
പെരുമ്പാവൂർ: പോങ്ങൻ ചുവട്, താള് കണ്ടം ആദിവാസി കുടിയിലുള്ളവർക്ക് യാത്രാ സൗകര്യമൊരുക്കി കെ.എസ്.ആർ.ടി.സി ബസ് സർവീസ് ആരംഭിക്കുന്നു. ദുർഘടമായ കാട്ടുപാതയിലൂടെയാണ് അഞ്ചു പതിറ്റാണ്ടായി ഇവർ സഞ്ചരിച്ചിരുന്നത്. നാളെ രാവിലെ 9.30 ന് കോതമംഗലം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്ന് ആദിവാസി കുടികളിലേക്കുള്ള ബസ് സർവീസ് എം.എൽ.എമാരായ ആന്റണി ജോണും എൽദോസ് കുന്നപ്പള്ളി എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്യും. ഇരുവരുടെയും ശ്രമഫലമാണ് കുടികളിലെ യാത്രാദുരിതത്തിന് അറുതിയാകുന്നത്. പെരുമ്പാവൂർ, കോതമംഗലം നിയോജക മണ്ഡലത്തിലുള്ള രണ്ട് ഊരുകളും തമ്മിൽ ഒരു കിലോ മീറ്റർ വ്യത്യാസമുണ്ട്.
1971 ൽ ഇടമലയാർ ഡാം പണിയുന്ന കാലഘട്ടത്തിൽ ഡാമിന്റെ ക്യാച്ച് മെന്റ്ഏരിയയിൽ താമസിച്ചിരുന്ന 200 ഓളം കുടുംബങ്ങളെയാണ് ഇടമലയാറിൽ നിന്ന് 12 കിലോമീറ്റർ അകലെയുള്ള പോങ്ങൻ ചുവട് താളുകണ്ടം എന്നീ സ്ഥലങ്ങളിലായി മാറ്റിപ്പിച്ചത്. അക്കാലയളവിൽ ഇടമലയാർ നിന്ന് തിരുവനന്തപുരത്തിന് രണ്ട് ബസ് സർവീസ് ഉൾപ്പെടെ 12 സർവീസുകൾ ഉണ്ടായിരുന്നെങ്കിലും കാലക്രമേണ അവയെല്ലാം നിലച്ചു പോവുകയായിരുന്നു.
ട്രയൽ റൺ നടത്തി
കഴിഞ്ഞ വർഷം നവംബറിൽ കെ.എസ്.ആർ.ടി.സി ബസ് സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായി ട്രയൽ റൺ ആരംഭിച്ചിരുന്നു. 2018 യിൽ വൈശാലി ഗുഹ വരെ കെ.എസ്.ആർ.ടി.സി ട്രെയ്ൽ റൺ നടത്തിയിരുന്നെങ്കിലും പിന്നീട് സർവീസ് ആരഭിക്കാതിരിക്കുകയുമായിരുന്നു. 1980 നു മുമ്പുള്ള വഴി എന്നുള്ള രീതിയിൽ വനംവകുപ്പിന്റെ അനുമതി ആവശ്യമില്ലാ എന്ന നിലപാടാണ് എം.എൽ.എമാർ ഉയർത്തിയതെങ്കിലും, 2.8 കിലോമീറ്റർ ദൂരത്തിൽ റോഡ് വിട്ടു നൽകാമെന്ന് കളക്ടറുടെയും മന്ത്രിയുടെയും സാന്നിദ്ധ്യത്തിൽ മലയാറ്റൂർ ഡി.എഫ്.ഒ ഉറപ്പു നൽകിയതോടെയാണ് ഊരിന്റെ യാത്രാ ക്ലേശം മാറുന്നത്.
ബസ് സർവീസ് ഇങ്ങനെ:
പോങ്ങൻ ചുവട് ആദിവാസി കുടിയിൽ നിന്നും രാവിലെ ആറു മണിക്ക് എറണാകുളത്തേക്ക് ബസ് പുറപ്പെടും. എട്ടേകാലിന് കോതമംഗലത്ത് എത്ര തക്ക വിധവും തുടർന്ന് കാക്കനാട് കളക്ടറേറ്റിൽ 9.50ന് എത്തുകയും പത്തേ കാലിന് എറണാകുളത്ത് എത്തക്ക വിധവും ആണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. വൈകിട്ട് 5.10 ന് കോതമംഗലം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് ഇടമലയാർ വഴി സഞ്ചരിക്കുന്ന ബസ് ഏഴുമണിക്ക് പോങ്ങൻ ചുവട് ആദിവാസി കേന്ദ്രത്തിൽ എത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |