റെ നേതൃത്വത്തിൽ തരിശുകിടക്കുന്ന വയലുകളിൽ കൃഷിയാരംഭിക്കുകയായിരുന്നു.
നെൽകൃഷിയുടെ ഈറ്റില്ലമായിരുന്ന കടുങ്ങല്ലൂരിൽ 2020ൽ സുരേഷ് മുട്ടത്തിൽ ചുമതലയേൽക്കുമ്പോൾ നെൽകൃഷി 16 ഏക്കറിലായിരുന്നു. മുന്നര പതിറ്റാണ്ടോളം തരിശ് കിടന്നിരുന്ന പാടശേഖരങ്ങളിലെല്ലാം പിന്നീട് കൃഷിയാരംഭിച്ചു. വിവിധ പദ്ധതികളിൽ ആവശ്യമായ പണം നൽകി. കൃഷിഭവൻ മുഖേന വളവും നൽകി.
സപ്ലൈയ്ക്കോയ്ക്ക് 1289.425 ടൺ നെല്ല്
കഴിഞ്ഞ മൂന്ന് വർഷം കടുങ്ങല്ലൂർ പഞ്ചായത്തിൽ നിന്ന് 1289.425 ടൺ നെല്ല് സപ്ളൈക്കോയ്ക്ക് നൽകി. 3,72,64, 382.5 രൂപ ലഭിച്ചു. 2021-22ൽ 347.5 ഏക്കറിലേക്കും 23ൽ 405 ഏക്കറിലേക്കും നെൽകൃഷി വ്യാപിപ്പിച്ചു. 24ൽ 350 ഏക്കറായി കുറഞ്ഞെങ്കിലും 25ൽ 412 ഏക്കറിലേക്ക് ഉയർത്തി. ഇടയാറ്റുചാലിൽ 4.5 ലക്ഷം രൂപ മുടക്കി ട്രാൻസ്ഫോർമർ സ്ഥാപിച്ചു. ഇറിഗേഷൻ വകുപ്പ് ഡീവാട്ടറിംഗ് പമ്പും 14 മോട്ടോർ പമ്പ് സെറ്റുകളും സ്ഥാപിച്ചതും കൃഷിക്ക് സഹയകരമായി.
ആഘോഷമായി ചാൽ കൊയ്ത്തുത്സവം
കടുങ്ങല്ലൂർ നിവാസികൾക്ക് ആഘോഷമായി കടുങ്ങല്ലൂർ ചാൽ കൊയ്ത്തുത്സവം നടന്നു. മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ അദ്ധ്യക്ഷയായി. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ്, ജില്ലാ പഞ്ചായത്ത് അംഗം യേശുദാസ് പറപ്പിള്ളി, ബ്ലോക്ക് മെമ്പർമാരായ കെ.ആർ. രാമചന്ദ്രൻ, അനിൽകുമാർ, ടി.കെ. ഷാജഹാൻ, ഓമന ശിവശങ്കരൻ, ബേബി സരോജം, സജിത അശോകൻ, കൃഷി ഓഫീസർ നയിമ നൗഷാദ് അലി തുടങ്ങിയവർ പങ്കെടുത്തു.
ഓപ്പറേഷൻ വാഹിനി പദ്ധതിയിൽ ഉൾപ്പെടുത്തി മൈനർ ഇറിഗേഷൻ വകുപ്പ് ഏലപ്പാടം, കടുങ്ങല്ലൂർചാൽതോട് വൃത്തിയാക്കി നീരൊഴുക്ക് വർദ്ധിപ്പിച്ചതിനെ തുടർന്നാണ് 150 എക്കർ വരുന്ന കടുങ്ങല്ലൂർചാലിൽ 100 ഏക്കറിൽ കുട്ടനാടൻ കർഷകരുടെ സഹായത്തോടെ കൃഷി ചെയ്യാനായത്.
സുരേഷ് മുട്ടത്തിൽ
പ്രസിഡന്റ്
കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത്
കൃഷി ചെയ്യുന്ന പാടശേഖരങ്ങൾ
ഇടയാറ്റുച്ചാൽ
ഏലപ്പാടം
കടങ്ങല്ലൂർചാൽ
മുണ്ടക്കമാലി
പടിഞ്ഞാറെ കടുങ്ങല്ലൂർ മുണ്ടോപ്പാടം
മുപ്പത്തടം കാച്ചപ്പിള്ളിചാൽ
ഏലൂക്കര കൈനറ്റിക്കര വെൺമണിക്കചാൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |