
കൊച്ചി: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം തസ്തികയിലെ നിയമനവുമായി ബന്ധപ്പെട്ട് മുൻ ഹൈക്കോടതി വിധികളൊന്നുമുണ്ടായിട്ടില്ലെന്ന് ദേവസ്വം ഭരണസമിതി അംഗം അഡ്വ.കെ.ജി. അജയകുമാർ. ക്ഷേത്രത്തിലെ രണ്ടു മാസത്തെ പാരമ്പര്യ കഴക അവകാശി മാത്രമായ ടി.വി. ഹരികൃഷ്ണൻ നൽകിയ ഹർജിയിൽ ഹൈക്കോടതിയുടെ നോട്ടീസാണ് ലഭിച്ചത്. വിശദീകരണമെന്നും കോടതി തേടിയിട്ടില്ല. കൂടൽമാണിക്യത്തിലെ കാരായ്മ അവകാശത്തിന്റെ പേരിൽ തെറ്റായ പ്രചാരണങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേസ് ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും.
റെഗുലേഷൻസ് പ്രകാരം ഭരണം
കൂടൽമാണിക്യം ദേവസ്വം റെഗുലേഷൻസ് പ്രകാരമാണ് ക്ഷേത്രഭരണം നടത്തുന്നത്. 2005ൽ റെഗുലേഷൻ ഭേദഗതി ചെയ്തു. ഇതു പ്രകാരം രണ്ട് മാസ കാരായ്മയുള്ള തെക്കേവാര്യത്തിന് മാത്രമാണ് പരമ്പര്യാവകാശം അവശേഷിക്കുന്നത്. പത്ത് മാസത്തെ കഴകം സ്ഥിരം തസ്തികയാക്കി. സ്ഥിരം തസ്തികയ്ക്ക് ദേവസ്വം നേരിട്ടാണ് നിയമനം. പത്തുമാസത്തെ കഴകാവകാശമുണ്ടായിരുന്ന അറയ്ക്കൽ പിഷാരത്തിന്റെയും കൃഷ്ണപിഷാരത്തിന്റെയും കാരായ്മ 1984ൽ അവസാനിച്ചു. തുടർന്ന് വടക്കേപട്ടത്തെ വി.പി. രാമചന്ദ്രൻ നമ്പീശനെ 1984 ഏപ്രിൽ 22ന് അദ്ദേഹത്തിന്റെ അപേക്ഷ പ്രകാരം വേതനം പിന്നീട് നിശ്ചയിക്കുമെന്ന വ്യവസ്ഥയിൽ താത്കാലികാടിസ്ഥാനത്തിൽ നിയമിച്ചു. അന്ന് 200 രൂപ ജാമ്യസംഖ്യയും രാമചന്ദ്രൻ നമ്പീശൻ അടച്ചു. ശമ്പളം കൂടാതെ രണ്ട് പിഷാരങ്ങൾക്കും അർഹതപ്പെട്ട നിവേദ്യചോറും അദ്ദേഹത്തിന് നൽകാൻ അന്ന് തീരുമാനമായി.
പ്രചാരണങ്ങൾ തെറ്റെന്ന്
2020 ജനുവരി 31ൽ വിരമിച്ച രാമചന്ദ്രൻ നമ്പീശൻ ഇപ്പോൾ പെൻഷനും വാങ്ങുന്നുണ്ട്. കാരായ്മക്കാർക്ക് പെൻഷനില്ല. വടക്കേപട്ടം, വേളൂക്കര പട്ടം എന്നീ കുടുംബങ്ങൾക്ക് പത്തുമാസത്തെ കഴകം കാരായ്മ അവകാശം കൈമാറിയെന്നും മറ്റും പ്രചരിപ്പിക്കുന്നത് തെറ്റിദ്ധരിപ്പിക്കാനാണ്. പാരമ്പര്യാവകാശമായ കാരായ്മ കൈമാറ്റം ചെയ്യാവുന്നതല്ലെന്നും അഡ്വ.കെ.ജി. അജയകുമാർ പറഞ്ഞു.
ജോലി ചെയ്തത് കാരായ്മക്കാരല്ലെന്ന്
രാമചന്ദ്രൻ നമ്പീശൻ വിരമിച്ച ശേഷം 2020 മുതൽ വടക്കേ വാര്യത്തെ രാജേഷും പിന്നീട് അദ്ദേഹത്തിന്റെ സഹോദരൻ രഞ്ജിത്തുമാണ് ഈഴവ സമുദായാംഗമായ ബി.എ. ബാലു ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വഴി ഫെബ്രുവരി 24ന് ജോലിക്കെത്തുന്നതു വരെ കഴകം നിർവഹിച്ചിരുന്നത്. പത്തു മാസ കഴകം തസ്തികയിൽ 41 വർഷം കാരായ്മക്കാരല്ല ജോലി ചെയ്തത്. കാരായ്മ പദവികളിൽ മാത്രമാണ് നിയമനത്തിന് തന്ത്രിമാരുടെ അനുമതി വേണ്ടത്. സ്ഥിരം നിയമനം കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വഴി ദേവസ്വം നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |